ദുല്‍ഖറൊക്കെ ചെയ്യുമ്പോള്‍ ചാര്‍ളി, ബിബിന്‍ ജോര്‍ജ് ചെയ്യുമ്പോള്‍ അത് ബാര്‍ലി: ബിബിന്‍ ജോര്‍ജ്
Entertainment
ദുല്‍ഖറൊക്കെ ചെയ്യുമ്പോള്‍ ചാര്‍ളി, ബിബിന്‍ ജോര്‍ജ് ചെയ്യുമ്പോള്‍ അത് ബാര്‍ലി: ബിബിന്‍ ജോര്‍ജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 10th June 2025, 9:50 am

ബിബിന്‍ ജോര്‍ജ് കേന്ദ്ര കഥാപാത്രമായി ക്യാമ്പിങ് പശ്ചാത്തലത്തിലെത്തുന്ന ചിത്രമാണ് ‘കൂടല്‍’. ചെക്കന്‍ എന്ന സിനിമയ്ക്കു ശേഷം ഷാഫി എപ്പിക്കാട് രചന നിര്‍വഹിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനു കാക്കൂരും, ഷാഫി എപ്പിക്കാടും ചേര്‍ന്നാണ്.

അപരിചിതരായ ഒരു പറ്റം യുവതീയുവാക്കള്‍ ഒരു ക്യാമ്പിങ്ങില്‍ ഒരുമിച്ചു കൂടുന്നതും അന്നേ ദിവസം നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

എട്ടോളം പാട്ടുകളുമായെത്തുന്ന കൂടലിലെ ‘അന്തിമുല്ല പൂത്തേ’ എന്ന ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

കൂടല്‍ എന്ന ചിത്രത്തെ കുറിച്ചും ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളി എന്ന ചിത്രത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ബിബിന്‍ ജോര്‍ജ്.

കൂടലിലെ കോസ്റ്റിയൂം ചാര്‍ളിയില്‍ ഡി.ക്യു ഉപയോഗിച്ച തരം കോസ്റ്റിയൂമകളാണല്ലോ എന്ന ചോദ്യത്തിനായിരുന്നു ബിബിന്‍ ജോര്‍ജിന്റെ മറുപടി.

‘ഇതൊരു ക്യാമ്പിങ്ങിനെ ബേസ് ചെയ്തിട്ടുള്ള സിനിമയാണ്. ക്യാമ്പ് നടത്തുന്ന ആളായിട്ടാണ് എന്റെ ക്യാരക്ടര്‍ എത്തുന്നത്. ആ ടൈപ്പ് ഡ്രസുകളാണ് പടത്തില്‍ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.

ആദിത്യയാണ് കോസ്റ്റിയൂം ചെയ്തിരിക്കുന്നത്. ആ ഷോളൊക്കെ മൂന്ന് ദിവസം കൊണ്ടൊക്കെ വര്‍ക്ക് ചെയ്ത് എടുത്തതാണ്. പിന്നെ ഈ ഡി.ക്യൂവിന്റെ റഫറന്‍സ് പറഞ്ഞതുകൊണ്ട് ഞാന്‍ എല്ലായിടത്തും പറയുന്ന ഒരു കൗണ്ടര്‍ പറയാം.

ദുല്‍ഖറൊക്കെ ചെയ്യുമ്പോള്‍ അത് ചാര്‍ളി ബിബിന്‍ ജോര്‍ജ് ചെയ്യുമ്പോള്‍ അത് ബാര്‍ലി. അതിന് അപ്പുറമൊന്നും പ്രതീക്ഷിക്കരുത്. കഥയുമായി ബന്ധപ്പെട്ടുകൊണ്ടാണ് ആ കോസ്റ്റിയൂമൊക്കെ അങ്ങനെ വരുന്നത്,’ ബിബിന്‍ ജോര്‍ജ് പറഞ്ഞു.

വിനീത് തട്ടില്‍, വിജിലേഷ്, ഗജരാജ്, കെവിന്‍ പോള്‍, വിജയകൃഷ്ണന്‍, റാഫി, അഖില്‍ ഷാ, സാംജീവന്‍, മറീന മൈക്കിള്‍, നിയ വര്‍ഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പിഎം, അര്‍ച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടന്‍ കോഴിക്കോട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Content Highlight: Actor Bibin George about his New Movie koodal and Dulquer Salmaan