സൗത്ത് ആഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസിനെക്കുറിച്ച് സംസാരിക്കുകയാണ് ഇതിഹാസതാരം എ.ബി. ഡി വില്ലിയേഴ്‌സ്. ബ്രെവിസിനെക്കുറിച്ച് താന്‍ സംസാരിക്കാറുണ്ടെന്നും പലരും അദ്ദേഹത്തെ നോക്കിക്കാണുന്നത് കരിയറിലെ നല്ല കാലം ഏതാണ്ട് കഴിഞ്ഞുപോയ താരമെന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. 30 വയസുള്ള സമയത്താണ് താന്‍ കരിയറില്‍ ഏറ്റവും മികച്ച നിലയിലെത്തിയതെന്നും അതിലേക്ക് എത്താന്‍ ബ്രെവിസിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും മുന്‍ പ്രോട്ടിയാസ് താരം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ എപ്പോഴും ഡെവാള്‍ഡ് ബ്രെവിസിന്റെ പേര് പറയാറുണ്ട്. ഒഴിവുസമയത്ത് അദ്ദേഹത്തോടൊപ്പം കുറച്ചൊക്കെ ഞാന്‍ പ്രവര്‍ത്തിക്കാറുണ്ട്. അദ്ദേഹം ഇപ്പോഴും ചെറുപ്പമാണ്. പലരും അദ്ദേഹത്തെ നോക്കിക്കാണുന്നത് കരിയറിലെ മികച്ച കാലഘട്ടം ഏതാണ്ട് കഴിഞ്ഞുപോയ താരമെന്ന നിലയിലാണ്. എന്നാല്‍ അദ്ദേഹത്തിന് ഇപ്പോഴും 20കളുടെ തുടക്കമാണ്. ആ യുവതാരത്തിന് മുന്നില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്.
ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഏകദേശം 30 വയസുണ്ടെന്ന് സങ്കല്‍പ്പിക്കൂ. ആ പ്രായത്തിലാണ് ഞാന്‍ എന്റെ കരിയറിലെ ഏറ്റവും മികച്ച നിലയിലെത്തിയത്. അതിലേക്ക് എത്താന്‍ അദ്ദേഹത്തിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. പ്രായം കൂടുന്തോറും അനുഭവസമ്പത്ത് വര്‍ധിക്കും, സ്വന്തം കളിയെക്കുറിച്ച് നന്നായി മനസിലാക്കാനും തുടങ്ങും. എന്നാല്‍ ബ്രെവിസ് ഇപ്പോഴും ആ ഘട്ടത്തിന് അടുത്തുപോലും എത്തിയിട്ടില്ല.
എന്നിട്ടും ആളുകള്‍ ഇപ്പോള്‍ തന്നെ, ‘അവനെക്കുറിച്ച്, സ്ഥിരതയില്ലാത്ത താരമാണ്’ എന്നൊക്കെ പറയുകയാണ്. ഞാനും ചെറുപ്പകാലത്ത് വളരെയധികം സ്ഥിരതയില്ലാത്ത താരമായിരുന്നു. അതുകൊണ്ടാണ് ഞാന്‍ എപ്പോഴും ഡെവാള്‍ഡ് ബ്രെവിസിന്റെ പേര് പറയുന്നത്. അദ്ദേഹത്തില്‍ നിന്ന് വരാനിരിക്കുന്ന ആ മാറ്റത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. എന്താണ് വരാനിരിക്കുന്നതെന്ന് എനിക്ക് അറിയാം,’ ഡിവില്ലിയേഴ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ഡെവാൾഡ് ബ്രെവിസ്. Photo: Chennai Super Kings/x.com
2023ല്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി ടി-20യില്‍ അരങ്ങേറ്റം നടത്തിയ താരമാണ് ബ്രെവിസ്. ഫോര്‍മാറ്റില്‍ 32 മത്സരത്തിലെ 30 ഇന്നിങ്‌സില്‍ നിന്ന് 847 റണ്‍സാണ് 23കാരനായ ബ്രെവിസ് നേടിയത്. 125* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 166.4 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും 31.4 എന്ന ആവറേജുമാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. 2025ല്‍ ടെസ്റ്റില്‍ ഇടം നേടിയ താരം നാല് മത്സരത്തിലെ ആറ് ഇന്നിങ്‌സില്‍ നിന്ന് 138 റണ്‍സാണ് നേടിയത്. ഏകദിനത്തില്‍ ഒമ്പത് മത്സരത്തില്‍ നിന്ന് 230 റണ്‍സാണ് ബ്രെവിസ് നേടിയത്.
ഐ.പി.എല്ലില്‍ ചെന്നൈയ്ക്ക് വേണ്ടിയാണ് ബ്രെവിസ് കളിക്കുന്നത്.
Content Highlight: AB de Villiers Talking About South African Star Batter Dewald Brevis