തിരുവനനന്തപുരം: കേരളത്തിൽ തുടർന്ന് പ്രവർത്തിക്കണമെന്ന ആവശ്യം ഉന്നയിച്ചതിൽ വിശദീകരണം നൽകി യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കി. കേരളത്തിലെ തന്റെ കോൺഗ്രസ് പ്രവർത്തനങ്ങൾക്ക് തുടർച്ച നഷ്ടപെടാതിരിക്കാനാണ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷവും കേരളത്തിൽ തുടരാൻ അനുമതി തേടിയതെന്ന് അദ്ദേഹം പറഞ്ഞു.
‘ദേശീയ സെക്രട്ടറി സ്ഥാനത്ത് നിന്നും തിരിച്ചുവരാൻ കഴിയില്ല എന്നൊന്നുമില്ല. സൊമാലിയൻ കടൽക്കൊള്ളക്കാരുടെ അടുത്തേക്ക് വിടുന്ന ഏർപ്പാടൊന്നുമല്ലല്ലോ ഇത്,’ അദ്ദേഹം ചോദിച്ചു. മാതൃഭൂമി ഡോട്ട് കോമുമായുള്ള അഭിമുഖത്തിലാണ് അബിൻ വർക്കി ഈക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ പത്ത് വർഷമായി സമരങ്ങൾ നടത്തിയതിൽ നിരവധി കേസുകൾ തന്റെ പേരിലുണ്ടെന്നും അതെല്ലാം കണക്കിലെടുത്താണ് കേരളത്തിൽ തുടരണമെന്ന ആവശ്യം താൻ മുന്നോട്ട് വെച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനെ മറ്റൊരു രീതിയിൽ വ്യഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാരിനെതിരെ നിരവധി സമരങ്ങളും കാമ്പയിനുകളും നടത്തിയിട്ടുള്ള ആളാണ് താനെന്നും കഴിഞ്ഞ നിരവധി വർഷങ്ങളായി കേരളത്തിൽ താൻ പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തിൽ തെരഞ്ഞടുപ്പ് അടുത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കേന്ദ്രത്തിലേക്ക് പോയാൽ ഇവിടെ നടത്തുന്ന പ്രവർത്തനങ്ങളുടെ തുടർച്ച നഷ്ടമാകുമെന്ന് കരുതിയാണ് ഞാൻ കേരളത്തിൽ തുടരാൻ അനുവദിക്കണമെന്ന് പറഞ്ഞത്,’ അബിൻ വർക്കി കൂട്ടിച്ചേർത്തു.
സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാത്തതിൽ ഏതെങ്കിലും ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളോ കോക്കസിന്റെ ഇടപെടലോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.സി. വേണുഗോപാൽ കേരളത്തിൽ സജീവമാകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടും അദ്ദേഹം പ്രതികരിച്ചു.
‘കെ.സി. വേണുഗോപാലുമായി വളരെ നല്ല ബന്ധം പുലർത്തുന്നവരാണ് ഞങ്ങൾ. കെ.സിയുമായി ബന്ധമുള്ള ആളുകളെയാണ് സ്ഥാനങ്ങളിലേക്ക് കൊണ്ടുവരുന്നതെന്ന് പറയുമ്പോൾ ഞങ്ങൾ കെ.സി പക്ഷക്കാരാണെന്ന്
നിങ്ങൾക്ക് പറയേണ്ടിവരും ,’ അദ്ദേഹം പറഞ്ഞു.
പാർട്ടിയുടെ കാര്യങ്ങൾ ഇന്ത്യ മുഴുവൻ തീരുമാനിക്കുന്ന ആളാണെന്നും അദ്ദേഹത്തിന് സ്ഥാനങ്ങൾ പിടിച്ചെടുക്കേണ്ട കാര്യമില്ലെന്നും കെ.സി. വേണുഗോപാൽ ഞങ്ങളുടെയൊക്കെ നേതാവാണെന്നും അബിൻ പറഞ്ഞു.
2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ മത്സരിച്ചാൽ ചെന്നിത്തലയ്ക്കും വി.ഡി. സതീശനുമെല്ലാം പ്രാധാന്യം നഷ്ടമാകുമോ എന്ന ചോദ്യത്തിന് ഇതെല്ലാം മാധ്യമ സൃഷ്ടിയാണെന്നാണ് അബിൻ മറുപടി പറഞ്ഞത്.
‘കേരളത്തിലെ പാർട്ടിയിൽ ഒരു പ്രത്യേക ഗ്രൂപ്പ് ഉണ്ടാവുന്നെന്നും ആ ഗ്രൂപ്പാണ് പാർട്ടി മുഴുവൻ പിടിച്ചെടുക്കുകയെന്നൊക്കെ മാധ്യമ സൃഷ്ടിയാണ്. വി.ഡി. സതീശനും, രമേശ് ചെന്നിത്തലയും കെ.സി. വേണുഗോപാലും എല്ലാവരും ഒരുമിച്ചാണ് നിൽക്കുന്നത്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Abin Varkey explained the demand to continue working in Kerala