കോട്ടയം: ആര്‍.എസ്.എസ് ശാഖയില്‍ വെച്ച് കുട്ടിക്കാലം തൊട്ട് പീഡനത്തിനിരയായിരുന്നെന്ന കോട്ടയം സ്വദേശിയായ യുവാവിന്റെ ആത്മഹത്യാക്കുറിപ്പിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് പൊന്‍കുന്നം പൊലീസ്.
ഒക്ടോബര്‍ ഒമ്പതിനാണ് ശാഖയില്‍ വെച്ച് കുട്ടിക്കാലം മുതല്‍ പീഡനങ്ങള്‍ക്കിരയായെന്ന് വെളിപ്പെടുത്തുന്ന കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കിട്ട് തമ്പാനൂരിലെ ലോഡ്ജ് മുറിയില്‍ വെച്ച് യുവാവ് ജീവനൊടുക്കിയത്.
ഐ.ടി ജീവനക്കാരനായ യുവാവ് കുട്ടിക്കാലത്ത് താന്‍ നേരിട്ട പീഡനത്തെ കുറിച്ച് പറയുന്ന ആത്മഹത്യാക്കുറിപ്പും, സോഷ്യല്‍മീഡിയയില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ച വീഡിയോയുമാണ് കേസില്‍ വഴിത്തിരിവായത്.
മരണത്തിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തെത്തിയ കുറിപ്പില്‍ പ്രതിയെ കുറിച്ച് എന്‍.എം എന്ന സൂചന മാത്രമായിരുന്നു നല്‍കിയിരുന്നത്. ആ സമയത്ത് തന്നെ നിതീഷ് മുരളീധരനെതിരെ ആരോപണമുയര്‍ന്നെങ്കിലും ആര്‍.എസ്.എസ് പ്രദേശിക നേതൃത്വമുള്‍പ്പെടെ ആരോപണം നിഷേധിച്ചിരുന്നു.
പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്തുവെച്ച വീഡിയോയിലൂടെ പ്രതിയുടെ മുഴുവന്‍ പേരടക്കം വെളിപ്പെടുകയായിരുന്നു.
ആര്‍.എസ്.എസ് ശാഖയില്‍ വെച്ച് താന്‍ ലൈംഗിക പീഡനത്തിനിരയായെന്നും പ്രതി നിതീഷ് മുരളീധരനാണെന്നും വെളിപ്പെടുത്തുന്നതായിരുന്നു യുവാവിന്റെ വീഡിയോ. തുടര്‍ന്ന് തമ്പാനൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ആര്‍.എസ്.എസുകാരെ ഒരിക്കലും വിശ്വസിക്കരുതെന്നും താന്‍ ക്രൂരമായ പീഡനമാണ് നേരിട്ടതെന്നും യുവാവ് ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു.
ആര്‍.എസ്.എസിന്റെ ക്യാമ്പുകളില്‍ നിന്നാണ് തനിക്ക് ദുരനുഭവമുണ്ടായത്. പിന്നീടുള്ള കാലം താനതിന്റെ വിഷാദത്തിലായിരുന്നെന്നും ഒരിക്കലും ഒരു നല്ല മനുഷ്യനായി ജീവിക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും യുവാവ് പറഞ്ഞിരുന്നു.
ആര്‍.എസ്.എസുകാരുമായി സൗഹൃദം സ്ഥാപിക്കരുതെന്നും അവര്‍ ബാലപീഡകരാണെന്നും യുവാവിന്റെ കുറിപ്പിലും വീഡിയോയിലും ആവര്‍ത്തിച്ചിരുന്നു.