തെങ്കാശിപ്പട്ടണത്തില്‍ ഗീതു നന്നായി ചെയ്തു, റോളിലേക്ക് ആദ്യം എന്നെ ആയിരുന്നു വിളിച്ചത്; അനുഭവം പങ്കുവെച്ച് അഭിരാമി
Malayalam Cinema
തെങ്കാശിപ്പട്ടണത്തില്‍ ഗീതു നന്നായി ചെയ്തു, റോളിലേക്ക് ആദ്യം എന്നെ ആയിരുന്നു വിളിച്ചത്; അനുഭവം പങ്കുവെച്ച് അഭിരാമി
അശ്വിന്‍ രാജേന്ദ്രന്‍
Saturday, 22nd August 2026, 8:52 am

രണ്ടായിരങ്ങളില്‍ പുറത്തിറങ്ങിയ മലയാളം തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് അഭിരാമി. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത കഥാപുരുഷന്‍ എന്ന ചിത്രത്തിലൂടെ സിനിമാ ജീവിത്തിന് തുടക്കം കുറിച്ച താരം ഞങ്ങള്‍ സന്തുഷ്ടരാണ്, മേഘസന്ദേശം, ദോസ്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കുകയായിരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവാണ് അഭിരാമി കാഴ്ചവെച്ചത്.

അഭിരാമി. Photo: Screen grab/ Club Fm/ youtube.com

സുബാഷ് കെ. രാജ് സംവിധാനം ചെയ്ത് അര്‍ജുന്‍ സര്‍ജ, അഭിരാമി, പ്രീതി മുകുന്ദന്‍ തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ബ്ലാസ്റ്റ് മികച്ച ഒരു ആക്ഷന്‍ ത്രില്ലറായിരുന്നു പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. കേരളത്തില്‍ നിന്നടക്കം വലിയ കളക്ഷന്‍ നേടിയ ചിത്രത്തിലെ അഭിരാമിയുടെ ആക്ഷന്‍ സീക്വന്‍സുകള്‍ പ്രക്ഷക പ്രശംസ പിടിച്ചുപറ്റിയിരുന്നു. അടുത്തിടെ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തെങ്കാശിപ്പട്ടണം എന്ന മലയാളത്തിലെ ഫാന്‍ ഫേവറിറ്റ് ചിത്രത്തെ കുറിച്ച് അഭിരാമി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

റാഫി മെക്കാര്‍ട്ടിന്‍ സംവിധാനം ചെയ്ത തെങ്കാശിപ്പട്ടണത്തില്‍ ഗീതു മോഹന്‍ദാസ് അവതരിപ്പിച്ച സംഗീത എന്ന കഥാപാത്രത്തിനായി തന്നെ ആയിരുന്നു ആദ്യം വിളിച്ചതെന്നും എന്നാല്‍ അത് ചെയ്യാന്‍ സാധിച്ചില്ലെന്നും പറയുകയാണ് താരം. ചിത്രം താന്‍ വേണ്ടെന്ന് വെച്ചതല്ലെന്നും ഡേറ്റില്ലാത്ത കാരണത്താല്‍ ചെയ്യാന്‍ സാധിക്കാതെ പോകുകയായിരുന്നുവെന്നും അഭിരാമി പറഞ്ഞു.

‘തെങ്കാശിപ്പട്ടണം ഞാന്‍ ഒഴിവാക്കിയതല്ല. എനിക്ക് ചെയ്യാന്‍ സമയം കിട്ടാത്തതായിരുന്നു. അന്ന് ഞാന്‍ രണ്ട് പടങ്ങള്‍ ചെയ്യുന്ന സമയമായിരുന്നു. ഒരെണ്ണം മലയാളത്തില്‍ തന്നെ മേലെവാരത്തെ മാലാഖക്കുട്ടികള്‍ എന്ന് പറഞ്ഞ ഒരു പടമായിരുന്നു. മറ്റൊന്ന് തമിഴിലോ കന്നടത്തിലോ ആയിരുന്നു. തെങ്കാശിപ്പട്ടണം 60 ദിവസത്തോളമാണ് ഷൂട്ട് പറഞ്ഞത്. എന്റെ കുറേയധികം ദിവസങ്ങള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ചെയ്യാന്‍ പറ്റിയില്ല.

തെങ്കാശിപ്പട്ടണം. Photo: SM Sree Movies

ചിത്രത്തില്‍ ഗീതുവിന്റെ ക്യാരക്ടറായിരുന്നു ഞാന്‍ ചെയ്യേണ്ടിയിരുന്നത്. അവരത് വളരെ ഭംഗിയായി ചെയ്തു. അതിലെ മൂന്ന് സ്ത്രീ കഥാപാത്രങ്ങളും അടിപൊളിയായിരുന്നു. ചിന്നുവും(സംയുക്ത) കാവ്യയും ഗീതുവും വളരെ നന്നായി ചെയ്തിട്ടുണ്ട്,’ അഭിരാമി പറഞ്ഞു.

Content Highlight: Abhirami talks about her missed chance to act in Thenkasipattanam movie

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.