എവിടെ നിന്ന് സിനിമ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകന്റേത്: ആമിര്‍ ഖാന്‍
Indian Cinema
എവിടെ നിന്ന് സിനിമ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകന്റേത്: ആമിര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 9th December 2025, 8:15 am

തന്റെ സിനിമ പ്രേക്ഷകന്‍ എവിടെ നിന്ന് കാണുന്നുവെന്നതിനെക്കാള്‍ സിനിമ കാണുന്നുണ്ടോ എന്നതാണ് പ്രധാനമെന്നും ഏത് പ്ലാറ്റ്‌ഫോമില്‍ നിന്നുമാണ് സിനിമ കാണേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകന് നല്‍കണമെന്നും ബോളിവുഡ് താരം ആമിര്‍ ഖാന്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട് താരത്തിന്റെ പ്രതികരണം.

‘സിത്താരെ സമീന്‍ പര്‍’. Photo: screen grab/ movie trailer/ youtube.com

ആമിര്‍ നായകനായ ‘സിത്താരെ സമീന്‍ പര്‍’ തിയേറ്റര്‍ റിലീസിനു ശേഷം പേ പെര്‍ വ്യൂ മോഡലില്‍ യൂ ട്യൂബിന് നല്‍കിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് താരത്തിന്റെ പ്രതികരണം.

‘ഒരു നിര്‍മാതാവെന്ന നിലയില്‍ പണമുണ്ടാക്കാന്‍ വേണ്ടി മാത്രമാണ് ഞാന്‍ അത് ചെയ്തതെന്ന് പറഞ്ഞാല്‍ ശരിയല്ല. തിയേറ്റര്‍ റിലീസിനു ശേഷം നേരിട്ട് ഒ.ടി.ടി. യിലേക്ക് പോകുന്നതിന് പകരം സിനിമകള്‍ക്ക് മറ്റൊരു വിന്‍ഡോ വേണം. കുറഞ്ഞത് ഒരു മാസം തൊട്ട് ഒരു നിശ്ചിത സമയത്തേക്ക് ഇത്തരത്തില്‍ ഒരു പേ പെര്‍ വ്യൂ രീതിയില്‍ സിനിമകള്‍ നല്‍കുന്നത് നിര്‍മാതാക്കള്‍ക്ക് സഹായകരമാണ്.

തിയേറ്റര്‍ റിലീസിനു ശേഷം പേ പെര്‍ വ്യൂ വിലേക്കും ഇതിനു ശേഷം മാത്രം ഒ.ടി.ടി. യിലേക്കും എന്ന രീതിയില്‍ ചിത്രം റിലീസ് ചെയ്താല്‍ വലിയ രീതിയില്‍ ഇന്‍ഡസ്ട്രിക്ക് ഗുണം ചെയ്‌തേക്കാം. അതുകൊണ്ട് തന്നെ മൊത്തം ഇന്‍ഡസ്ട്രിയുടെ കൂട്ടായ ഒരു പ്രവര്‍ത്തിയെന്ന നിലയിലാണ് യൂട്യൂബിന് നല്‍കിയതിനെ നോക്കികാണുന്നത്.

ആമിര്‍ ഖാന്‍, ‘സിത്താരെ സമീന്‍ പര്‍’ സിനിമയില്‍. Photo: screen grab/ movie trailer/ youtube.com

പ്രേക്ഷകരിലേക്കെത്തിക്കണം അവരത് ആസ്വദിക്കണം എന്ന ചിന്തയോടെയാണ് ഞാന്‍ ഓരോ സിനിമയും ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ എവിടെ നിന്നാണ് അവര്‍ സിനിമ കാണുന്നതെന്നത് എന്നെ സംബന്ധിച്ച് പ്രധാനപ്പെട്ട കാര്യമല്ല, എന്റെ സിനിമ കാണുന്നുണ്ടോ എന്നാണ് ഞാന്‍ ശ്രദ്ധിക്കാറുളളത്. ഒരു ഇന്‍ഡസ്ട്രി എന്ന നിലയില്‍ പ്രേക്ഷകര്‍ എവിടെ നിന്നും സിനിമ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം അവര്‍ക്കു തന്നെ നല്‍കണം’ ആമിര്‍ പറഞ്ഞു.

ആര്‍.എസ്.പ്രസന്നയുടെ സംവിധാനത്തില്‍ ആമിര്‍ ഖാന്‍ നായകനായ സിത്താരെ സമീന്‍ പര്‍ തിയേറ്ററിലെ മികച്ച പ്രകടനത്തിനു ശേഷം ഈ വര്‍ഷം ആഗസ്റ്റില്‍ പേ പെര്‍ വ്യൂ രീതിയില്‍ യൂട്യൂബിന് നല്‍കിയിരുന്നു. ഒരു തവണ കാണുന്നതിന് നൂറു രൂപയാണ് പ്ലാറ്റ്‌ഫോം കാഴ്ച്ചക്കാരില്‍ നിന്നും ഈടാക്കുന്നത്. കണ്ടു തുടങ്ങിയാല്‍ 48 മണിക്കൂറുകള്‍ മാത്രമാണ് യൂട്യൂബ് നല്‍കുന്ന വാലിഡിറ്റി.

Content Highlight: Actor aamir khan talks about launching sitare zameen par at YouTube on per view model