ആദ്യവും അവസാനവും ഓർമ വരുന്നത് അദ്ദേഹത്തിന്റെ മുഖം; ഒരു വലിയ മനസിന് ഉടമ: ലാൽ
Entertainment
ആദ്യവും അവസാനവും ഓർമ വരുന്നത് അദ്ദേഹത്തിന്റെ മുഖം; ഒരു വലിയ മനസിന് ഉടമ: ലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 18th June 2025, 7:34 pm

റാംജി റാവ് സ്പീക്കിംഗ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ഏറെ പ്രശസ്തനായ സംവിധായകരിലൊരാളാണ് ലാൽ. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം സംവിധായകൻ ഫാസിലിൻ്റെ സഹായിയായി പ്രവർത്തിച്ചു.

പിന്നീട് ഫാസിലിന്റെ നിർദേശപ്രകാരം സംവിധായകൻ സിദ്ദീഖിനൊപ്പം ചേർന്ന് റാംജി റാവ് സ്പീക്കിംഗ് എന്ന ചിത്രം സംവിധാനം ചെയ്തു. സിദ്ദീഖിനൊപ്പം സമ്മാനിച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടതായിരുന്നു. ഒപ്പം ചിത്രങ്ങളെല്ലാം വാണിജ്യവിജയവുമായിരുന്നു.

1997ൽ ജയരാജ് സംവിധാനം ചെയ്‌ത കളിയാട്ടത്തിൽ പനിയൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് അഭിനയത്തിലേക്ക് കടന്ന അദ്ദേഹം പിന്നീട് ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ചു. പിന്നീട് സംവിധാനം നിർത്തി അദ്ദേഹം അഭിനയവുമായി മുന്നോട്ട് പോകുകയായിരുന്നു. ഇപ്പോൾ സംവിധായകൻ ഫാസിലിനെക്കുറിച്ച് സംസാരിക്കുകയാണ് ലാൽ.

സംവിധായകരിൽ തനിക്ക് ആദ്യം മനസില്‍ വരുന്നത് ഫാസിലിന്റെ മുഖമാണെന്നും സിദ്ദീഖ് തന്റെ അടുത്ത സുഹൃത്താണെന്നും ലാല്‍ പറയുന്നു. കഴിവുണ്ടെന്ന് പറഞ്ഞ് ഫാസില്‍ തന്നെയാണ് തങ്ങളെ അസിസ്റ്റന്‍സ് ആയി ചേര്‍ത്തതെന്നും അങ്ങനെയാണ് നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൗമുദിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആദ്യം മനസില്‍ തെളിയുന്നതും ഓര്‍മ വരുന്നതും ഫാസില്‍ സാറിന്റെ മുഖമാണ്. ഫാസില്‍ സാറിന്റെ മുഖം കഴിഞ്ഞിട്ടേ പിന്നെ മറ്റ് മുഖങ്ങളുള്ളൂ… സിദ്ദീഖ് എന്റെ അടുത്ത സുഹൃത്താണ്. എനിക്ക് തോന്നുന്നു, ആ കാലഘട്ടം വരെ ഏതെങ്കിലും ഒരു ഡയറക്ടര്‍ തന്റെ അസിസ്റ്റന്റിനോട് പടം ചെയ്യൂ എന്ന് പറഞ്ഞതായിട്ട് ചരിത്രത്തിലില്ലെന്നാണ് എന്നാണ് എന്റെ വിശ്വാസം.

ഇപ്പോള്‍ ഒരുപാട് പേര് അസിസ്റ്റന്‍സിനെക്കൊണ്ട് ചെയ്യിപ്പിക്കുന്നവരുണ്ട്. ക്യാമറമാനെ കൊണ്ട് ചെയ്യിപ്പിക്കുന്നവരുണ്ട്. പക്ഷെ, അന്ന് ഫാസില്‍ സാറ് ഞങ്ങളോട് ‘അടുത്ത പടം നിങ്ങള്‍ ചെയ്യൂ. ഞാന്‍ പ്രൊഡ്യൂസ് ചെയ്യാം’ എന്നുപറഞ്ഞു.

ഞങ്ങളങ്ങോട്ട് ആവശ്യപ്പെട്ടിട്ടല്ല അസിസ്റ്റന്‍സ് ആയി ചേര്‍ന്നത്. പുള്ളി പറഞ്ഞു ‘നിങ്ങള്‍ക്ക് കഴിവുണ്ട്. പക്ഷെ, സിനിമ അറിയാന്‍ പാടില്ലാത്തതിന്റെ കുഴപ്പമുണ്ട്. അതുകൊണ്ട് അടുത്ത പടം എന്റെ കൂടെ വര്‍ക്ക് ചെയ്യ്’ എന്ന് പറഞ്ഞു. അങ്ങനെയാണ് നോക്കെത്താ ദൂരത്ത് വര്‍ക്ക് ചെയ്യുന്നത്. അങ്ങനെ ഒരു വലിയ മനസുള്ള അദ്ദേഹത്തിന്റെ മുഖം തന്നെയാണ് ആദ്യവും അവസാനവുമായി ഓര്‍മ വരുന്നത്,’ ലാല്‍ പറയുന്നു.

Content Highlight: Actor and Director Lal talking about Fasil