ഇവളെ സംബന്ധിച്ചിടത്തോളം ലാലേട്ടൻ പ്രായമായ തടിയുള്ള ഒരു ആക്ടർ, അവൾ വലിയ വിലയൊന്നും കൊടുത്തില്ല: അമിത് ചക്കാലക്കൽ
Film News
ഇവളെ സംബന്ധിച്ചിടത്തോളം ലാലേട്ടൻ പ്രായമായ തടിയുള്ള ഒരു ആക്ടർ, അവൾ വലിയ വിലയൊന്നും കൊടുത്തില്ല: അമിത് ചക്കാലക്കൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th September 2023, 10:39 am

മോഹൻലാൽ എന്ന അഭിനേതാവിന്റെ ഓരോ അഭിനയവും തന്നെ അത്ഭുതപെടുത്താറുണ്ടെന്ന് നടൻ അമിത് ചക്കാലക്കൽ. കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടന്റെ അഭിനയ മികവിനെക്കുറിച്ചും അത് സംവിധായകനായ റോഷനെ ആശ്ചര്യപ്പെടുത്തിയതിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു താരം. ഈ സിനിമയിൽ മോഹൻലാലിനെ പുച്ഛിച്ചു നിന്ന ഒരാളെ ഫാൻ ആക്കിയ കഥയും അമിത് പങ്കുവെച്ചു . സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് അമിത്.

‘കായംകുളം കൊച്ചുണ്ണിയിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. ലാലേട്ടൻ അന്ന് അഭിനയിക്കാൻ വരുന്നത് വരെ റോഷൻ ചേട്ടൻ ഇത്തിരി ചൂടാവുന്ന ആളായിരുന്നു. ലാലേട്ടൻ അഭിനയിക്കാൻ വന്ന ഫസ്റ്റ് ഡേ അദ്ദേഹത്തിന്റെ രണ്ട് ഷോർട്ട് കഴിഞ്ഞപ്പോഴേക്കും റോഷൻ ചേട്ടൻ അവിടുന്ന് യെസ് എന്നൊക്കെ പറഞ്ഞ് പുള്ളി ആഗ്രഹിച്ച സാധനം കിട്ടിയ എക്സൈറ്റ്മെന്റിലായിരുന്നു.

അപ്പോൾ നമ്മൾ വിചാരിക്കും, നമ്മളോടൊക്കെ ഇത്രയും ദിവസം കുരച്ചു നടന്നയാളാണ് ,ഇന്ന് പൂച്ചക്കുഞ്ഞിനെ പോലെ ഏയ് എന്നൊക്കെ പറഞ്ഞ് വരുന്നത്.
കായംകുളം കൊച്ചുണ്ണിക്ക് തൊട്ടു മുൻപ് ലാലേട്ടനെ വെച്ച് പുള്ളി തന്നെ എത്ര പടം ചെയ്തിട്ടുണ്ടെന്ന് ആലോചിക്കണം. നാല് പടം കഴിഞ്ഞ് അഞ്ചാമത്തെ പടമാണിത്. അപ്പോഴും ഓരോ സീനിലും റോഷനെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ലാലേട്ടൻ. അത് പറഞ്ഞാൽ എത്രത്തോളം പ്രേക്ഷകന് മനസ്സിലാവുമെന്ന് എനിക്കറിയില്ല.

നമ്മൾ ഒരു പടത്തിനകത്ത് ഒരു ഡയലോഗ് ഒക്കെ പറഞ്ഞിട്ട് പുള്ളിയുടെ വായിൽ നിന്ന് ‘എടാ കലക്കി ട്ടോ’ എന്ന് കേൾക്കാൻ തപസ്സിരിക്കണം. ഒരാൾ നാലും അഞ്ചും പടം കഴിഞ്ഞിട്ടും വണ്ടർ അടിപ്പിച്ചോണ്ട് ഇരിക്കുമ്പോൾ നമ്മൾ എങ്ങനെ അവരുടെയൊക്കെ ബ്ലൈൻഡ് ഫാൻ ആവാതിരിക്കും.
ഇനി വേറൊന്ന് പറയാം, സെറ്റിലെങ്ങാനും ഇവർ അഭിനയിക്കുന്നത് നേരിട്ട് കാണണം. ഇവർ വേറൊരു ആളായിട്ട് വന്ന് ടക്ക് എന്ന് പറഞ്ഞ് ചേഞ്ച് ആയി അഭിനയിച്ച് പോകും.

ഞാൻ ഇത് പറയാൻ പാടുണ്ടോ എന്നറിയില്ല. പ്രോസ്തെറ്റിക് മെയ്ക്കപ്പ് ചെയ്യുന്ന ഒരു നോർത്ത് ഇന്ത്യക്കാരിയുണ്ടായിരുന്നു സെറ്റിൽ. ദേഹത്ത് ഒരു വെട്ടൊക്കെ വെച്ച് കഴിഞ്ഞാൽ പത്തും ഇരുപതും മുപ്പതും ദിവസമൊക്കെ ഒരേ പോലെ അതിന്റെ കണ്ടിന്യുറ്റി കീപ് ചെയ്യണം. ഭയങ്കര പൈസ കൊടുത്തിട്ടാണ് ഇവർ വന്നിരിക്കുന്നത്. നല്ല സുന്ദരിയായിട്ടുള്ള നോർത്ത് ഇന്ത്യൻ ലേഡി, ഭയങ്കര ആറ്റിറ്റ്യൂടിൽ നിൽക്കുകയാണ്. അവരുടെയൊക്കെ ഒരു നോട്ടം കിട്ടിയിരുന്നെങ്കിൽ കൊള്ളായിരുന്നു എന്ന് കരുതി നമ്മളൊക്കെ അവരെ നോക്കുന്നുണ്ട്.

ലാലേട്ടൻ അന്ന് അഭിനയിക്കാൻ വരുമ്പോൾ ഇവളെ സംബന്ധിച്ചിടത്തോളം പ്രായമായ തടിയുള്ള ഒരു ആക്ടർ. അവൾ പുള്ളിക്ക് വലിയ വിലയൊന്നും കൊടുത്തിട്ടില്ല എന്ന് നമുക്ക് കാണുമ്പോൾ തന്നെ മനസ്സിലാവും.


ഇങ്ങേർ വന്ന് പെർഫോം ചെയ്ത് തുടങ്ങിയപ്പോഴേക്കും കൂളിംഗ് ഗ്ലാസ്സൊക്കെ അഴിച്ചു വെച്ച് നോക്കി നിൽക്കുകയാണ്. ഇദ്ദേഹം ആ സെറ്റിൽ ഉണ്ടായിരുന്ന ആളെ തന്നെ ഒരു ഫാൻ ആക്കി മാറ്റുകയാണ്. അദ്ദേഹത്തിന്റെ രണ്ട് പടമൊക്കെ കണ്ടു കഴിഞ്ഞാൽ നമ്മളും ആ വലയത്തിൽ വീണു പോകും. അത് അവരുടെ ഒരു മാജിക് ആണ്,’ അമിത് പറഞ്ഞു.

Content Highlight: Actor Amit Chakalakal says that Mohanlal’s every performance surprises him