കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ സ്വീകരിക്കുന്നുവെന്ന് സംസ്ഥാന മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം. രാജ്യത്തുടനീളം ബി.ജെ.പിക്കും കേന്ദ്രം ഭരിക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനുമെതിരെ നിലപാടെടുത്തിട്ടുള്ളവരാണ് വെല്‍ഫെയര്‍ പാര്‍ട്ടിയെന്നും പി.എം.എ സലാം പറഞ്ഞു.
കഴിഞ്ഞ ഒരുപാട് കാലമായി വെല്‍ഫെയര്‍ പാര്‍ട്ടി സി.പി.ഐ.എമ്മിനോട് ഒപ്പമായിരുന്നു. ഇടതുപക്ഷത്തെയായിരുന്നു അവര്‍ പിന്തുണച്ചിരുന്നതെന്നും പി.എം.എ സലാം പറഞ്ഞു. ന്യൂസ് മലയാളത്തോട് പ്രതികരിക്കവേയാണ് പി.എം.എ സലാമിന്റെ പരാമര്‍ശം.
അക്കാലത്ത് സി.പി.ഐ.എമ്മും വെല്‍ഫെയര്‍ പാര്‍ട്ടിയും നല്ല ബന്ധത്തിലായിരുന്നു. വി.എസ് സര്‍ക്കാരിന്റെ കാലത്ത് ഉണ്ടാക്കിയ എല്ലാ കമ്മിറ്റികളിലും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് പ്രാതിനിധ്യം നല്‍കിയിരുന്നു.
ഇടതുപക്ഷത്തിന്റെ നിലപാടിലുണ്ടായ വ്യതിയാനവും അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണെന്നും മനസിലാക്കിയതോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണികളെ സഹായിക്കാന്‍ തയ്യാറായതെന്നും പി.എം.എ സലാം പറഞ്ഞു.
ഇന്ത്യാ മുന്നണിയുടെ ഭാഗമായി വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെ യു.ഡി.എഫിനെ പിന്തുണക്കുന്നു. ആ പിന്തുണ തങ്ങള്‍ സ്വീകരിക്കുന്നുവെന്നും പി.എം.എ സലാം പ്രതികരിച്ചു.
ഇക്കാലയളവില്‍ തങ്ങളെ യു.ഡി.എഫില്‍ അസ്സോസിയേറ്റ് മെമ്പറാക്കണം എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി രംഗത്തെത്തിയിരുന്നു.
ഇടതുപക്ഷ സര്‍ക്കാരിനോടുള്ള വിയോജിപ്പാണ് വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണക്കുന്നതിന് കാരണമെന്നും 2019 മുതല്‍ യു.ഡിഎഫുമായി സഹകരിക്കുന്നുണ്ടെന്നും റസാഖ് പാലേരി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlight: Accepting the support of the Welfare Party: PMA Salam