നാല് സ്വര്‍ണം, രണ്ട് വെങ്കലം; ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ തൂത്തുവാരി തല അജിത്ത്
Entertainment news
നാല് സ്വര്‍ണം, രണ്ട് വെങ്കലം; ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ തൂത്തുവാരി തല അജിത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 30th July 2022, 1:39 pm

ആരാധക പിന്തുണയില്‍ തമിഴ്‌നാട്ടില്‍ ഏറെ മുന്നിലുള്ള താരമാണ് അജിത്ത്. ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ വലിയൊരു വിഭാഗം പ്രേക്ഷകരെ അദ്ദേഹം തന്റെ ആരാധകരാക്കി മാറ്റിയിട്ടുണ്ട്.

അഭിനയത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തന്റെ ഇഷ്ട മേഖലകളില്‍ മികവ് തെളിക്കുന്ന താരം കൂടിയാണ് അദ്ദേഹം. താരത്തിന്റെ ബൈക്ക് റേസിങ് ഹോബിയും, ഷൂട്ടിങ് ഹോബിയുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ തമിഴ്‌നാട്ടില്‍ നടന്ന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണ മെഡലും രണ്ട് വെങ്കലവുമാണ് താരത്തിന് ലഭിച്ചത്.

അജിത്ത് നേരത്തെ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതിന് പിന്നാലെയാണ് താരത്തിന് ലഭിച്ച നേട്ടങ്ങളുടെ വിവരങ്ങളും പുറത്തുവരുന്നത്. താരത്തിന്റെ ഈ നേട്ടം ആരാധകരും ഏറ്റെടുത്ത് കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ വലിയ ആഘോഷമാണ് അജിത്ത് ആരാധകര്‍ നടത്തുന്നത്.

47ാമത് തമിഴ്‌നാട് ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിലാണ് അജിത്തിന് ഈ നേട്ടം ലഭിച്ചിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലും താരം ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിട്ടുണ്ട്.

വലിമൈയാണ് അജിത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷം പുറത്തിറങ്ങിയ ചിത്രം എന്നാല്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു സമ്മാനിച്ചത്.

ബോണി കപൂര്‍ ആയിരുന്നു വലിമൈയുടെ നിര്‍മാണം. ബോണി കപൂര്‍ തന്നെ നിര്‍മിക്കുന്ന ചിത്രത്തിലാണ് അജിത്ത് അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം ത്രില്ലര്‍ ജോണറിലാണ് ഒരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. അജിത്തിന്റെ 61ാമത് ചിത്രമായിട്ടാവും സിനിമ പുറത്തുവരിക. ഇതിന് ശേഷം വിഘ്നേഷ് ശിവന്റെ ചിത്രത്തിലാവും അജിത്ത് അഭിനയിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്.

ഈ സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആകുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Content Highlight : Actor Ajith got 4 Gold medals in Tamilnadu shooting Championship