'ബാല്യകാലം മുതലുള്ള സുഹൃത്താണ് അനില്‍ ആന്റണി': പത്തനംതിട്ടയില്‍ അനിലിനെതിരെ പ്രചരണത്തിന് ഇറങ്ങില്ലെന്ന് അച്ചു ഉമ്മന്‍
Kerala News
'ബാല്യകാലം മുതലുള്ള സുഹൃത്താണ് അനില്‍ ആന്റണി': പത്തനംതിട്ടയില്‍ അനിലിനെതിരെ പ്രചരണത്തിന് ഇറങ്ങില്ലെന്ന് അച്ചു ഉമ്മന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th March 2024, 12:10 pm

തിരുവനന്തപുരം: പത്തനംതിട്ടയിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ അനില്‍ ആന്റണിക്കെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ബാല്യകാലം മുതലുള്ള സുഹൃത്താണ് അനിലെന്നും അച്ചു പറഞ്ഞു. എന്നാല്‍ ബാക്കിയുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചരണം നടത്തുമെന്നും അച്ചു കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ ഏജന്‍സിയായ എ.ഐ.എന്‍.എസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കേരള രാഷ്ട്രീയത്തിലെ സജീവ പ്രവര്‍ത്തകരായിരുന്ന ഉമ്മന്‍ ചാണ്ടിയും, എ.കെ. ആന്റണിയും നല്ല സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഉമ്മന്‍ ചാണ്ടി അന്തരിച്ചത്. കോണ്‍ഗ്രസ് രാഷ്ട്രീയത്തെ ഞെട്ടിച്ചു കൊണ്ടായിരുന്നു എ.കെ.ആന്‍ണിയുടെ മകന്‍ അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകള്‍ പദ്മജ വേണുഗോപാലും കഴിഞ്ഞ മാസം ബി.ജെ.പി.യില്‍ ചേര്‍ന്നിരുന്നു.

ദുബായില്‍ മോഡലിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ് അച്ചു ഉമ്മന്‍. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ അച്ചുവിന്റെ പേര് കേട്ടിരുന്നുവെങ്കിലും സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് അച്ചു വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞടുപ്പ് പ്രചരണത്തിലും തന്റെ നിലപാട് അച്ചു അറിയിച്ചത്.

മുന്‍ ധനമന്ത്രിയും സി.പി.ഐ.എം നേതാവുമായ തോമസ് ഐസക്കും, യു.ഡി.എഫിന്റെ സിറ്റിങ് എം.പി ആന്റോ ആന്റണിയുമാണ് പത്തനംതിട്ട മണ്ഡലത്തില്‍ അനിലിന്റെ എതിരാളികള്‍. ഏപ്രില്‍ 26നാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.

Content Highlight: Achu Oommen saying that she wont campaign against Anil Antony in Pathanamthitta