അന്ന് ആ സിനിമകളില്‍ നിനക്ക് പാടിക്കൂടെയെന്ന് മമ്മൂക്ക ചോദിച്ചു: അശോകന്‍
Entertainment
അന്ന് ആ സിനിമകളില്‍ നിനക്ക് പാടിക്കൂടെയെന്ന് മമ്മൂക്ക ചോദിച്ചു: അശോകന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 19th May 2025, 5:01 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അശോകന്‍. നിരവധി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. 1979ല്‍ പുറത്തിറങ്ങിയ പി. പത്മരാജന്റെ പെരുവഴിയമ്പലം എന്ന സിനിമയിലൂടെയാണ് അശോകന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്.

അഭിനയ ജീവിതത്തിന്റെ തുടക്കത്തില്‍ തന്നെ പദ്മരാജന്‍, കെ.ജി. ജോര്‍ജ്, ഭരതന്‍ തുടങ്ങി മികച്ച സംവിധായകരുടെ സിനിമകളില്‍ ഭാഗമാകാന്‍ അശോകന് സാധിച്ചിരുന്നു. അഭിനയത്തിന് പുറമെ സംഗീതത്തിലും കഴിവ് തെളിയിച്ച വ്യക്തിയാണ് അദ്ദേഹം.

‘നീയൊരു ഗായകനല്ലേ, നീയെന്താ സിനിമയില്‍ പാടാത്തത്’ എന്ന് തന്നോട് പലരും ചോദിച്ചിട്ടുണ്ടെന്ന് പറയുകയാണ് നടന്‍. എന്നാല്‍ താന്‍ ആരോടും അവസരം ചോദിക്കാറില്ലെന്നും തനിക്ക് ഒന്നിലും ഇടിച്ചുകയറാന്‍ താത്പര്യമില്ലെന്നും അദ്ദേഹം പറയുന്നു.

മമ്മൂട്ടി ‘നീ അഭിനയിക്കുന്ന സിനിമയില്‍ നിനക്ക് പാടിക്കൂടെ’ എന്ന് ഇടയ്ക്ക് ചോദിച്ചിട്ടുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ സജീവമായിട്ടും പാടാന്‍ അവസരം ചോദിച്ചില്ലേയെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അശോകന്‍.

‘നീയൊരു ഗായകനല്ലേ, നീയെന്താ സിനിമയില്‍ പാടാത്തത് എന്ന് പലരും ചോദിക്കും. പക്ഷേ ഞാന്‍ ആരോടും അവസരം ചോദിക്കാറില്ല. എനിക്ക് ഒന്നിലും ഇടിച്ചുകയറാന്‍ താത്പര്യമില്ല. എന്റെ സ്വഭാവം അങ്ങനെയല്ല.

ഞാന്‍ പാട്ടുകാരനാണെന്ന് എല്ലാവര്‍ക്കും അറിയാം. എങ്കില്‍ പിന്നെ ഇങ്ങോട്ട് വിളിച്ചു കൂടെ എന്ന് വിചാരിക്കും. പക്ഷേ, ആരും വിളിച്ചില്ല. ‘നീ അഭിനയിക്കുന്ന സിനിമയില്‍ നിനക്ക് പാടിക്കൂടെ’ എന്ന് മമ്മൂക്ക ഇടയ്ക്ക് ചോദിക്കും.

യവനിക സിനിമയുടെ സമയത്ത് ലൊക്കേഷനില്‍ എല്ലാ സംഗീതോപകരണങ്ങളുമുണ്ടായിരുന്നു. അതെടുത്ത് നെടുമുടി വേണു ചേട്ടനും ഭരത് ഗോപി ചേട്ടനും മമ്മൂക്കയും ഞാനും ചേര്‍ന്ന് പാടുമായിരുന്നു. ഈ പാട്ടൊക്കെയാണ് മമ്മൂക്കയുടെ ആ ചോദ്യത്തിന് പിന്നില്‍.

ഒരിക്കല്‍ എം.ജി. രാധാകൃഷ്ണനും എന്നോട് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. പക്ഷേ, ഞാന്‍ അഭിനയിക്കുന്ന സിനിമയില്‍ ആരോടും അവസരം ചോദിച്ചിട്ടില്ല. തന്നില്ലെങ്കില്‍ നാണക്കേടല്ലേ എന്ന് ചിന്തിക്കും. ഇപ്പോഴാണ് പിന്നെയും ചോദിക്കാനുള്ള ധൈര്യം വന്നത്,’ അശോകന്‍ പറയുന്നു.

Content Highlight: Actor Ashokan Talks About Songs And Mammootty