സ്വന്തം വീട്ടിലെ പ്രശ്‌നങ്ങളെക്കാള്‍ പ്രാധാന്യം A.M.M.Aയിലെ വിഷയങ്ങള്‍; ആര്‍ക്കാണ് മമ്മൂട്ടിയും മോഹന്‍ലാലും ആകാന്‍ ആഗ്രഹമില്ലാത്തത്: ജോണി ആന്റണി
Malayalam Cinema
സ്വന്തം വീട്ടിലെ പ്രശ്‌നങ്ങളെക്കാള്‍ പ്രാധാന്യം A.M.M.Aയിലെ വിഷയങ്ങള്‍; ആര്‍ക്കാണ് മമ്മൂട്ടിയും മോഹന്‍ലാലും ആകാന്‍ ആഗ്രഹമില്ലാത്തത്: ജോണി ആന്റണി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 7th September 2025, 2:57 pm

A.M.M.A സംഘടനയെ കുറിച്ച് സംസാരിക്കുകയാണ് നടനും സംവിധായകനുമായ ജോണി ആന്റണി. ആകെ 506 അംഗങ്ങളുള്ളൊരു സംഘടനയാണ്  A.M.M.A കൂട്ടായ്മയെന്നും അതിലുള്ള ആളുകള്‍ക്ക് പെന്‍ഷനും മരുന്നും സഹായവുമെല്ലാം സംഘടന ഭാരവാഹികള്‍ അറിഞ്ഞു നല്‍കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

‘ലോകത്ത് ആദ്യമായിട്ടായിരിക്കും ഇത്രയും ചെറിയ അംഗങ്ങളുള്ള ഒരു സംഘടനയെ കുറിച്ച് ലോകര്‍ മുഴുവന്‍ ഇങ്ങനെ സാകൂതം നിരീക്ഷിച്ച്, ഇഴകീറി പരിശോധിച്ച് പ്രശ്‌നവത്കരിക്കുന്നത്. മരിച്ച വീട്ടില്‍ ചെന്ന് പോരുന്നതിനിടയിലും ചിലര്‍ ചോദിക്കും. ‘A.M.M.A’യില്‍ മൊത്തം പ്രശ്നങ്ങളാല്ലേ എന്ന്. അവര്‍ക്ക് അവരുടെ വീട്ടിലെ പ്രശ്നങ്ങളെക്കാള്‍ പ്രാധാന്യം A.M.M.Aയിലെ വിഷയങ്ങളാണ്. താരങ്ങളായതുകൊണ്ടാണ് ഈ പ്രശ്‌നങ്ങളെല്ലാം എന്നാണ് ഇതിന് കാരണമായി ഞാന്‍ കണ്ടെത്തുന്നത്.

നടന്‍മാരെല്ലാം കള്ളക്കടത്ത് നടത്തി ജീവിക്കുന്നവരാണ്, പണമുള്ളതുകൊണ്ട് അഹങ്കാരികളാണ് എന്നിങ്ങനെയുള്ള സമൂഹത്തിന്റെ തെറ്റായ ചിന്ത പ്രശ്‌നങ്ങളെ ഊതിവീര്‍പ്പിക്കുന്നുണ്ടെന്നും ആര്‍ക്കാണ് മമ്മൂട്ടിയും മോഹന്‍ലാലും ആകാന്‍ ആഗ്രഹമില്ലാത്തതെന്നും അദ്ദേഹം ചോദിക്കുന്നു.

‘സ്വന്തമായി സാധിച്ചില്ലെങ്കിലും മക്കളെയെങ്കിലും അങ്ങനെയായി കാണണമെന്ന ചിന്ത മിക്കവരുടെയും മനസില്‍ ഒരുതവണയെങ്കിലും ഒളിമിന്നി പോയതാകും. നടനോ നടിയോ ആയി വെറും ഇരുപത്തഞ്ചോ അമ്പതോ പേര്‍ മാത്രമേ വലിയൊരു പ്രശസ്തി നേടി ഇവിടെ ജീവിക്കുന്നുള്ളൂ. ബാക്കിയെല്ലാവരും കടുത്ത പരീക്ഷണത്തിലാണ്. എങ്ങനെയെങ്കിലും കരപറ്റാനുള്ള പെടാപ്പാടിലാണവര്‍.

നടനായി പേരെടുത്താലോ അയാള്‍ക്ക് പിന്നെ ബസില്‍ കയറി പോകാന്‍ സാധിക്കാത്ത സാഹചര്യവും. ഇതിനോട് ചേര്‍ത്തു വായിക്കേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. ഒന്നോ, രണ്ടോ സിനിമയില്‍ മുഖം കാണിച്ചു കഴിഞ്ഞാല്‍ പിന്നെ ചിലര്‍ കരുതും അവര്‍ വലിയ നടനോ നടിയോ ഒക്കെ ആയി മാറിയിട്ടുണ്ടെന്ന്. പിന്നീട് അതിനായുള്ള കോപ്രായങ്ങളാകും അവര്‍ ചെയ്യുന്നുണ്ടാവുക,’ ജോണി ആന്റണി പറയുന്നു.

Content highlight: Actor and director Johnny Antony is talking about the AMMA organization