ഞാന്‍ പറയും പുള്ളി ഉപദേശിക്കും, പിന്നേം ഞാന്‍ പറയും പുള്ളി ഉപദേശിക്കും; ഇതോടെ പറച്ചില്‍ ഞാനങ്ങ് നിര്‍ത്തി; വിനീതുമൊത്തുള്ള അനുഭവം പറഞ്ഞ് അജു വര്‍ഗീസ്
Malayalam Cinema
ഞാന്‍ പറയും പുള്ളി ഉപദേശിക്കും, പിന്നേം ഞാന്‍ പറയും പുള്ളി ഉപദേശിക്കും; ഇതോടെ പറച്ചില്‍ ഞാനങ്ങ് നിര്‍ത്തി; വിനീതുമൊത്തുള്ള അനുഭവം പറഞ്ഞ് അജു വര്‍ഗീസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th June 2021, 4:53 pm

നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനൊപ്പമുള്ള അനുഭവം പങ്കുവെച്ച് നടന്‍ അജു വര്‍ഗീസ്. വിനീത് എന്ന സംവിധായകനാണോ ധ്യാന്‍ എന്ന സംവിധായകനാണോ മുന്നില്‍ എന്ന ചോദ്യത്തിന് മറുപടി പറയവേയായിരുന്നു ഇരുവരെ കുറിച്ചും അജു വാചാലനായത്.

വിനീത് എന്ന സംവിധായകന്‍ തന്നെയാണ് ധ്യാനിനേക്കാള്‍ മുന്നില്‍ എന്നും ധ്യാനിനേക്കാള്‍ കൂടുതല്‍ സിനിമകള്‍ എടുത്ത സംവിധായകന്‍ വിനീത് ആണല്ലോയെന്നും അജു ചോദിക്കുന്നു. അതേസമയം വിനിതീന്റെ ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബും ധ്യാനിന്റെ ആദ്യ ചിത്രമായ ലൗ ആക്ഷന്‍ ഡ്രാമയും താരതമ്യം ചെയ്യുമ്പോള്‍ ധ്യാന്‍ എന്ന സംവിധായകനാണ് മുന്നിട്ട് നില്‍ക്കുകയെന്നും അജു പറയുന്നു.

സ്‌പൊണ്ടേനിയസ് ഹ്യൂമറിന്റെ കാര്യം നോക്കുകയാണെങ്കില്‍ അവിടെ ധ്യാനാണ് മുന്നില്‍. ധ്യാന്‍ തിരക്കഥ മുഴുവന്‍ തയ്യാറാക്കി കഴിഞ്ഞാലും സ്‌പോട്ടില്‍ എന്തെങ്കിലും കാര്യങ്ങളൊക്കെ വന്നുകഴിഞ്ഞാല്‍ ഡയലോഗൊക്കെ ചെറുതായി മാറ്റും. എന്നാല്‍ വിനീത് എഴുതിവെച്ചിരിക്കുന്നതില്‍ നിന്ന് ഒരക്ഷരം മാറ്റാറില്ല. അദ്ദേഹത്തിന്റെ ഒരു പ്രീ പ്ലാനിങ് വേറെയാണ്.

വ്യക്തിപരമായി രണ്ടുപേരും സുഹൃത്തുക്കളാണ്. എന്നാല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുക ധ്യാനുമായിട്ടാണ്. വിനീതിനോട് എല്ലാകാര്യങ്ങളും അങ്ങനെ പെട്ടെന്ന് പറയാന്‍ പറ്റില്ല. അദ്ദേഹത്തിനൊരു ചമ്മലാണ്. ഒരുമിച്ച് പഠിച്ചതൊക്കെയാണ് ഞങ്ങള്‍. അന്ന് കുഴപ്പമില്ലായിരുന്നു. പിന്നെ സിനിമ സംവിധാനം ചെയ്തുകഴിഞ്ഞതോടെ അദ്ദേഹം നമ്മുടെ മനസില്‍ ഒരു ഗുരുസ്ഥാനീയന്‍ കൂടിയായി.

എന്നാലും ചില ദിവസം ഞാന്‍ എന്തെങ്കിലുമൊക്കെ പറഞ്ഞുപോകും. പിന്നെ പുള്ളി പിറ്റേ ദിവസം നമ്മളെ ഉപദേശിക്കാന്‍ തുടങ്ങും. ഞാന്‍ പറയും പുള്ളി ഉപദേശിക്കും. ഞാന്‍ പറയും പുള്ളി ഉപദേശിക്കും. ഇത് തുടര്‍ന്നതോടെ ഞാന്‍ പറച്ചില്‍ നിര്‍ത്തി, അജു വര്‍ഗീസ് പറയുന്നു.

എന്നെങ്കിലും അസിസ്റ്റന്റ് ഡയരക്ടറാകണമെന്ന് തോന്നിയാല്‍ ആരെ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് ധ്യാനിനെ തെരഞ്ഞെടുക്കുമെന്നും വിനീതിനൊപ്പം ചെന്നാല്‍ ഭയങ്കരമായി പണിയെടുക്കേണ്ടി വരുമെന്നുമായിരുന്നു ചിരിച്ചുകൊണ്ടുള്ള അജുവിന്റെ മറുപടി. നിവിന്‍ പോളിയേക്കാള്‍ ഇഷ്ടം വിനീതിനെയാണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നും അജു മറുപടി നല്‍കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actor Aju Varghese About Director Vineeth Sreenivasan