ബാലതാരമായി സിനിമയിലേക്കെത്തി മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നായികമാരില്‍ ഒരാളായി മാറിയ നടിയാണ് അഭിരാമി. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ അഭിരാമിക്ക് സാധിച്ചിരുന്നു. ഒരു ഇടവേള എടുത്ത ശേഷം നടി വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്.
മണിരത്‌നത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഏറ്റവും പുതിയ ചിത്രമാണ് തഗ്‌ലൈഫ്. കമല്‍ഹാസന്‍, തൃഷ കൃഷ്ണന്‍, ചിമ്പു, അഭിരാമി, ജോജു ജോര്‍ജ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന ചിത്രം ജൂണ്‍ 5ന് തിയേറ്ററുകളില്‍ എത്തും. തഗ് ലൈഫിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ നടി തൃഷയെ കുറിച്ച് സംസാരിക്കുകയാണ് അഭിരാമി.
തൃഷ സിനിമയിലേക്ക് വന്നിട്ട് 25 വര്‍ഷത്തോളമായെന്നും ഇത്രയും വര്‍ഷമായിട്ടും ആ പടി ചവിട്ടി മുകളില്‍ കയറിയിട്ട് അവര്‍ അവിടെ നിന്ന് താഴെ ഇറങ്ങിയിട്ടില്ലെന്നും അഭിരാമി പറയുന്നു. തൃഷയെ ഓര്‍ത്ത് തനിക്ക് ഒരുപാട് അഭിമാനമുണ്ടെന്നും അവരുടെ കൂടെ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് നല്ല ഒരു അനുഭവമായിരുന്നെന്നും അഭിരാമി കൂട്ടിച്ചേര്‍ത്തു.
‘തൃഷയൊക്കെ ഒരു 25 വര്‍ഷ കാലയളവായി സിനിമയിലുണ്ട്. ആ പടി ചവിട്ടി മുകളിലേക്ക് കേറിയിട്ട് അവിടുന്ന് താഴേക്ക് ഇറങ്ങിയിട്ടില്ല. 25 വര്‍ഷമായി, ഇപ്പോഴും അവര്‍ സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എന്തൊരു അത്ഭുതമാണ് അത്. നിങ്ങളെ ഓര്‍ത്ത് എനിക്ക് ഒരുപാട് അഭിമാനമുണ്ട്. തൃഷയുടെ കൂടെ ഒരുമിച്ച് വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് നല്ല ഒരു എക്‌സ്പീരിയന്‍സായിരുന്നു,’ അഭിരാമി പറയുന്നു.
സൗത്ത് ഇന്ത്യന്‍ സിനിമയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി നിറഞ്ഞുനില്‍ക്കുന്ന നടിയാണ് തൃഷ കൃഷ്ണന്‍. തമിഴ് സിനിമയിലൂടെ അരങ്ങേറിയ തൃഷ തെലുങ്കിലും മലയാളത്തിലും ഹിന്ദിയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. വര്‍ഷമിത്രയായിട്ടും ഇന്നും സൗത്ത് ഇന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് അവര്‍.