രാജിവെക്കൂ പുറത്തുപോകൂ; ധര്‍മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വമ്പന്‍ പ്രതിഷേധം
India
രാജിവെക്കൂ പുറത്തുപോകൂ; ധര്‍മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്ദറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ വമ്പന്‍ പ്രതിഷേധം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th June 2026, 12:14 pm

ന്യൂദല്‍ഹി: രാജ്യത്തെ പരീക്ഷാ നടത്തിപ്പിലെ ഗുരുതരമായ പിഴവുകള്‍ ചൂണ്ടിക്കാട്ടി, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദല്‍ഹിയിലെ ജന്തര്‍ മന്ദറില്‍ വന്‍ പ്രതിഷേധം ആരംഭിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി.

സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് അനുയായികളുള്ള ജെന്‍-സി പ്രസ്ഥാനമായ സി.ജെ.പിയുടെ സ്ഥാപകന്‍ അഭിജീത് ദിപ്‌കെ ബോസ്റ്റണില്‍ നിന്നും നേരിട്ടെത്തിയാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.

ജന്തര്‍ മന്ദിറില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെ പ്രതിഷേധം നടത്താന്‍ ദല്‍ഹി പോലീസ് സി.ജെ.പിക്ക് അനുമതി നല്‍കിയിട്ടുണ്ട്. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയിലാണ് പ്രതിഷേധം നടക്കുന്നത്.

നൂറുകണക്കിന് സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, രക്ഷിതാക്കള്‍ തുടങ്ങി അനവധി പേര്‍ പ്രതിഷേധത്തിന്റെ ഭാഗമാകുന്നുണ്ട്. പാറ്റയുടെ മുഖംമൂടി ധരിച്ചും കയ്യില്‍ പൂക്കളേന്തിയുമാണ് പ്രതിഷേധക്കാര്‍ എത്തിയത്.

‘ധര്‍മേന്ദ്ര പ്രധാന്‍, രാജിവയ്ക്കൂ!’, ‘ഞങ്ങളുടെ നികുതിപ്പണം മന്ത്രിയുടെ ശമ്പളത്തിനായി ഉപയോഗിക്കരുത്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ ബാനറുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ദല്‍ഹി പൊലീസിനെയും അര്‍ധ-സൈനിക വിഭാഗങ്ങളെയും ജന്തര്‍ മന്ദറിലും പരിസരങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്.

സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ മഹാരാഷ്ട്ര ഛത്രപതി സംഭാജിനഗറിലെ (ഔറംഗബാദ്) വാലുജ് എം.ഐ.ഡി.സി പ്രദേശത്തുള്ള വസതിക്ക് പുറത്തും പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചു.

അനാവശ്യമായ തിരക്ക് ഒഴിവാക്കാനാണ് സുരക്ഷ ശക്തമാക്കിയതെന്ന് ഡി.സി.പി പങ്കജ് അതുല്‍ക്കര്‍ അറിയിച്ചു. നിലവില്‍ ദിപ്‌കെയുടെ മാതാപിതാക്കള്‍ വീട്ടിലില്ലെന്നും പൊലീസ് വ്യക്തമാക്കി.

അടുത്തിടെ സി.ജെ.പിയുടെ വെബ്സൈറ്റ് നീക്കം ചെയ്തതിനെതിരെ പ്രതികരിക്കവേ, ‘ഗവണ്‍മെന്റ് എന്തിനാണ് പാറ്റകളെ ഇത്ര ഭയപ്പെടുന്നത്? പാറ്റകള്‍ ഒരിക്കലും മരിക്കില്ല, ഞങ്ങളെ അത്ര എളുപ്പത്തില്‍ ഒഴിവാക്കാനാകില്ല’ എന്ന് അഭിജീത് ദിപ്‌കെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

സമാധാനപരമായും സ്നേഹത്തോടെയും ഈ പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാനാണ് തങ്ങളുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്തര്‍ മന്ദറിലെ മെഗാ പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നതിനായി അഭിജീത് ദിപ്‌കെ ഇന്ന് രാവിലെയാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിയത്.

വിദ്യാഭ്യാസ- കാലാവസ്ഥാ പ്രവര്‍ത്തകനായ സോനം വാങ്ചുക്കും പ്രതിഷേധക്കാര്‍ക്കൊപ്പം അണിചേര്‍ന്നു.

ജന്തര്‍ മന്ദറിലെ സി.ജെ.പി പ്രതിഷേധത്തില്‍ നിന്ന് Photo: The Hindu

2026-ലെ നീറ്റ്-യു.ജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസും, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ മൂല്യനിര്‍ണയത്തിനും പുനര്‍മൂല്യനിര്‍ണയത്തിനും സി.ബി.എസ്.ഇ ഉപയോഗിച്ച ഓണ്‍-സ്‌ക്രീന്‍ മാര്‍ക്കിങ് സംവിധാനത്തിലെ ക്രമക്കേടുകളുമാണ് നിലവിലെ വലിയ ജനരോഷത്തിന് കാരണം.

ലക്ഷക്കണക്കിന് യുവാക്കളുടെ ഭാവി ഇരുട്ടിലാക്കിയ വിദ്യാഭ്യാസ വകുപ്പിന്റെയും മന്ത്രിയുടെയും നടപടികള്‍ക്കെതിരെയാണ് ജന്തര്‍ മന്ദറില്‍ പ്രതിഷേധം ഇരമ്പുന്നത്.

‘നമ്മളല്ലെങ്കില്‍ പിന്നെ ആരാണ്? ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍? കാര്യങ്ങള്‍ ഇത്ര മോശമായി സംഭവിച്ചാല്‍ ആത്മാഭിമാനമുള്ള ഏതൊരു മന്ത്രിയും രാജിവയ്ക്കണം,’ സോനം വാങ്ചുക്ക് പറഞ്ഞു.

കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി വിദൂര പ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന തനിക്ക്, നിലവിലെ സാഹചര്യങ്ങളില്‍ വലിയ നിരാശയുണ്ടെന്നും നീറ്റ്, സി.ബി.എസ്.ഇ പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന വലിയൊരു പ്രതിസന്ധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം കോടതിയില്‍ നടന്ന ഒരു വിചാരണയ്ക്കിടെ, ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ജെന്‍സികളെ ‘പാറ്റകള്‍’ എന്നും ‘പരാദങ്ങള്‍’ എന്നും വിശേഷിപ്പിച്ചതിനോടുള്ള ആക്ഷേപഹാസ്യ പ്രതികരണമായാണ് സി.ജെ.പി രൂപംകൊണ്ടത്.

ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് തന്നെ ഇത് യുവാക്കളുടെ വലിയൊരു രാഷ്ട്രീയ മുന്നണിയായി പരിണമിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം സി.ജെ.പിക്ക് 22 ദശലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ട്. ഇത് ബി.ജെ.പിയുടെ (9 ദശലക്ഷം) ഇരട്ടിയിലധികവും കോണ്‍ഗ്രസിന്റെ (13 ദശലക്ഷം) ഫോളോവേഴ്സിനേക്കാള്‍ വളരെ മുന്നിലുമാണ്.

പൂനെയില്‍ നിന്ന് ജേണലിസത്തില്‍ ബിരുദവും ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് പബ്ലിക് റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദവും നേടിയ 30 വയസ്സുകാരനാണ് സി.ജെ.പി സ്ഥാപകനായ അഭിജീത് ദിപ്‌കെ. മുന്‍പ് ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്തതും ദിപ്‌കെയായിരുന്നു.

ദല്‍ഹിയിലെ പ്രതിഷേധത്തിന് മുന്നോടിയായി അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ സൗരവ് ദാസിനെ മുഖ്യ വക്താവായും, രാഷ്ട്രീയ ഗവേഷകയും ചലച്ചിത്ര പ്രവര്‍ത്തകയുമായ വിജേത ദഹിയ, മുന്‍ മാനേജ്മെന്റ് കണ്‍സള്‍ട്ടന്റ് അശുതോഷ് റാങ്ക എന്നിവരെ വക്താക്കളായും പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.

Content Highlight: Abhijeet Dipke joins students, youth at Jantar Mantar protest