മായാനദി എന്ന സിനിമ ചെയ്തു കഴിഞ്ഞപ്പോഴാണ് സിനിമയില്‍ താന്‍ തുടരണമെന്ന് തീരുമാനിക്കുന്നതെന്ന് പറയുകയാണ് ബിനു പപ്പു. അതുവരെ സിനിമയാണ് തന്റെ മേഖലയെന്ന് താന്‍ ഉറപ്പിച്ചിരുന്നില്ലെന്നും ബിനു പറയുന്നു.
ഒപ്പം മായാനദിയിലെ ബേസില്‍ ജോസഫിന്റെ ഒരു ഡയലോഗിനെ കുറിച്ചും റെഡ് എഫ്. എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ബിനു പപ്പു സംസാരിക്കുന്നുണ്ട്.
മായാനദിയില്‍ ബേസിലിന്റെ കഥാപാത്രം മലയാള സിനിമ നശിച്ചുപോട്ടെ എന്നൊരു ഡയലോഗ് പറയുന്നുണ്ട്. നശിച്ചുപോട്ടെ എന്ന് മാത്രമായിരുന്നു ആദ്യത്തെ ഡയലോഗെന്നും മലയാള സിനിമ നശിച്ചുപോട്ടെ എന്ന് പറയാന്‍ ആവശ്യപ്പെട്ടത് ബിനു പപ്പുവാണെന്നും ഒരു അഭിമുഖത്തില്‍ ബേസില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിനു പപ്പു.
മായാനദിയെ കുറിച്ച് പറയുമ്പോള്‍ ആ സിനിമയില്‍ ബേസില്‍ പറയുന്ന ഒരു ഡയലോഗാണ് മലയാള സിനിമ നശിച്ചുപോട്ടെ എന്നത്. നശിച്ചുപോട്ടെ എന്ന് പറയാനായിരുന്നു ശ്യാമേട്ടന്‍ ബേസിലിനോട് പറഞ്ഞത്.
പുള്ളി ഡയറക്ടറുടെ സ്വാതന്ത്ര്യത്തില്‍ പോയി കൈ കടത്തിയിട്ട് ഫ്രസ്‌ട്രേറ്റഡ് ആയി പറയുന്നതാണ് ആ ഡയലോഗ്. ലാല്‍ മീഡിയയില്‍ വെച്ചാണ് നമ്മള്‍ അത് ഷൂട്ട് ചെയ്യുന്നത്. നശിച്ചുപോട്ടെ, നശിച്ചുപോട്ടെ എന്ന് ബേസില്‍ റിഹേഴ്‌സലില്‍ പറയുന്നതായി ഞാന്‍ കാണുന്നത്.
അതൊരു എവിഡന്റ് അല്ലാത്ത രീതിയിലാണ് അവന്‍ പറയുന്നത്. ടേക്കിന്റെ തൊട്ടുമുന്‍പ് ഞാന്‍ ബേസിലിന്റെ അടുത്ത് പോയി മലയാള സിനിമ നശിച്ചുപോട്ടെ എന്ന് പറയ് എന്ന് പറഞ്ഞു.
ഒരു പ്രാക്ക് പോലെ പറയാനാണ് പറഞ്ഞത്. ബേസില്‍ അത് പറയുകയും ചെയ്തു. അന്ന് അതിന്റെ യുക്തിയോ അതിന്റെ അപ്പുറത്തേക്കോ ഒന്നും ചിന്തിച്ചില്ല.
ആ മൊമന്റ് ഫണ്‍ ആയിരിക്കണം. അയാള്‍ അത്രയും ഫ്രസ്്‌ട്രേറ്റഡ് ആണല്ലോ. പിന്നെ അതൊരു പോസിറ്റീവായ പ്രാക്കായി മാറി.