ആ ഓവറില്‍ 73 റണ്ണിന് ഞങ്ങള്‍ കളി തോറ്റു, സെറ്റില്‍ ക്രിക്കറ്റിന്റെ പേരില്‍ ഫുള്‍ അടിയാണ്; പക്ഷേ സിനിമക്ക് ക്രിക്കറ്റുമായി ഒരു ബന്ധവുമില്ല: ബേസില്‍ ജോസഫ്
Entertainment news
ആ ഓവറില്‍ 73 റണ്ണിന് ഞങ്ങള്‍ കളി തോറ്റു, സെറ്റില്‍ ക്രിക്കറ്റിന്റെ പേരില്‍ ഫുള്‍ അടിയാണ്; പക്ഷേ സിനിമക്ക് ക്രിക്കറ്റുമായി ഒരു ബന്ധവുമില്ല: ബേസില്‍ ജോസഫ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 17th October 2022, 2:35 pm

ബേസില്‍ ജോസഫും ദര്‍ശനയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് ജയ ജയ ജയ ജയ ഹേ. ചിത്രത്തിന്റെ ലൊക്കേഷനിലെ അനുഭവങ്ങള്‍ പങ്കുവെക്കാനെത്തിയിരിക്കുകയാണ് താരങ്ങള്‍. ഷൂട്ട് വേഗം തീര്‍ത്ത് ക്രിക്കറ്റ് കളിക്കലായിരുന്നു എല്ലാവരുടെയും ഇഷ്ട വിനോദമെന്നും താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ച് ചെയ്ത സിനിമ ജയ ജയ ജയ ജയ ഹേ ആണെന്നും റിപ്പോര്‍ട്ടര്‍ ടി.വിയോട് ബേസില്‍ പറഞ്ഞു.

”വൈകുന്നേരം ഷൂട്ടിങ് കഴിഞ്ഞിട്ട് എപ്പോഴും ക്രിക്കറ്റ് കളി ഉണ്ടായിരുന്നു. അസീസ്‌ക്ക ഞങ്ങളുടെ ടീമിന്റെ മെയിന്‍ പ്ലെയറാണ്. എല്ലാ ദിവസവും ഒരേ ടീമാണ്. ഒരു ടീമിന്റെ ക്യാപ്റ്റന്‍ ഞാനായിരുന്നു, മറ്റേ ടീമിന്റെ ക്യാപ്റ്റന്‍ ഡയറക്ടര്‍ വിപിന്‍ ചേട്ടനാണ്.

ആവേശം കൂടിയിട്ട് ഗ്രൗണ്ടിലും ടര്‍ഫിലും വെച്ചിട്ട് ഞങ്ങള്‍ ഭയങ്കര അടിയായിരുന്നു. ആള്‍ക്കാര്‍ കൂടി നിന്ന് ബേസില്‍ എടുത്ത് എറിയുന്നതിന്റെ റീല്‍സ് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു.

 

അസീസ്‌ക്ക ഞങ്ങളുടെ കീപ്ലെയറാണ് ടീമിന്റെ ധോണിയാണ് ഇദ്ദേഹം. ധോണി ബോള്‍ ചെയ്യില്ല പക്ഷേ അസീസ്‌ക്ക ബോളും ചെയ്യും. ഇക്ക സിക്‌സ് അടിക്കുകയും ചെയ്യും നന്നായി ബോളും ചെയ്യും. ഷൂട്ട് കഴിഞ്ഞ് അസീസ്‌ക്ക പോയപ്പോള്‍ ധോണിക്ക് പരിക്ക് പറ്റി പുറത്തുപോയ അവസ്ഥയായിരുന്നു. കീപ്ലെയറില്ലാതെ നമ്മള്‍ ഇനിയെന്ത് ചെയ്യും എന്ന് ഓര്‍ത്ത് വിഷമിച്ചിരിക്കുകയായിരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്റെ ടീമിലായിരുന്നു. വൈകുന്നേരമാകുമ്പോള്‍ തിരുവനന്തപുരം വീട്ടിലുള്ള അസീസ്‌ക്കയെ വിളിച്ച്, വരുന്നില്ലേയെന്ന് ചോദിക്കും. അങ്ങനെ അസീസ്‌ക്കക്ക് വേണ്ടി ഇന്നോവ വിട്ട് തിരുവനന്തപുരത്തു നിന്ന് ഇങ്ങോട്ട് വരുത്തും. തിരുവനന്തപുരത്തുള്ള അസീസ്‌ക്കയെ കൊല്ലത്ത് വിളിച്ചു വരുത്തി ഞങ്ങള്‍ ക്രിക്കറ്റ് കളിക്കുമായിരുന്നു.

ദിവസവും ഇങ്ങനെ വിളിച്ചു വരുത്തും. നാല് ദിവസം കഴിഞ്ഞ് ശരിക്കും ഷൂട്ടിന് വേണ്ടി വിളിച്ചപ്പോള്‍ കളിക്കാനാണെങ്കില്‍ ഞാനില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ കളിക്കാനല്ല ശരിക്കും ഷൂട്ടാണെന്ന് പറഞ്ഞ് വിളിച്ചു വരുത്തേണ്ടി വന്നു. കളിതോറ്റാല്‍ പിന്നെ ചെവിക്ക് സൈ്വര്യം തരില്ല. ദര്‍ശനയും രശ്മിയും ചിയര്‍ ഗേള്‍സാണ്.

വൈകുന്നേരമാകുമ്പോള്‍ നിര്‍മാതാവ് വരും. സാധാരണ നിര്‍മാതാവ് വരുമ്പോള്‍ നമ്മള്‍ എന്താണ് വിചാരിക്കുക, ഷൂട്ടിന്റെ കാര്യം പറയാനാണെന്നല്ലെ. പക്ഷേ ഇവിടെ നേരെ തിരിച്ചാണ് വേഗം തീര്‍ക്ക് എന്നാലല്ലെ കളി തുടങ്ങാന്‍ പറ്റുള്ളു. 5.30ന് ആണ് ടര്‍ഫ് ബുക്ക് ചെയ്തത്. വേഗം പോയി ഡ്രസ് മാറി വന്നാലെ നമുക്ക് കളി തുടങ്ങാന്‍ പറ്റു. ഷൂട്ടിന്റെ സാധനങ്ങളെല്ലാം കൊണ്ടു വെച്ചിട്ട് വേണം മറ്റുള്ളവര്‍ക്ക് വരാന്‍. വേഗം ചെന്നാലെ ഒരു മൂന്ന് കളി കളിക്കാന്‍ പറ്റുള്ളുവെന്നൊക്കെ പറയാനാണ് അദ്ദേഹം വരുക.

ഡിന്നര്‍ കൊണ്ട് വയ്ക്കുക അഞ്ചുമണിക്കാണ്. കാരണം നേരത്തെ കൊണ്ടുവെച്ച് അവരും കളിക്കാന്‍ വരും. ക്രിക്കറ്റിനെ ചുറ്റിപറ്റി പിന്നെ ഷൂട്ട് ഷെഡ്യൂള്‍ ചെയ്യാന്‍ തുടങ്ങി. ഷൂട്ടില്‍ സിനിമയുടെ ഡിസ്‌കഷന്‍ അല്ല നടക്കുക. ഓരോരുത്തരും തമ്മില്‍ ഫുള്‍ കളിയുടെ ചര്‍ച്ചയായിരിക്കും. അവനെ ഇന്നലെ ഇറക്കേണ്ടായിരുന്നു, ഇവനെ ഇന്ന് ഇറക്കണമെന്നും പറഞ്ഞ് സിനിമ സെറ്റില്‍ ക്രിക്കറ്റ് ചര്‍ച്ചയായിരുന്നു.

വിപിനും നാഷിദുമുണ്ട് ഭയങ്കര ബുദ്ധിമാന്മാരാണ്. അവര്‍ അസീസ്‌ക്കയുടെ മുന്നില്‍ വന്ന് കാണാത്ത പോലെ പറയും കുന്തറ ജോണിച്ചേട്ടന്റെ മകന്‍ അച്ചു ഭയങ്കര കളിക്കാരനാണ്, അവന്‍ നന്നായി ബോള്‍ എറിയും അവരോട് പറയേണ്ടെന്ന്.

അസീസ്‌ക്ക അതെന്റെ അടുത്ത് വന്ന് പറയും. വൈകീട്ടത്തെ കളിക്ക് അവനെ കൊണ്ട് ബോള്‍ ചെയ്യിപ്പിക്കാം. അവരു പറയുന്നത് കേട്ടതാണ് നമുക്ക് അവനെ കൊണ്ട് കളിപ്പിക്കാമെന്ന്. ബോള്‍ കൊടുത്ത് എറിയാന്‍ പറഞ്ഞപ്പോള്‍ അവന് ഞെട്ടലായിരുന്നു. ആ ഓവറില്‍ 73 റണ്ണ്. ഞങ്ങള്‍ കളി തോറ്റു. അവന്മാര് ഞങ്ങളെ ചതിക്കുകയായിരുന്നു ഗയ്‌സ്.

ഇത്തരത്തിലുള്ള വന്‍ ചീപ്പ് സ്ട്രാറ്റജിയൊക്കെയായിരുന്നു ക്രിക്കറ്റില്‍. ഫൈനലില്‍ ഞങ്ങളെ ടീം ആയിരുന്നു ജയിച്ചത്. പക്ഷേ വമ്പന്‍ അടിയായിപ്പോയി. ഇത്രയും കളിച്ചു നടന്നിട്ടും, 45 ദിവസം ഷെഡ്യൂള്‍ ചെയ്ത ഷൂട്ട് 42 ദിവസം കൊണ്ട് തീര്‍ത്തു.

കളിച്ചു നടക്കുന്നുണ്ടെങ്കിലും ജോലിയോട് ഞങ്ങള്‍ക്ക് ഭയങ്കര ആത്മാര്‍ത്ഥതയാണ്. ക്രിക്കറ്റ് കളി ഒക്കെ ഉള്ളതുകൊണ്ട് ഞങ്ങള്‍ ഭയങ്കര എന്‍ജോയ് ചെയ്‌തെടുത്ത സിനിമയാണ് ജയ ജയ ജയ ജയ ഹേ. സിനിമയില്‍ ക്രിക്കറ്റിന് ഒരു പങ്കുമില്ല. പക്ഷേ ഫുള്‍ ക്രിക്കറ്റായിരുന്നു ഷൂട്ടില്‍ മെയിന്‍.

ക്രിക്കറ്റിന്റെ ഒരു ഭാഗവും സിനിമയില്‍ ഇല്ല. ഞാന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്ത് അഭിനയിച്ച സിനിമ ഇതാണ്. സിനിമയുടെ ഭാഗമായ എല്ലാവരും കളിക്കാന്‍ ഇറങ്ങും. സെറ്റിലെ എല്ലാവരെയും നമുക്ക് പരിചയമായിരുന്നു. സിനിമയില്‍ എല്ലാം ഫാസ്റ്റായിരുന്നു. ദര്‍ശന ഒരു ദിവസം 21 കോസ്റ്റിയൂം ചേഞ്ച് ചെയ്തിരുന്നു. അത്രയും ഫാസ്റ്റായി കണ്‍ഫ്യൂഷന്‍ ഒന്നുമില്ലാതെ ഷൂട്ടിങ് കഴിഞ്ഞു. അതിനൊക്കെ കാരണം ഫ്രീ ആയി ഞങ്ങള്‍ക്ക് സെറ്റില്‍ നടക്കാന്‍ പറ്റിയതാണ്,”ബേസില്‍ പറഞ്ഞു.

CONTENT HIGHLIGHT: actor basil joseph shares cricket experience in the movie jaya jaya jaya jaya hey