മലയാളികളുടെ പ്രിയനടനാണ് ബേസില്‍ ജോസഫ്. നടനായും സംവിധായകനായുമൊക്കെ ഇന്‍ഡസ്ട്രിയില്‍ ചുരുങ്ങിയ കാലം കൊണ്ട് പേരെടുക്കാന്‍ ബേസിലിനായിരുന്നു.
വയനാട് സ്വദേശിയായ ബേസില്‍ ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. വയനാട്ടിലെ തന്റെ സ്‌കൂള്‍ പഠന കാലത്ത് നടന്ന ഒരു രസകരമായ സംഭവം പങ്കുവെക്കുകയാണ് താരം.
2006 കല്‍പ്പറ്റയിലെ സ്‌കൂളില്‍ ഒരു മന്ത്രി വന്നപ്പോള്‍ കുട്ടികളുമായുള്ള കൂടിക്കാഴ്ചക്കിടെ ഒരു പ്ലസ് വണ്‍ വിദ്യാര്‍ത്ഥി താങ്കള്‍ മാത്രമെന്താണ് അഴിമതി നടത്താത്തത് എന്നൊരു ചോദ്യം ചോദിച്ചിരുന്നു.
പിറ്റേ ദിവസം അത് പത്രങ്ങളില്‍ വാര്‍ത്തയായി. അന്ന് അങ്ങനെ ചോദിച്ച ബേസില്‍ ജോസഫ് എന്ന വിദ്യാര്‍ത്ഥിയെ കുറിച്ചായിരുന്നു ചോദ്യം.
അന്നത്തെ തന്റെ ആ ചോദ്യം ചാനലില്‍ വാര്‍ത്തയായെന്നും വയനാട് ലോക്കല്‍ ചാനലില്‍ അന്ന് ആ വാര്‍ത്ത വായിച്ചിരുന്നത് സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസായിരുന്നെന്നും ബേസില്‍ പറയുന്നു.
‘ ഈ വാര്‍ത്ത അവിടുത്തെ ലോക്കല്‍ ന്യൂസ് ചാനലില്‍ വന്നിരുന്നു. ആദ്യം ഇങ്ങനെ ഒരു പരിപാടി ഉണ്ടായിരുന്നു എന്ന വാര്‍ത്ത വായിച്ചു. മന്ത്രി വന്നു. കുട്ടികളുമായി മുഖാമുഖം പരിപാടി നടത്തി, ചര്‍ച്ച നടത്തി എന്ന രീതിയില്‍ വാര്‍ത്ത വന്നു.
ഈ വാര്‍ത്ത വായിക്കുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്. അന്ന് അവിടുത്തെ ലോക്കല്‍ ന്യൂസ് ചാനലില്‍ വാര്‍ത്ത വായിക്കുന്നത് മിഥുന്‍ ചേട്ടനാണ്. അടുത്ത വാര്‍ത്ത എന്ന നിലയിലാണ് എന്റെ ചോദ്യം വന്നത്.
വിവാദങ്ങളില്‍ പെടാത്തത് മന്ത്രിമാരുടെ പ്രസ്റ്റീജിനെ ബാധിക്കില്ലേ? മുഖാമുഖം പരിപാടിക്കിടെയാണ് ഒരു കൊച്ചുമിടുക്കന്‍ ഇങ്ങനെയൊരു ചോദ്യവുമായി മുന്നോട്ടു വന്നത് എന്ന് പറഞ്ഞ് മിഥുന്‍ ചേട്ടനാണ് ആ വാര്‍ത്ത വായിച്ചത്,’ ബേസില്‍ പറഞ്ഞു.
ആ പത്രക്കട്ടിങ്ങൊക്കെ വീട്ടിലുണ്ടോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു ബേസിലിന്റെ മറുപടി. ‘അങ്ങനെ എത്രയെത്ര കാര്യങ്ങള്‍. അതിന് മുന്‍പ് പലതവണ, പല പരിപാടികള്‍,’ എന്നായിരുന്നു ചിരിയോടെയുള്ള ബേസിലിന്റെ മറുപടി.
അശ്വമേധം പരിപാടി ജയിച്ചിട്ട് കന്യാകുമാരി ബേ വാച്ചില്‍ ഫ്രീ ടിക്കറ്റ് കിട്ടി പോയ ആളാണ് ബേസില്‍ എന്നായിരുന്നു ഇതോടെ നടന്‍ ടൊവിനോ പറഞ്ഞത്. സിനിമയില്‍ വന്ന ശേഷമുള്ള ബേസില്‍ ജോസഫിനെ മാത്രമേ നിങ്ങള്‍ക്ക് അറിയുള്ളൂവെന്നും അതിന് മുന്‍പേ ഇവന്‍ ഭയങ്കര പുള്ളിയാണെന്നും ടൊവിനോ പറഞ്ഞു.
Content Highlight: Actor Basil Joseph share a Funny Incident During his schooltime