കൊച്ചി: മലയാള സിനിമയിലെ താര സംഘടനയായ AMMAലെ തെരഞ്ഞെടുപ്പില്‍ നടന്‍ ബാബുരാജ് മത്സരിക്കില്ല. നേരത്തെ ജോയിന്റ് സെക്രെട്ടറി സ്ഥാനത്തേക്ക് നടന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. ഇത് പിന്‍വലിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആരോപണവിധേയര്‍ മത്സരിക്കുന്നതില്‍ അംഗങ്ങള്‍ക്കിടയിലുള്ള എതിര്‍പ്പ് ശക്തമായതോടെയാണ് പിന്മാറ്റം. ഇപ്പോഴത്തെ ജോയിന്റ് സെക്രട്ടറിയാണ് ബാബുരാജ്.
പീഡനാരോപണം നിലനിൽക്കവെയായിരുന്നു ബാബുരാജിന്റെ പത്രിക സമർപ്പണം. ഇതിനെതിരെ നടിമാരായ മാല പാർവതിയും മല്ലിക സുകുമാരനും രംഗത്തെത്തിയിരുന്നു. മോഹൻലാൽ രാജിവെച്ചത് ബാബുരാജ് സ്ഥാനത്ത് നിന്ന് ഒഴിയാത്തതിനാലാണെന്ന് മാല പാർവതി പറയുകയുണ്ടായി. സംഘടനയെ പ്രതിസ്ഥാനത്ത് നിർത്താതിരിക്കാൻ ബാബുരാജ് മാറിനിൽക്കേണ്ടതായിരുന്നുവെന്നും ബാബുരാജ് മത്സരിക്കുന്നതുകൊണ്ടുതന്നെ പലരും മാറിനിൽക്കുകയാണെന്നും നടി പറഞ്ഞിരുന്നു.
ആരോപണത്തിന് വിധേയനായപ്പോൾ തന്നെ ബാബുരാജ് വിശദീകരണം നൽകണമായിരുന്നുവെന്നും ആരോപണ വിധേയർ മാറി നിൽക്കണമെന്നായിരുന്നു സംഘടനയുടെ ആദ്യത്തെ തീരുമാനം എന്നും ഇപ്പോൾ എന്തുകൊണ്ടാണ് തീരുമാനം മാറിയതെന്ന് അറിയില്ലെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
നേരത്തെ ബാബുരാജിനും അൻസിബക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ രംഗത്തെത്തിയിരുന്നു. ഇരുവരും മത്സരിക്കുന്നത് അമ്മയിലെ ഏഴ് കോടി രൂപ തട്ടിയെടുക്കാനാണെന്നും കട്ടുമുടിക്കുകയാണ് ബാബുരാജിന്റെയും അൻസിബയുടെയും ലക്ഷ്യമെന്നും അനൂപ് ചന്ദ്രൻ പറഞ്ഞിരുന്നു.
AMMA തെരഞ്ഞെടുപ്പിൽ നിന്ന് ബാബുരാജ് മാറി നിൽക്കണമെന്നും അദ്ദേഹം മത്സരിക്കുന്നത് സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനാണെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു. ആരോപണങ്ങൾക്ക് വിധേയരായവർ മാറി നിന്നെന്നും എന്നാൽ ബാബുരാജ് അമ്മയുടെ തലപ്പത്തേക്ക് മത്സരിക്കാൻ വരികയാണെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിൽ നിൽക്കുന്ന പ്രതിയാണ് ബാബുരാജ് എന്നും അങ്ങനെയുള്ള ആളാണോ ‘അമ്മ’യെന്ന ശ്രേഷ്ഠമായ സംഘടനയെ നയിക്കേണ്ടതെന്നും അനൂപ് ചന്ദ്രൻ ചോദ്യമുന്നയിച്ചിരുന്നു.
അതേസമയം സംഘടനയിലെ തെരഞ്ഞെടുപ്പ് ചിത്രം ഇന്ന് (ബുധൻ) തെളിയും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ഇന്ന്. മോഹൻലാൽ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, രവീന്ദ്രൻ, ദേവൻ, അനൂപ് ചന്ദ്രൻ, ജയൻ ചേർത്തല, ശ്വേതാ മേനോൻ എന്നിവർ പത്രിക സമർപ്പിച്ചിരുന്നു. രവീന്ദ്രൻ കഴിഞ്ഞ ദിവസം പ്രസിഡന്റ് സ്ഥാനത്തേക്ക് നൽകിയ നാമനിർദേശ പത്രിക പിൻവലിച്ചിരുന്നു. ജഗദീഷ് ഇന്ന് പത്രിക പിൻവലിക്കും. അതോടെ നടി ശ്വേതാ മേനോനും നടൻ ദേവനും തമ്മിലായിരിക്കും മത്സരം. ഓഗസ്റ്റ് 15നാണ് തെരഞ്ഞെടുപ്പ്.