എനിക്ക് നല്ലൊരു എഡിറ്ററെ കിട്ടി, ഇന്‍സ്റ്റഗ്രാമില്‍ ഒന്നിന് പിറകെ ഒന്നായി റീല്‍ വരുന്നതിന്റെ കാരണം പറഞ്ഞ് അജു
Malayalam Cinema
എനിക്ക് നല്ലൊരു എഡിറ്ററെ കിട്ടി, ഇന്‍സ്റ്റഗ്രാമില്‍ ഒന്നിന് പിറകെ ഒന്നായി റീല്‍ വരുന്നതിന്റെ കാരണം പറഞ്ഞ് അജു
ആര്യ.പി
Friday, 17th July 2026, 1:30 pm

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ സജീവമാണ് നടന്‍ അജു വര്‍ഗീസ്. വീട്ടിലെ ചെറിയ ചെറിയ തമാശകളും സ്വന്തമായി ചെയ്ത ചില പെര്‍ഫോമന്‍സുകളും സെല്‍ഫ് ട്രോള്‍ കണ്ടന്റുകളുമെല്ലാം അജു സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഈ വീഡിയോയ്ക്ക് വലിയ കാഴ്ചക്കാരേയും ലഭിക്കാറുണ്ട്.

എന്നാല്‍ അടുത്തിടെയായി അജു പങ്കുവെക്കുന്ന വീഡിയോകളുടെ എണ്ണം കൂടി, മാത്രമല്ല ഗംഭീരമായി എഡിറ്റ് ചെയ്തവയാണ് പല വീഡിയോകളും. എന്തുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ ഇത്രയും സജീവമായതെന്നും തുടരെ വീഡിയോകള്‍ ചെയ്യുന്നത് എന്തുകൊണ്ടാണെന്നുമുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ താരം.

സംഗതി മറ്റൊന്നുമല്ലെന്നും നല്ലൊരു എഡിറ്ററെ കിട്ടിയപ്പോള്‍ സ്‌റ്റോക്കുള്ള വീഡിയോസെല്ലാം ഒന്നിന് പിറകെ ഒന്നായി ഇറക്കുകയാണെന്നുമാണ് അജു പറഞ്ഞത്.

അജു വർഗീസ്.screen grab/youtube

‘ കുറേ എടുത്ത വീഡിയോകള്‍ കയ്യിലിരിപ്പുണ്ട്. ഇപ്പോള്‍ എനിക്ക് നല്ലൊരു എഡിറ്ററെ കിട്ടി. ഒരു റീല്‍ വെറുതെ ഇടുമ്പോള്‍ അതിന് ഭംഗിയില്ല. ഒരു എഡിറ്റര്‍ വരുമ്പോള്‍ അതിന് ഭംഗി വരും.

നമ്മള്‍ ചുമ്മാ ഇരിക്കുമ്പോള്‍ എടുത്തുവെക്കുന്ന വീഡിയോകളാണ് ഇവയെല്ലാം. ഗോദയിലേക്ക് കണക്ട് ചെയ്ത് ട്രാന്‍സിഷന്‍ കൊടുക്കുന്നതും ഭക്ഷണം കഴിക്കുമ്പോള്‍ അത്രയും വോയിസ് ഓവര്‍ കൊടുക്കുന്നതുമെല്ലാം ആ എഡിറ്ററുടെ കഴിവാണ്,’ അജു വര്‍ഗീസ് പറഞ്ഞു.

നിലപാടുകള്‍ കൂടുതല്‍ പ്രോഗ്രസീവായോ എന്നും ഓരോ കാര്യങ്ങള്‍ക്കും കൂടുതല്‍ വ്യക്തത വന്നോ എന്നുമുള്ള ചോദ്യത്തിനും അജു മറുപടി നല്‍കുന്നുണ്ട്.

‘ പണ്ട് ബോഡി ഷേമിങ് എന്‍ജോയ് ചെയ്തിട്ടുള്ളവരാണ് നമ്മള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍. എന്നാല്‍ ഇന്ന് അതില്‍ കോമഡിയില്ല എന്ന് മനസിലാക്കി നമ്മള്‍ അതില്‍ നിന്ന് പിന്‍വാങ്ങി.

അത്തരത്തില്‍ ചില കാര്യങ്ങള്‍ നമ്മുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ നമ്മള്‍ ഫോഴ്‌സ്ഫുളി മാറേണ്ടി വരും. പിന്നെ മക്കള്‍ നമ്മളെ തിരുത്തുന്നുണ്ട്.

ഞാന്‍ വളര്‍ന്നുവന്ന തലമുറയില്‍ ബോഡി ഷേമിങ് തെറ്റല്ല. പെട്ടെന്നൊരു ദിവസം അത് മാറുമ്പോള്‍ പാടാണ്. എന്നാല്‍ നാലഞ്ച് വര്‍ഷമായി ഈ പൊളിറ്റിക്കല്‍ കറക്ട്‌നെസൊക്കെ ചര്‍ച്ചയായിട്ട്. തെറ്റാണെന്ന് മനസിലാക്കുന്ന കാര്യങ്ങള്‍ നമ്മള്‍ തിരുത്തണം,’ അജു വര്‍ഗീസ് പറഞ്ഞു.

Content Highlight: Actor Aju Varghese about his Instagram vedio

 

ആര്യ.പി
ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.