എഡിറ്റര്‍
എഡിറ്റര്‍
‘ബദലുയരുന്നുവോ?’; ഉദ്ധവ് താക്കറെ മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി
എഡിറ്റര്‍
Thursday 2nd November 2017 7:55pm

 

മുംബൈ: മോദിസര്‍ക്കാരിനും ബി.ജെ.പി നേതൃത്വത്തിനുമെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനു പിന്നാലെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ഇരുവരും ചര്‍ച്ചചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


Also Read: വിദ്യാഭാരതി സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കുന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: പൊതുവിദ്യാഭ്യാസ ഡയറക്ടര്‍


ദക്ഷിണ മുംബൈയിലെ ഹോട്ടലില്‍ മകന്‍ ആദിത്യ താക്കറെയ്ക്കൊപ്പമായിരുന്നു ഉദ്ധവിന്റെ സന്ദര്‍ശനം. കൂടിക്കാഴ്ച മൂന്നു മണിക്കൂറോളം നീണ്ടുനിന്നതായി സി.എന്‍.എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത തുടങ്ങിയ വിഷയങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ നയങ്ങള്‍ക്കെതിരെ ഒരുപോലെ ശബ്ദമുയര്‍ത്തുന്ന രാജ്യത്തെ രണ്ടു പ്രധാന പാര്‍ട്ടികളാണ് ശിവസേനയും തൃണമുല്‍ കോണ്‍ഗ്രസും. ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയതിനെ രാഷ്ട്രീയ കേന്ദ്രങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്.


Dont Miss: ‘സര്‍ക്കാരിന് തിരിച്ചടി’; ദല്‍ഹി ഭരിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി വേണമെന്ന് സുപ്രീം കോടതി


ചൊവ്വാഴ്ചയായിരുന്നു മമത മുംബൈയിലെത്തിയത്. ജനുവരിയില്‍ കൊല്‍ക്കത്തയില്‍ നടക്കുന്ന ബംഗാള്‍ ഗ്ലോബല്‍ ബിസിനസ് സമ്മിറ്റുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കാണ് മമത മുംബൈയിലെത്തിയത്.

കൂടിക്കാഴ്ചക്ക് പിന്നാലെ ഉദ്ധവ് താക്കറെയും മമതയും തമ്മിലുള്ള കൂടിക്കാഴ്ച തികച്ചും സൗഹൃദ സന്ദര്‍ശനം മാത്രമാണെന്നും മറ്റ് അര്‍ഥങ്ങളൊന്നുമില്ലെന്നും ശിവസേന പ്രതികരിച്ചു.

Advertisement