ഒരൊറ്റ പ്രൊമോഷനും ആ നടന്‍ വന്നിട്ടില്ല; എന്നിട്ടും ബുക്ക് മൈ ഷോയില്‍ ഓറഞ്ചില്ലാത്ത ഒരു കോളം കാണാന്‍ പറ്റിയില്ല: ആസിഫ് അലി
Movie Day
ഒരൊറ്റ പ്രൊമോഷനും ആ നടന്‍ വന്നിട്ടില്ല; എന്നിട്ടും ബുക്ക് മൈ ഷോയില്‍ ഓറഞ്ചില്ലാത്ത ഒരു കോളം കാണാന്‍ പറ്റിയില്ല: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 9th May 2025, 10:02 am

തുടരും എന്ന ചിത്രത്തെ കുറിച്ചും നടന്‍ മോഹന്‍ലാലിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി. തുടരും എന്ന ചിത്രത്തിലൂടെ പുതിയൊരു ട്രെന്‍ഡിനാണ് മോഹന്‍ലാല്‍ തുടക്കമിട്ടതെന്ന് ആസിഫ് പറയുന്നു.

തുടരും മോഹന്‍ലാല്‍ എന്ന നടന്റെ കംബാക്ക് അല്ലെന്നും ഒരു ഓര്‍മപ്പെടുത്തല്‍ മാത്രമാണെന്നും ആസിഫ് അലി പറഞ്ഞു.

‘തുടരും സിനിമയിലൂടെ മോഹന്‍ലാല്‍ ഒരു കംബാക്ക് നടത്തിയെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. ഒരു ഓര്‍മപ്പെടുത്തല്‍ എന്ന് വേണമെങ്കില്‍ പറയാം.

ലാല്‍സാര്‍ എന്ന നടന്‍ ആരാണെന്നുള്ള ഒരു ഓര്‍മപ്പെടുത്തല്‍. ഞാന്‍ സിനിമയില്‍ വന്ന സമയത്ത് ഒരുപാട് പേര്‍ പറയുന്നത് കേട്ടിട്ടുണ്ട് ഫാന്‍ ഫൈറ്റ് നിന്നു, ഇനി അങ്ങനെ ഉണ്ടാവില്ലെന്ന്. എന്നാല്‍ അതിന്റെ ഏറ്റവും എക്‌സ്ട്രീം വേര്‍ഷനാണ് ഇപ്പോള്‍ സിനിമയില്‍ നടക്കുന്നത്.

ഈ സോഷ്യല്‍ മീഡിയയിലൊക്കെ പലരും ലാലേട്ടനേയും മമ്മൂക്കയേയും കുറിച്ച് പറയുന്നത് കേള്‍ക്കുമ്പോള്‍ ദെ ഡോണ്ട് ഡിസേര്‍വ് ദിസ് എന്ന് തോന്നും. ഇത് ചെയ്യാന്‍ പാടില്ലെന്ന് തോന്നും.

അങ്ങനെ ഉള്ളൊരു സമയത്താണ് എമ്പുരാന്‍ വന്നത്. എമ്പുരാന്റെ എക്‌സ്ട്രീമിലി ഓപ്പോസിറ്റായ സിനിമയായ തുടരും പിന്നാലെ വന്നു. രണ്ടും ഒരാളാണ് ചെയ്തതാണെന്ന് വിശ്വസിക്കാന്‍ പറ്റാത്ത പെര്‍ഫോമന്‍സ്.

അത് നമുക്കും ഒരു ധൈര്യമാണ്, ഇന്‍ഡസ്ട്രിക്കും ഒരു വലിയ ബ്ലെസിങ് ആണ്. പ്രത്യേകിച്ച് വെക്കേഷന്‍ സീസണ്‍ തുടങ്ങി. ഒരു ട്രെന്‍ഡ് തുടങ്ങണം ആളുകള്‍ തിയേറ്ററിലേക്ക് വരാന്‍.

ആ ട്രെന്‍ഡ് അദ്ദേഹം തുടങ്ങിക്കൊടുത്തു. അത് ചെയ്യാന്‍ പറ്റിയ മലയാളത്തിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും നല്ല ആളാണ് അദ്ദേഹം.

തുടരും എന്ന് പറഞ്ഞ സിനിമ ഫോളോ ചെയ്തവര്‍ക്ക് അറിയാം. ഒരു പ്രൊമോഷന്‍ ഇന്റര്‍വ്യൂവില്‍ പോലും ലാല്‍ സാറിനെ കണ്ടിട്ടില്ല. എന്നാല്‍ ആ സിനിമയ്ക്ക് നല്ല അഭിപ്രായം വന്ന ശേഷം ബുക്ക് മൈ ഷോയില്‍ ഓറഞ്ച് ഇല്ലാത്ത കോളം കാണാന്‍ പറ്റാത്ത രീതിയിലേക്ക് ആ സിനിമ എത്തി.

ഇവരെ ഐക്കണ്‍സ് എന്ന് വിളിക്കാന്‍ കാരണവും അത് തന്നെയാണ്. അങ്ങനെയെുള്ളവര്‍ ഇന്‍ഡസ്ട്രിയുടെ നെടുന്തൂണുകളായി നില്‍ക്കുന്നത് നമ്മളുടെ ഒരു ഭാഗ്യമാണ്,’ ആസിഫ് പറഞ്ഞു.

Content Highlight: Actor Asif Ali about Mohanlal and Thudarum Movie