കെ. ആര്‍ നാരായണന്‍ സമരത്തില്‍ സര്‍ക്കാരിന്റേത് ഉത്തരേന്ത്യക്ക് സമാനമായ ജനാധിപത്യവിരുദ്ധ നടപടി: വാര്‍ത്താസമ്മേളനം വിളിച്ച് സിനിമാ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും
Kerala News
കെ. ആര്‍ നാരായണന്‍ സമരത്തില്‍ സര്‍ക്കാരിന്റേത് ഉത്തരേന്ത്യക്ക് സമാനമായ ജനാധിപത്യവിരുദ്ധ നടപടി: വാര്‍ത്താസമ്മേളനം വിളിച്ച് സിനിമാ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th January 2023, 8:15 pm

തിരുവനന്തപുരം: കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ജാതിവിവേചനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാപ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും രംഗത്ത്. സംവിധായകരായ ജിയോ ബേബി, വിധു വിന്‍സന്റ്, ആക്ടിവിസ്റ്റുകളായ ശ്രീജ നെയ്യാറ്റിന്‍കര, അഡ്വ. കുക്കു ദേവകി, കെ.ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി നേതാവ് ജിതിന്‍ നാരായണന്‍ എന്നിവരാണ് തിരുവനന്തപുരത്ത് വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നടപടി ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടുകയും കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധതയ്ക്കും നവോത്ഥാന പോരാട്ടങ്ങള്‍ക്കും കടുത്ത കളങ്കം സൃഷ്ടിച്ച വിഷയത്തില്‍ അടിയന്തിര നടപടിക്ക് സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

തികച്ചും സമാധാനപരമായി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ കേള്‍ക്കാതെ ഉത്തരേന്ത്യക്ക് സമാനമായി സ്ഥാപനം ദീര്‍ഘകാലം അടച്ചിടുന്ന ജനാധിപത്യവിരുദ്ധ നടപടിയാണ് സര്‍ക്കാരും തുടരുന്നതെന്ന് പ്രസ്താവനയില്‍ വിമര്‍ശനമുന്നയിച്ചു.

ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേധാവികളായ അടൂര്‍ ഗോപാലകൃഷ്ണന്‍, ശങ്കര്‍ മോഹന്‍ എന്നിവര്‍ക്കെതിരെ ഇതുവരെ യാതൊരു നടപടികളും ഉണ്ടായില്ല എന്നത് അത്യന്തം ഗൗരവതരമാണെന്നും സിനിമാ-ആക്ടിവിസ്റ്റ് ഗ്രൂപ്പ് പറഞ്ഞു.

‘വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ സംവരണ അട്ടിമറി നടത്തിയത് മുതല്‍ വനിതാ ജീവനക്കാരെ അവരുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തും വിധം പണിയെടുപ്പിച്ചതു വരെയുള്ള അനീതികള്‍ നടന്നിരിക്കുന്നു,’

ഇന്ത്യയിലെ ദളിത് ശാക്തീകരണത്തിന്റെ പ്രതീകമായാണ് ശ്രീ. കെ ആര്‍ നാരായണന്‍ രാഷ്ട്രപതിയായി അവരോധിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് അദ്ദേഹത്തിന്റെ തന്നെ പേരിലുള്ള ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ജാതി പീഡനത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ചിരിക്കുകയാണ്,’ പ്രസ്താവനയില്‍ പറയുന്നു.

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ജാതീയമായ വിവിധ നടപടികളെ കുറിച്ചും സംഘം വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചിരുന്നു. അഡ്മിഷന്‍, ഇന്റര്‍വ്യൂ എന്നിവയില്‍ തുടങ്ങി കോഴ്‌സ് ഫീസ് വരെ സര്‍ക്കാര്‍ പൊതുവില്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും സ്ഥാപനം ലംഘിച്ചതായി വസ്തുതാപരമായി തെളിയിക്കപ്പെട്ടിരിക്കുന്നു. സ്റ്റുഡന്‍സ് കൗണ്‍സില്‍ ഉന്നയിച്ചിട്ടുള്ള വിഷയങ്ങളുടേയും ആവശ്യങ്ങളുടേയും മെറിറ്റ് പരിശോധിക്കാതെയാണ് സ്ഥാപന മേധാവികള്‍ പ്രതികരിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

സ്റ്റുഡന്റ് കൗണ്‍സില്‍ ആവശ്യം മുന്‍നിര്‍ത്തി ഇ-ഗ്രാന്റ് വിതരണം കാര്യക്ഷമമാക്കുക, ഫീസ് ഇളവ് പ്രഖ്യാപിക്കുക, എക്‌സിക്യുട്ടീവ് കൗണ്‍സില്‍, അക്കാദമിക് കൗണ്‍സില്‍ എന്നിവയില്‍ വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉറപ്പാക്കുക, എന്‍ട്രന്‍സ്, അഡ്മിഷന്‍, ഇന്റര്‍വ്യൂ എന്നിവ സുതാര്യമാക്കുക, സബ്‌സിഡി റേറ്റില്‍ കാന്റീന്‍ ഭക്ഷണം നല്‍കുക എന്നിവ ഉള്‍പ്പെടെ 15ല്‍പ്പരം അക്കാദമിക്-അക്കാദമിക് ഇതര പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ നിലയില്‍ നടത്തുക എന്നിവ സുപ്രധാനമായി പരിഗണിക്കപ്പെടേണ്ടതാണെന്നും സംഘം ആവശ്യപ്പെട്ടു.

ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതീയ വിവേചനത്തിനെതിരെയാണ് വിദ്യാര്‍ത്ഥികളും ശുചീകരണ തൊഴിലാളികളും സമരം നടത്തുന്നത്. ഇതിന് കാരണക്കാരനായ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ശങ്കര്‍ മോഹനനെ പുറത്താക്കണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ ശങ്കര്‍ മോഹനനെ ന്യായീകരിച്ചും വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും അധിക്ഷേപിച്ചും ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതീയമായ വിവേചനം ഇല്ലെന്നാണ് അവകാശപ്പെടുന്നത്.

അതേസമയം, സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ആഷിഖ് അബു, അമല്‍ നീരദ്, രാജീവ് രവി, ജോയ് മാത്യു, മഹേഷ് നാരായണന്‍, ഷഹബാസ് അമന്‍ തുടങ്ങി സിനിമാ മേഖലയിലെ പല പ്രമുഖരും രംഗത്തെത്തിയിരുന്നു.

Content Highlight: Activists and film fraternity asks for immediate action in K R Narayanan Film Institute protest