ആ റോള്‍ ചെയ്യാന്‍ വെറുമൊരു നടന്‍ പോര, ഹീറോയെ അടിച്ച് താഴ്ത്താന്‍ പറ്റുന്ന ഒരു സ്റ്റാര്‍ തന്നെ വേണം: അല്ലു അര്‍ജുന്‍
Entertainment news
ആ റോള്‍ ചെയ്യാന്‍ വെറുമൊരു നടന്‍ പോര, ഹീറോയെ അടിച്ച് താഴ്ത്താന്‍ പറ്റുന്ന ഒരു സ്റ്റാര്‍ തന്നെ വേണം: അല്ലു അര്‍ജുന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 23rd February 2023, 5:41 pm

അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി സുകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് പുഷ്പ. ചിത്രത്തില്‍ ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. പുഷ്പയില്‍ ഫഹദ് ചെയ്ത റോളിനേക്കുറിച്ചും അദ്ദേഹത്തിന്റെ പ്രകടനത്തെക്കുറിച്ച് പറയുകയാണ് അല്ലു അര്‍ജുന്‍.

പുഷ്പയുടെ തിരക്കഥയില്‍ പ്രധാനപ്പെട്ട റോളാണ് ഫഹദ് ചെയ്തതെന്നും അതിനായി തനിക്ക് ഏതെങ്കിലും ഒരു നടനെ അല്ലായിരുന്നു വേണ്ടതെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

ഫഹദിനെ പോലെയൊരു സ്റ്റാറിനെ അതുകൊണ്ടാണ് തെരഞ്ഞെടുത്തതെന്നും എല്ലാവര്‍ക്കും ഇഷ്ടപെട്ട മനോഹരമായി അഭിനയിക്കുന്ന നടനാണ് ഫഹദെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

”ആ റോള്‍ ചെയ്യാന്‍ വെറുമൊരു നടന്‍ പോര. ഒരുപാട് നല്ല നടന്മാരുണ്ട്. അവര്‍ നന്നായിട്ട് അഭിനയിക്കുന്നുമുണ്ട്. പക്ഷെ എനിക്ക് പുഷ്പയില്‍ ഒരു സ്റ്റാറിനെ വേണമായിരുന്നു.

പുഷ്പയുടെ തിരക്കഥയില്‍ ആ റോളിന് വലിയ പ്രാധാന്യമുണ്ട്. ആ നടന്‍ വരുന്ന സമയത്ത് ഹീറോയെ ആരെകൊണ്ടും എതിര്‍ക്കാന്‍ പറ്റില്ലായിരുന്നു. ഒരാള്‍ക്കും വെറുതെ ഒന്ന് ഹീറോയെ തൊടാന്‍ പോലും പറ്റില്ല. അങ്ങനെ ഒരു സമയത്ത് ഹീറോയെ അടിച്ച് താഴ്ത്താന്‍ പറ്റുന്ന ഒരാള്‍ വേണം. അതുകൊണ്ട് തന്നെ നല്ല പ്രോപ്പര്‍ സ്റ്റാറായിട്ടുള്ള ഇമേജ് ആക്ടറിനെ തന്നെ എനിക്ക് എതിരാളിയായിട്ട് വേണമായിരുന്നു.

സാധാരണയായി നന്നായിട്ട് അഭിനയിക്കുന്ന നടനെയല്ലെ വേണ്ടത്. അതുകൊണ്ടാണ് ഫഹദ് ഫാസിലിനെ തന്നെ തെരഞ്ഞെടുത്തത്. അദ്ദേഹം തമിഴിലെയും മലയാളത്തിലെയും പ്രധാന ഹീറോയാണ്. എല്ലാവര്‍ക്കും ഭയങ്കര ഇഷ്ടപെട്ട മനോഹരമായി അഭിനയിക്കുന്ന നടനാണ് അദ്ദേഹം.

ഫഹദ് ആ റോള്‍ ചെയ്താല്‍ നന്നായിരിക്കുമെന്ന് എന്റെ മനസില്‍ ഉണ്ടായിരുന്നു. ഭാഗ്യത്തിന് അദ്ദേഹത്തിനും റോള്‍ ഇഷ്ടപെട്ടു. കഥയും ഫഹദിന് ഭയങ്കര ഇഷ്ടമായി. അദ്ദേഹത്തിന്റെ കൂടെ ഞാന്‍ ആസ്വദിച്ചാണ് അഭിനയിച്ചത്,” അല്ലു അര്‍ജുന്‍ പറഞ്ഞു.

അതേസമയം പുഷ്പ 2 അടുത്ത് തന്നെ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ പ്രതീക്ഷയോടെയാണ് അല്ലു അര്‍ജുന്‍ ആരാധകര്‍ സിനിമക്കായി കാത്തിരിക്കുന്നത്.

content highlight: actor allu arjun about fahadh fassil