മറ്റൊരു സിനിമക്ക് വേണ്ടിയും അച്ഛന്‍ ഇത്രയും പ്രിപ്പെയര്‍ ചെയ്യുന്നത് കണ്ടിട്ടില്ല, ആ സിനിമ നടക്കാത്തതില്‍ അദ്ദേഹം ഒരുപാട് വിഷമിച്ചിരുന്നു: ബിനു പപ്പു
Entertainment news
മറ്റൊരു സിനിമക്ക് വേണ്ടിയും അച്ഛന്‍ ഇത്രയും പ്രിപ്പെയര്‍ ചെയ്യുന്നത് കണ്ടിട്ടില്ല, ആ സിനിമ നടക്കാത്തതില്‍ അദ്ദേഹം ഒരുപാട് വിഷമിച്ചിരുന്നു: ബിനു പപ്പു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th October 2022, 11:38 am

ചുരുങ്ങിയ കാലം കൊണ്ട് മലയാളികള്‍ക്ക് പ്രിയങ്കരനായ നടനാണ് ബിനു പപ്പു. തന്റെ അച്ഛന്‍ കുതിരവട്ടം പപ്പു മരിക്കുന്നതിന് മുമ്പുള്ള അവസാന നാളുകളിലെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ബിനു. സിനിമയായിരുന്നു പപ്പുവിന്റെ ജീവിതമെന്നും മരിക്കുന്നതിന് മുമ്പ് രഞ്ജിത്തിന്റെ ഒരു സിനിമയില്‍ അഭിനയിക്കാന്‍ കഴിയാത്തതിന്റെ വിഷമം അദ്ദേഹത്തിനുണ്ടായിരുന്നെന്നും മാതൃഭൂമി ഡോട്ട് കോമിനോട് ബിനു പപ്പു പറഞ്ഞു.

”അവസാന നിമിഷം രണ്ട്, മൂന്ന് സിനിമകള്‍ അച്ഛന് നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ സമയത്താണ് അച്ഛന് സുഖമില്ലാതെയാകുന്നത്. സുന്ദര കില്ലാടി സിനിമയുടെ സെറ്റില്‍ നിന്നും അച്ഛന്‍ നേരെ പോയത് സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ സെറ്റിലേക്കാണ്.

ആദ്യ ദിവസം അഭിനയിച്ച് തീരെ വയ്യാഞ്ഞിട്ട് തിരിച്ച് വന്നതാണ്. ന്യൂമോണിയയായിരുന്നു അച്ഛന്, പക്ഷേ മനസിലായില്ലായിരുന്നു. ഒരു സിനിമയും നഷ്ടപ്പെടുന്നത് അച്ഛന് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്.

ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍ ഫസ്റ്റ് ടൈം തന്നെ പറഞ്ഞത് തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് ഉറപ്പില്ലയെന്നാണ്. പക്ഷേ ഭാഗ്യം കൊണ്ട് അച്ഛന്‍ വീണ്ടും തിരിച്ചു പഴയത് പോലെ വന്നു. എന്നാലും അദ്ദേഹത്തിന് ഒരുപാട് ഹെല്‍ത്ത് ഇഷ്യൂസ് ഉണ്ടായിരുന്നു. ട്രാവല്‍ ചെയ്യാന്‍ പറ്റില്ല.

ഫോണ്‍ വരുമ്പോഴേക്കും അച്ഛന്‍ ശ്രദ്ധിക്കുമായിരുന്നു. അദ്ദേഹത്തെ ചോദിച്ചു തന്നെയാണ് പല കോളും വന്നിരുന്നത്. ഡോക്ടേര്‍സ് പറഞ്ഞ പ്രകാരം അച്ഛന്‍ കേള്‍ക്കാതെ ഞങ്ങള്‍ പറയും സിനിമയിലേക്ക് അച്ഛനില്ല അദ്ദേഹത്തിന് തീരെ യാത്ര ചെയ്യാന്‍ പറ്റില്ലെന്ന്.

അദ്ദേഹം എപ്പോള്‍ ഫോണ്‍ വന്നാലും ആരാണ് വിളിച്ചതെന്ന് ചോദിക്കും ഞങ്ങള്‍ അദ്ദേഹത്തോട് കളവ് പറയും. അച്ഛന്‍ അറിഞ്ഞാല്‍ ആ സമയം തന്നെ പെട്ടി എടുത്ത് ഇറങ്ങും. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സിനിമയില്‍ അഭിനയിക്കുക അതാണ് ജീവിതം. കാരണം അത്രയും ചെറുപ്പം തൊട്ട് നാടകം, ഏകാംഗനാടകം പിന്നെ സിനിമയിലെത്തി. പിന്നീട് സിനിമയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

മരിക്കുന്നതുവരെ അഭിനയിക്കണം എന്നാഗ്രഹിക്കുന്ന പാഷനേറ്റ് ആയ വ്യക്തിയായിരുന്നു അദ്ദേഹം. അത്രയും ആഗ്രഹത്തോടെ അച്ഛന്‍ ചെയ്യാനിരുന്ന ഒരു വേഷമുണ്ടായിരുന്നു. രഞ്ജിത്ത് ഏട്ടന്‍ സംവിധാനം ചെയ്യാന്‍ വേണ്ടി ഇരുന്ന, രാവണ പ്രഭുവിന് മുമ്പേ ഉള്ള സിനിമ.

അച്ഛനും സുകുമാരി ചേച്ചിയും പെയറായിട്ടുള്ള എസ്.എം. സ്ട്രീറ്റിലെ ഒരു ചെരുപ്പ് കുത്തിയുടെ കഥ. അച്ഛന്‍ ചെരുപ്പ് കുത്തിയും സുകുമാരി ചേച്ചി ഭാര്യയും ആയിട്ടുളള കഥ. ആ സിനിമക്ക് ആയി അച്ഛനെ ചെരുപ്പ് തുന്നുന്നത് പഠിപ്പിക്കാന്‍ ഡെയിലി ഒരാള്‍ വരുമായിരുന്നു. ആ സാധനങ്ങളെല്ലാം വീട്ടിലിപ്പോഴും കിടപ്പുണ്ട്.

രഞ്ജിത്തേട്ടനും പറഞ്ഞ് ഞാന്‍ കേട്ടിട്ടുണ്ട് ആ സിനിമ അദ്ദേഹത്തിന്റെയും ഡ്രീം പ്രൊജക്ടായിരുന്നുവെന്ന്. അത് അച്ഛന് ഭയങ്കര വിഷമമായിരുന്നു. സാധാരണ ഒരു സിനിമക്ക് വേണ്ടി വീട്ടില്‍ വെച്ച് അച്ഛന്‍ ഇത്രയും പ്രിപ്പെയര്‍ ചെയ്യുന്നത് കണ്ടിട്ടില്ല. സിനിമക്ക് വേണ്ടി രാവിലെ വീട്ടില്‍ നിന്നും പോകും അല്ലെങ്കില്‍ മാസങ്ങള്‍ കഴിഞ്ഞിട്ടാണ് വരുക. അങ്ങനെയൊരു പാറ്റേണ്‍ ആണ് അച്ഛന് സാധാരണ. അതു ചെയ്യാന്‍ പറ്റാത്തതില്‍ അദ്ദേഹം ഒരുപാട് വിഷമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്,” ബിനു പപ്പു പറഞ്ഞു.

content highlight: actor binu pappu about his father kuthiravattam pappu’s last time