മമ്മൂക്ക തന്ന റോളക്‌സ് വാച്ച് എനിക്ക് കെട്ടാന്‍ പറ്റുന്നില്ല; സ്ട്രാപ്പ് റെഡ്യൂസ് ചെയ്യാന്‍ പോലും കൊണ്ടുപോകാന്‍ കഴിയുന്നില്ല: ആസിഫ് അലി
Entertainment news
മമ്മൂക്ക തന്ന റോളക്‌സ് വാച്ച് എനിക്ക് കെട്ടാന്‍ പറ്റുന്നില്ല; സ്ട്രാപ്പ് റെഡ്യൂസ് ചെയ്യാന്‍ പോലും കൊണ്ടുപോകാന്‍ കഴിയുന്നില്ല: ആസിഫ് അലി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 21st December 2022, 8:40 am

ഈ വര്‍ഷം മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മമ്മൂട്ടി കേന്ദ്രകഥാപാത്രമായ റോഷാക്ക്. ചിത്രത്തില്‍ ആസിഫ് അലിയുടെ അതിഥി വേഷവും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ആസിഫിനെ അഭിനന്ദിച്ചു കൊണ്ട് മമ്മൂട്ടി നടന് ഒരു സമ്മാനം നല്‍കിയിരുന്നു.

റോഷാക്കിന്റെ സക്സസ് സെലിബ്രേഷനില്‍ വെച്ചായിരുന്നു മമ്മൂട്ടി ആസിഫിന് സമ്മാനമായി റോളക്സ് വാച്ച് നല്‍കിയത്. ഈ വാച്ച് പക്ഷെ താന്‍ ഇത് വരെ കെട്ടിയിട്ടില്ലെന്നാണ് ആസിഫ് അലി പറയുന്നത്.

തന്നെ കാണുമ്പോള്‍ ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധപോകുന്നത് വാച്ചിലേക്കാണെന്നും കെട്ടിയാല്‍ അതിന്റെ കഥ വീണ്ടും പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫ് മമ്മൂട്ടി നല്‍കിയ റോളക്‌സ് വാച്ചിനെക്കുറിച്ച് പറഞ്ഞത്.

”ഞാന്‍ ഇപ്പോള്‍ കെട്ടാറുള്ളത് എന്റെ വാച്ച് തന്നെയാണ്, റോളക്‌സ് അല്ല. എന്നെ കാണുമ്പോള്‍ ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ പോകുന്നത് വാച്ചിലേക്കാണ്. മമ്മൂക്ക തന്ന വാച്ച് എനിക്ക് കെട്ടാന്‍ പറ്റുന്നില്ല.

കെട്ടിക്കഴിഞ്ഞാല്‍ പിന്നെ അതിന്റെ കഥ എല്ലാവരോടും പറയേണ്ടി വരും. അതുകൊണ്ട് പുറത്ത് എവിടെ എങ്കിലും പോകുമ്പോള്‍ കെട്ടാമെന്ന് കരുതി എടുത്ത് വെച്ചിരിക്കുകയാണ്. കുറച്ച് പഴയതായിട്ട് കെട്ടുന്നതാവും നല്ലത്.

അതിന്റെ രണ്ട് സ്ട്രാപ്പ് ഒന്ന് റെഡ്യൂസ് ചെയ്യാനുണ്ട്. അതിന് കൊണ്ടുകൊടുക്കാന്‍ പോലും എനിക്ക് പറ്റുന്നില്ല. ഒ.എല്‍.എക്‌സില്‍ വെക്കരുതെന്ന് പറഞ്ഞാണ് മമ്മൂക്ക തന്നത്,” ആസിഫ് അലി പറഞ്ഞു.

വിക്രം സിനിമ ഹിറ്റായപ്പോള്‍ അതിഥി വേഷത്തിലെത്തിയ സൂര്യക്ക് കമല്‍ ഹാസന്‍ റോളക്സ് വാച്ച് നല്‍കിയ സംഭവം ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു സക്‌സസ് സെലിബ്രേഷനില്‍ വെച്ച് മമ്മൂട്ടി വാച്ചിനെക്കുറിച്ച് സംസാരിച്ചത്.

ആസിഫ് അലി തന്നോട് ഒരു റോളക്സ് വാച്ച് ചോദിച്ചു എന്ന് പറഞ്ഞ് മമ്മൂട്ടി റോളക്സ് എന്ന് വിളിച്ചപ്പോള്‍ നിര്‍മാതാവ് ബാദുഷയും എസ്. ജോര്‍ജും വാച്ചിന്റെ ഗിഫ്റ്റ് ബോക്സുമായി സ്റ്റേജിലേക്ക് വരികയായിരുന്നു. വാച്ച് സ്വീകരിച്ച് മമ്മൂട്ടിയ കെട്ടിപ്പിടിച്ചാണ് ആസിഫ് സന്തോഷം പ്രകടിപ്പിച്ചിരുന്നത്.

content highlight: actor asif ali about mammootty’s gift