ഒരുങ്ങുന്നു... ഓര്‍മകളിലേക്ക് ഹൃദയപൂര്‍വ്വം ഒരു പിന്‍ നടത്തം
Entertainment
ഒരുങ്ങുന്നു... ഓര്‍മകളിലേക്ക് ഹൃദയപൂര്‍വ്വം ഒരു പിന്‍ നടത്തം
ഐറിന്‍ മരിയ ആന്റണി
Saturday, 10th May 2025, 3:12 pm

മലയാള സിനിമ പ്രേക്ഷകര്‍ക്ക്, പ്രത്യേകിച്ച് ഇന്നത്തെ മധ്യവയസ്‌കര്‍ക്ക് അവരുടെ ഓര്‍മ്മകളിലേക്കുള്ള ഗൃഹാതുരമായ ഒരു തിരിച്ചുപോക്കിന് കൂടി വഴിയൊരുക്കിയതാണ് തുടരുമെന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന്റെ കാരണങ്ങളില്‍ ഒന്ന്. മോഹന്‍ലാല്‍ ശോഭന ജോടികള്‍ അത്രമേല്‍ അവരുടെ ഹൃദയങ്ങളില്‍ തറഞ്ഞു കിടക്കുന്നവരായിരുന്നു. കഴിഞ്ഞിട്ടില്ല… ഇതേ ഗൃഹാതുരമായ പിന്‍നടത്തതിന് പ്രേക്ഷകര്‍ക്ക് അവസരം ഒരുക്കി മറ്റൊരു ചിത്രം കൂടി ഒരുങ്ങുന്നുണ്ട്. പൂനെയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ ടീമിന്റെ ഹൃദയപൂര്‍വ്വം.

മലയാള സിനിമ പ്രേക്ഷകര്‍, പ്രത്യേകിച്ച് കുടുംബ പ്രേക്ഷകര്‍ എക്കാലത്തും നെഞ്ചിലേറ്റിയ വിജയ രഹസ്യമാണ് സത്യന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട്. നീണ്ട പത്തു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്.

1982 ല്‍ പുറത്തിറങ്ങിയ കുറുക്കന്റെ കല്യാണമാണ് സത്യന്‍ അന്തിക്കാടിന്റെ ആദ്യചിത്രം. ഇതില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും നായകന്‍ സുകുമാരനായിരുന്നു. തുടര്‍ന്ന് അടുത്തടുത്ത്, അപ്പുണ്ണി, കളിയില്‍ അല്‍പ്പം കാര്യം, അദ്ധ്യായം ഒന്നു മുതല്‍ എന്നീ സത്യന്‍ ചിത്രങ്ങളില്‍ മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

എന്നാല്‍ 1986 ല്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ പിറന്ന ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് ആണ് സത്യന്‍ മോഹന്‍ലാല്‍ കോംബോയെ ആദ്യമായി ശ്രദ്ധേയമാക്കുന്നത്. മള്‍ട്ടിപ്ലക്‌സുകള്‍ ഇല്ലാതിരുന്ന ആ കാലത്ത് എ.ബി.സി ക്ലാസ് തിയേറ്ററുകളില്‍ ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് നിറഞ്ഞോടി….. സത്യന്‍ അന്തിക്കാടിന്റെ മാത്രമല്ല മോഹന്‍ലാലിന്റെയും ചലച്ചിത്ര ജീവിതത്തില്‍ ഏറെ നിര്‍ണായകമായിരുന്നു ഈ സിനിമ.

തൊഴിലന്വേഷകനായ സേതു എന്ന ചെറുപ്പക്കാരന്‍ നിര്‍വാഹമില്ലാതെ രാം സിംഗ് എന്ന ഗൂര്‍ഖയായി വേഷം മാറി ഒരു കോളനിയില്‍ കാവല്‍ക്കാരനായി നില്‍ക്കുന്നതും അയാള്‍ക്ക് അവിടെ വെച്ചുണ്ടാവുന്ന പ്രണയവും ആണ് സിനിമയുടെ പ്രധാന കഥാതന്തു. അക്കാലത്തെ തൊഴിലില്ലായ്മ പോലുള്ള സാമൂഹിക പ്രശ്‌നങ്ങളും മറ്റും പറഞ്ഞുവെച്ച ഈ ചിത്രം പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചു. മമ്മൂട്ടി ഈ ചിത്രത്തില്‍ അതിഥി താരമായി എത്തുകയും ചെയ്തിരുന്നു.

ശ്രീനിവാസന്റെ തിരക്കഥയില്‍ 1986ല്‍ തന്നെ പുറത്തിറങ്ങിയ ടി.പി ബാലഗോപാലന്‍ എം.എ ഈ ബോക്‌സ് ഓഫീസ് വിജയം ആവര്‍ത്തിച്ചു… അതോടെ സത്യന്‍ അന്തിക്കാട് മോഹന്‍ലാല്‍ കോമ്പിനേഷന്‍ മലയാള സിനിമയുടെ മികച്ച സക്‌സസ് ബ്രാന്‍ഡ് ആയി മാറി.ജീവിത പ്രാരാബ്ധങ്ങളില്‍ പെട്ട് ഉഴലുന്ന എം എ ക്കാരനായ ബാലഗോപാലനെ തന്മയത്തോടെ അവതരിപ്പിച്ച മോഹന്‍ലാല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ആദ്യമായി ഈ ചിത്രത്തിലൂടെയാണ് നേടിയെടുത്തത്. മികച്ച കഥാകൃത്തിനുള്ള അവാര്‍ഡ് സത്യന്‍ അന്തിക്കാടിനും ലഭിച്ചു.

സിദ്ദിഖ് ലാലിന്റെ സ്റ്റോറി ലൈനില്‍ 1986 ല്‍ തന്നെ പുറത്തിറങ്ങിയ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, രേവതിക്ക് ഒരു പാവക്കുട്ടി തുടങ്ങി ചിത്രങ്ങളും പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുക്കിയ സന്മനസ്സുള്ളവര്‍ക്ക് സമാധാനം കുടുംബപ്രേക്ഷകരെ കൂട്ടത്തോടെ തീയേറ്ററുകളില്‍ എത്തിച്ചു. സത്യന്‍ മോഹന്‍ലാല്‍ കോംബോയുടെ ഒരു തകര്‍പ്പന്‍ വിജയമായി മാറി ഈ ചിത്രം.

കടബാധ്യത തീര്‍ക്കാനായി നഗരത്തിലെ വീട് വില്‍ക്കാന്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഗോപാല കൃഷ്ണ പണിക്കര്‍ തീരുമാനിക്കുന്നു. എന്നാല്‍ ഏത് വിധേനയും അവിടെ വാടകയ്ക്ക് താമസിക്കുന്നവരെ അയാള്‍ക്ക് ഒഴിപ്പിക്കാന്‍ സാധിക്കുന്നില്ല എന്നുമാത്രമല്ല വാടകക്കാരിയായ കാര്‍ത്തികയുമായി അയാള്‍ പ്രണയത്തിലും ആകുന്നു. ഈ ചിത്രത്തിലൂടെ സത്യന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരിക്കല്‍ കൂടി പ്രേക്ഷകഹൃദയങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ടു.

തുടര്‍ന്ന് 1987ല്‍ നാടോടിക്കാറ്റും 88 ല്‍ പട്ടണ പ്രവേശവും തിയേറ്ററുകളെ പൂരപ്പറമ്പുകള്‍ ആക്കി മാറ്റി. ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആയും റീലായും നിറയുന്ന ദാസനും വിജയനും ഒക്കെ ഈ സിനിമയില്‍ നിന്നാണ് വരുന്നത്.

ശ്രീനിവാസന്റെ തന്നെ തിരക്കഥയില്‍ 1989 ല്‍ പുറത്തിറങ്ങിയ വരവേല്‍പ്പ് വീണ്ടും ഹിറ്റടിച്ചു. ഏഴു വര്‍ഷത്തെ പ്രവാസി ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ മുരളി ജീവിക്കാനായി ഒരു ബസ് വാങ്ങുകയും തുടര്‍ന്നുണ്ടാവുന്ന നിയമ കുരുക്കുകളും തൊഴിലാളി യൂണിയന്‍ പ്രശ്‌നങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രധാന പ്രമേയം.

1994 ല്‍ പുറത്തിറങ്ങിയ പിന്‍ഗാമി എന്ന ചിത്രം അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് ചര്‍ച്ച ചെയ്യപ്പെട്ടു.2006 ല്‍ വന്ന രസതന്ത്രവും ഹിറ്റായി മാറി. എന്നാല്‍ 2011 ല്‍ പുറത്തിറങ്ങിയ സ്‌നേഹവീട്, 2015 ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്നീ അവസാന ചിത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധ പിടിച്ചു പറ്റിയിരുന്നില്ല. ശ്രീനിവാസന്‍ എന്ന തിരക്കഥാകൃത്തിന്റെ അസാന്നിധ്യമാണ് ഇതിന് കാരണം എന്ന് ചില വിമര്‍ശകര്‍ ചൂണ്ടിക്കാട്ടാറുണ്ട്.സത്യന്‍ മോഹന്‍ലാല്‍ കോംബോയില്‍ ഹിറ്റ് അടിച്ച മിക്ക സിനിമകളുടെയും തിരക്കഥാകൃത്ത് ശ്രീനിവാസനായിരുന്നു.

നീണ്ട 10 വര്‍ഷങ്ങള്‍ക്കുശേഷം സത്യനും ലാലേട്ടനും ‘ഹൃദയപൂര്‍വ്വം’ വീണ്ടും പ്രേക്ഷകരിലേക്ക് മടങ്ങിവരുകയാണ്. എമ്പുരാന്‍, തുടരും എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മറ്റൊരു സൂപ്പര്‍ഹിറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷയിലാണ് മോഹന്‍ലാല്‍ ആരാധകര്‍.. ഒരു തകര്‍പ്പന്‍ ഹാട്രിക്ക് വേണ്ടിയുള്ള കട്ട കാത്തിരിപ്പിന്.

2015 ല്‍ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രത്തിന് ശേഷമാണ് ഇരു ടീമിന്റെയും ഹൃദയപൂര്‍വ്വം എത്തുന്നത്. മാളവിക മോഹനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സോനു ടി.പിയാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീതവും അനു മൂത്തേടത്ത് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ആശിര്‍വാദ് സിനിമാസാണ്.

മലയാള സിനിമ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് കുടുംബസ്ഥരായ മധ്യവയസ്‌കര്‍ക്ക് അവരുടെ യൗവനത്തിലേക്ക്, ബാല്യത്തിലേക്കുള്ള ഒരു മടക്കയാത്ര കൂടിയാകും ഹൃദയപൂര്‍വ്വം സമ്മാനിക്കുക. പഴയ സത്യന്‍ ലാല്‍ ഹിറ്റ് സിനിമകളുടെ കാലത്തിലേക്കുള്ള ഓര്‍മകളിലേക്കുള്ള ഗൃഹാതുരാമായ ഒരു പിന്‍ നടത്തം

Content Highlight: About Sathyan Anthikad and Mohanlal’s films and the upcoming film Hridayapoorvam

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.