‘ദൃശ്യം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ താരമാണ് അജിത്ത് കൂത്താട്ടുകുളം. കോമഡി പരിപാടികളിലൂടേയും മിമിക്രി ഷോകളിലൂടേയും പ്രേക്ഷകര്‍ക്ക് പരിചിതനായ അജിതിന്റെ ദൃശ്യം 2വിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ ദൃശ്യം 3 ലും അജിത്തിന്റെ സാന്നിധ്യമുണ്ട്.
ദൃശ്യത്തിലേക്ക് തനിക്ക് അവസരം ലഭിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് അജിത്ത്. ദൃശ്യം 2 വിലേക്ക് തന്നെ വിളിക്കുന്നത് ഷൂട്ടിന്റെ ഒരാഴ്ച മുന്‍പാണെന്നും ഫോണില്‍ ആയിരുന്നിട്ട് കൂടി ജീത്തു ജോസഫാണെന്ന് അറിഞ്ഞപ്പോള്‍ എഴുന്നേറ്റ് നിന്ന് മുണ്ടിന്റെ കുത്തഴിച്ചിട്ടെന്നും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അജിത് പറയുന്നു.
‘ എന്റെ ഒരു ഫോട്ടോ എടുത്ത് അയക്കാന്‍ അദ്ദേഹം പറഞ്ഞിരുന്നു. ഫോട്ടോ എടുക്കാന്‍ നോക്കിയിട്ട് കൈ വിറയ്ക്കുകയാണ്. സാറേ നാളെ സ്റ്റുഡിയോയില്‍ പോയി എടുത്തിട്ട് ഇട്ടുതരാമെന്ന് പറഞ്ഞു.
അത് വേണ്ട, ഞാന്‍ നാളെ തൊടുപുഴ വരുന്നുണ്ട് അവിടെ വന്നാല്‍ മതിയെന്ന് പറഞ്ഞു. ലൊക്കേഷന്‍ നോക്കാന്‍ വന്നതാണ്. അങ്ങനെ ജോര്‍ജുകുട്ടിയുടെ വീടിന്റെ വരാന്തയിലിരുന്ന് എന്റെ കഥ മാത്രം പറഞ്ഞുതരികയാണ്.
ദൃശ്യം 2ന്റെ ക്ലൈമാക്‌സ് പോലും അറിയില്ലായിരുന്നു. പുള്ളി പെട്ടുപോയതാണെന്ന് ജീത്തുസാര്‍ പറഞ്ഞിരുന്നു. ജീവിക്കാന്‍ വകുപ്പില്ല, പുള്ളി കണ്ടകാര്യം അതുപോലെ പൊലീസിനോട് പറയുകയാണല്ലോ’ അജിത്ത് പറയുന്നു.
രണ്ട് ചിത്രങ്ങളുടെയും ഷൂട്ടിങ് അനുഭവങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നുവെന്നും അജിത്ത് പറഞ്ഞു.
ദൃശ്യം സിനിമയില്‍ നിന്നുള്ള രംഗം Photo: Hotstar/Screengrab
‘ദൃശ്യം 2 വില്‍ സ്‌ക്രിപ്റ്റ് നേരത്തെ തന്നിരുന്നു. അന്ന് കൊറോണ സമയമായിരുന്നല്ലേ. നമ്മളെ ടെസ്റ്റൊക്കെ ചെയ്ത് അവിടെ ഒരു റൂമില്‍ ഇരുത്തിയിരിക്കുകയാണ്. അന്ന് സ്‌ക്രിപ്റ്റ് പച്ചവെള്ളം പോലെ പഠിച്ചു.’ ദൃശ്യം 3 യ്ക്ക് പക്ഷേ സ്‌ക്രിപ്റ്റ് തന്നിരുന്നില്ല. എനിക്ക് 14 ദിവസത്തെ ഷൂട്ടുണ്ടായിരുന്നു. സീന്‍ എടുക്കുന്നതിന്റെ പത്ത് മിനുട്ട് മുന്‍പ് മാത്രമാണ് സ്‌ക്രിപ്റ്റ് തന്നത്. എന്നാലും പെട്ടെന്ന് പഠിച്ചെടുക്കാന്‍ പറ്റി. അത്ര വലിയ ഡയലോഗൊന്നും ആയിരുന്നില്ല.’അജിത്ത് പറഞ്ഞു.
തുടക്കക്കാര്‍ക്കും ഒരുപാട് പ്രതിഭകള്‍ക്കും വലിയ അവസരങ്ങള്‍ നല്‍കുന്ന സംവിധായകനാണ് ജീത്തു ജോസഫ് എന്നും അജിത്ത് കൂട്ടിച്ചേര്‍ത്തു. ‘പിന്നെ എത്ര ആര്‍ട്ടിസ്റ്റുകള്‍ക്കാണ് പുള്ളി ഒരു ജീവിതം കൊടുത്തത്. ഒരുപാട് പേര്‍ കേറി വന്നില്ലേ,’അജിത്ത് കൂത്താട്ടുകുളം പറഞ്ഞു.
Content Highlight: Actor Ajith Koothattukulam About Drishyam 3