തിരുവനന്തപുരം: ചേര്‍ത്തല സ്വദേശി മോഹനന്‍ വൈദ്യര്‍ക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഡി.ജി.പി.ക്ക് പരാതി നല്‍കി. തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നുള്ള ആരോഗ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മോഹനന്‍ വൈദ്യര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡി.ജി.പി.യ്ക്ക് പരാതി നല്‍കിയത്.
പാരിപ്പള്ളിയില്‍ ജനകീയ നാട്ടുവൈദ്യശാല എന്ന പേരില്‍ ചേര്‍ത്തല സ്വദേശി മോഹനന്‍ വൈദ്യര്‍ വ്യാജ ചികിത്സ നടത്തുന്നതായി ആരോഗ്യ വകുപ്പിന് പരാതി നല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഡ്രഗ്സ് കണ്‍ട്രോളര്‍ അന്വേഷണം നടത്തി കൗണ്‍സിലിന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെയടിസ്ഥാനത്തില്‍ ഈ കൗണ്‍സിലിന്റെ അച്ചടക്കസമിതി നടത്തിയ പരിശോധനയില്‍ ഇദ്ദേഹം നടത്തുന്നത് വ്യാജ ചികിത്സയാണെന്ന് കണ്ടെത്തി.
ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ബന്ധപ്പെട്ട കൗണ്‍സില്‍ രജിസ്ട്രേഷനും ഇദ്ദേഹം നടത്തിയിട്ടില്ലായിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് വ്യാജ ചികിത്സ നടത്തുന്നുവെന്ന കുറ്റത്തിന് മോഹനന്‍ വൈദ്യര്‍ക്കെതിരെ ഡി.ജി.പി.യ്ക്ക് പരാതി നല്‍കിയത്.
നേരത്തെ നിപ വൈറസിനെക്കുറിച്ച് തെറ്റായതും അപകടകരവുമായ പ്രചാരണം നടത്തിയതിന് മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ കേസെടുത്തിരുന്നു. തൃത്താല പൊലീസ് ആണ് കേസെടുത്തത്. പ്രൈവറ്റ് ആയുര്‍വേദിക് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്റെ പരാതിയിലായിരുന്നു കേസ്.
പേരാമ്പ്ര മേഖലയില്‍ നിന്നും ശേഖരിച്ച വവ്വാല്‍ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് പഴങ്ങള്‍ തിന്നുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് മോഹനന്‍ വൈദ്യര്‍ ഫേസ്ബുക്കില്‍ വ്യാജ പ്രചാരണം നടത്തിയത്. വവ്വാലും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ശക്തമായ നിര്‍ദേശം നല്‍കി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മോഹനന്‍ വൈദ്യര്‍ ഇത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
ALSO READ: ബി.ജെ.പി സഖ്യം രാഷ്ട്രീയജീവിതത്തിലെ കറുത്തപാട്; ദേവഗൗഡയോട് മാപ്പുപറഞ്ഞ് കുമാരസ്വാമി
“ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു ഞാന്‍ ഈ വവ്വാല്‍ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ മരിക്കണം. ” എന്നു പറഞ്ഞുകൊണ്ടാണ് മോഹനന്‍ വൈദ്യര്‍ വീഡിയോ പ്രചരിപ്പിച്ചത്.
എന്നാല്‍ കേസെടുത്തതിനു പിന്നാലെ താന്‍ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് പറഞ്ഞ് മോഹനന്‍ വൈദ്യര്‍ മാപ്പ് പറഞ്ഞിരുന്നു.
WATCH THIS VIDEO:
