സിനിമ മാത്രമല്ല ജനങ്ങളെ സ്വാധീനിക്കുന്നത്: അബു സലീം
Entertainment
സിനിമ മാത്രമല്ല ജനങ്ങളെ സ്വാധീനിക്കുന്നത്: അബു സലീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 18th March 2025, 4:05 pm

മലയാള സിനിമയുടെ വില്ലന്‍ മുഖമാണ് അബു സലീം. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ഒപ്പം വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ച അബു സലീമിനെ മലയാള സിനിമക്ക് സുപരിചിതമാണ്.

വില്ലന്‍ വേഷങ്ങള്‍ക്ക് പുറമേ ചില ഹാസ്യവേഷങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട്. 1978 ല്‍ പുറത്തിറങ്ങിയ രാജന്‍ പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച ഇദ്ദേഹം കേരള പൊലീസ് ഉദ്യോഗസ്ഥനുമായിരുന്നു.

ഇപ്പോള്‍ സിനിമ മോശമായ രീതിയില്‍ ജനങ്ങളെ സ്വാധീനിക്കുന്നുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം. സിനിമകളെ സിനിമകളായി തന്നെ കാണാന്‍ എല്ലാവരും ശ്രമിക്കണമെന്നും നല്ലതേത് മോശമേതെന്ന് വേര്‍തിരിച്ചു കാണാന്‍ ജനങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറയുന്നു.

സിനിമകളെ അതിന്റേതായ രീതിയില്‍ കാണാനും കാണിച്ചുകൊടുക്കാനും മറ്റുള്ളവര്‍ക്ക് കഴിയണമെന്നും അബു സലീം പറയുന്നു. സിനിമ എന്ന ഒറ്റ ഘടകം മാത്രമല്ല ജനങ്ങളെ സ്വാധീനിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അബു സലീം

‘ഒരു സിനിമയിലെ നായകന്റെയും പ്രതിനായകന്റെയും രണ്ടു ഭാഗമാണ് നന്മയും തിന്മയും. അവിടെ ചിലപ്പോള്‍ തിന്മയുടെ ഭാഗം ആദ്യമൊക്കെ വിജയിക്കും. എന്നാല്‍ സ്ഥിരമായുള്ള വിജയം നന്മക്ക് മാത്രമേ കിട്ടുകയുള്ളു. ആ നന്മയെയാണ് നമ്മള്‍ ഫോളോ ചെയ്യേണ്ടത്. സന്ദേശങ്ങളൊക്കെ ഉള്ള സിനിമകള്‍ വരുന്നത് നല്ലതാണ്. സിനിമ സിനിമയായി തന്നെ കാണാന്‍ പഠിക്കണം.

നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളുക. അല്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കണം. ഒരിക്കലും സിനിമ മാത്രമല്ല ആളുകളെ സ്വാധീനിക്കുന്നത്. സിനിമയിലെ ഹീറോസിനെയൊക്കെ എല്ലാവരും ആരാധിക്കും. വില്ലനിസം കാണിച്ചുകൊണ്ടാണ് ചില ഹീറോസ് സിനിമയില്‍ വരുന്നത്.

ഈ തരത്തിലൊക്കെയാണ് കാര്യങ്ങളെങ്കിലും പഴയ നോവലുകളിലും മറ്റുമൊക്കെ നോക്കി കഴിഞ്ഞാല്‍ നന്മയും തിന്മയും തമ്മിലുള്ള പോരാട്ടം എന്നും ഉണ്ട്. നല്ലത് നല്ലതായിട്ട് കാണാനും വേര്‍തിരിക്കാനുമുള്ളവ മനസിലാക്കി കൊണ്ട് വേണം സിനിമ കാണാനും കാണിക്കുവാനും,’ അബു സലീം പറയുന്നു.

Content Highlight: Abu Salim Talks About Influnce Of Movies