എഡിറ്റര്‍
എഡിറ്റര്‍
ഗെയില്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ല; കുപ്രചരണങ്ങളില്‍ വീഴരുതെന്നും മന്ത്രി
എഡിറ്റര്‍
Thursday 2nd November 2017 9:19pm

തിരുവനന്തപുരം: ഗെയില്‍ വാതക പൈപ്പ്ലൈന്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍. സമരക്കാര്‍ക്കു നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നു നടന്ന ഹര്‍ത്താലിലും സംഘര്‍ഷമുണ്ടായ സാഹചര്യത്തിലാണ് വിഷയത്തില്‍ വിശദീകരണവുമായി മന്ത്രിയെത്തിയത്.


Also Read: ‘ബദലുയരുന്നുവോ?’; ഉദ്ധവ് താക്കറെ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി


ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഗെയില്‍ പദ്ധതിക്കെതിരെ വ്യാപകമായ കുപ്രചരണം നടത്തുകയാണെന്നും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരുടെ കുപ്രചാരണങ്ങളില്‍ വീഴരുതെന്നും മന്ത്രി പറഞ്ഞു. പദ്ധതി തടസപ്പെടുത്തുന്നവര്‍ കേരളത്തിന്റെ വികസനത്തെ തകര്‍ക്കുന്നവരാണെന്നും എല്‍.എന്‍.ജി ഒട്ടും അപകടസാധ്യതയില്ലാത്തതും മലിനീകരണം കുറയ്ക്കാന്‍ സഹായകരമായതാണെന്നും മന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

‘പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതു 10 മീറ്റര്‍ വീതിയിലാണ്. എങ്കിലും നിര്‍മാണസമയത്തു 20 മീറ്റര്‍ വീതി ആവശ്യമുള്ളതിനാല്‍ അതിനുള്ള നഷ്ടപരിഹാരം നല്‍കുന്നു. സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഉപയോഗ അവകാശം മാത്രമാണ് ഏറ്റെടുക്കുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നില്ല. അതിനാല്‍ സ്ഥലത്തിന്റെ പുതുക്കിയ ന്യായ വിലയുടെ 50 ശതമാനവും കൂടാതെ വിളകളുടെ വിലയും നല്‍കുന്നു.’

‘പൈപ്പ് ലൈനിന്റെ പ്രാധാന്യം കണക്കിലെടുത്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി തന്നെ നേരിട്ടു യോഗങ്ങള്‍ വിളിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തിയിട്ടുണ്ട്.’ മന്ത്രി പറഞ്ഞു.

പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി സംസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടു സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കും. കൊച്ചിയിലെ എല്‍.എന്‍.ജി പദ്ധതിയിലൂടെ സംസ്ഥാനത്തിനു വന്‍ നികുതി വരുമാനം ലഭിക്കും. അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കാനാണു സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി പറഞ്ഞു


Dont Miss: കേരള നിയമസഭയിലെ 87 എം.എല്‍.എമാര്‍ ക്രിമിനലുകള്‍; 61 പേര്‍ കോടിപതികള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്


പെട്രോനെറ്റില്‍ നിന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ കൂടി ഗ്യാസ് പൈപ്പ് ലൈന്‍ വഴി മംഗലാപുരത്തേക്കും കോയമ്പത്തൂരേക്കും ഗ്യാസ് അതോററ്റി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ മേല്‍നോട്ടത്തില്‍ പ്രകൃതി വാതകം (എല്‍.എന്‍.ജി) എത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.

കേരളത്തിലെ എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കൂടിയാണ് ഗെയില്‍ പൈപ്പ് കടന്നുപോകുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പതിനയ്യായിരം കിലോമീറ്ററോളം ദൂരത്തില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ ശൃംഖലകളുണ്ട്. കേരളത്തില്‍ 503 കിലോമീറ്റര്‍ ദൂരത്തില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Advertisement