ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നുള്ള ഇടവേളക്കു ശേഷം ഹോര്‍ത്തൂസ് വേദിയില്‍ മമ്മൂട്ടി നടത്തിയ നന്ദി പ്രസംഗം വലിയ സന്തോഷം നല്‍കിയെന്ന് നടന്‍ അര്‍ജുന്‍ അശോകന്‍. ഖജുരാഹോ ഡ്രീംസ് എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘മമ്മൂക്ക വന്‍ പൊളിയല്ലേ, മമ്മൂക്കയുടെ അടുത്ത് നിന്ന് ഇത്തരത്തിലുള്ള വാക്കുകള്‍ കേള്‍ക്കുക എന്ന് പറയുമ്പോള്‍ നമുക്കെല്ലാവര്‍ക്കും സന്തോഷമാണ്. ഒരു പോയിന്റില്‍ മമ്മൂക്ക പെട്ടെന്ന് റിക്കവര്‍ ആയി വരാന്‍ വേണ്ടി നമ്മളെല്ലാവരും പ്രാര്‍ത്ഥിച്ചതാണ്. ഒരിക്കലും ഇത്തരത്തിലൊരു നന്ദി പ്രസംഗം കിട്ടുമെന്ന് നമ്മള്‍ വിചാരിച്ചിട്ടുണ്ടായിരുന്നില്ല.
പക്ഷേ അദ്ദേഹം അത് പറഞ്ഞപ്പോള്‍ നമ്മളെല്ലാവര്‍ക്കും വളരെയധികം കണക്ടായി, ഒരുപാട് സന്തോഷമായി. ഇതിനിടയില്‍ മമ്മൂക്ക ദുബായിലുണ്ടെന്ന് അറിഞ്ഞപ്പോള്‍ എന്റെ ഷൂട്ടിനിടയില്‍ നിന്ന് എങ്ങനയെക്കെയോ സമയം കണ്ടെത്തി മമ്മൂക്കയെ നേരിട്ട് പോയി കണ്ടിരുന്നു. ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് വളരെയധികം കണക്ടായ വ്യക്തിയാണ് മമ്മൂക്ക. ഭയങ്കര ഇഷ്ടമാണ്. എപ്പോള്‍ വിളിച്ചാലും എത്ര സിനിമ വേണമെങ്കിലും കൂടെ അഭിനയിക്കാന്‍ ഞാന്‍ റെഡിയാണ്, വിളിക്കണം പക്ഷേ’.
കൊച്ചിയില്‍ നടന്ന മനോരമ ഹോര്‍ത്തൂസില്‍ മമ്മൂട്ടി പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. താന്‍ തലക്കനമുള്ളവനാണെന്നും, അഹങ്കാരിയാണെന്നും, ക്ഷിപ്രകോപിയാണെന്നും പറഞ്ഞു നടന്നവര്‍ വരെ തനിക്കായി പ്രാര്‍ത്ഥിച്ചിരുന്നു. ജാതിമത വ്യത്യാസമില്ലാതെ കേരളത്തിലുള്ള എല്ലാ ജനങ്ങളും അവരുടെ പ്രാര്‍ത്ഥനയില്‍ തന്നെ ഉള്‍പ്പെടുത്തിയെന്നും എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.
ശബരിമലയിലെത്തിയ സൂപ്പര്‍ താരം മോഹന്‍ലാല്‍ മമ്മൂട്ടിയുടെ പേരില്‍ പൂജകള്‍ നടത്തിയത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്തിരുന്നു.
എം.കെ.നാസറിന്റെ നിര്‍മാണത്തില്‍ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘ഖജുരാഹോ ഡ്രീംസ്’ ആണ് അര്‍ജുന്‍ അശോകന്റെ പുതിയ ചിത്രം. ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, അതിഥി രവി, ധ്രുവന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്ന ചിത്രം ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തിലെത്തുന്ന റോഡ് മൂവിയാണ് ഖജുരാഹോ ഡ്രീംസ്.
Content Highlight: Actor Arjun Ashokan talks about mammootty’s speech at hortus