മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ആര്‍ഷ ബൈജു. 2019ല്‍ പുറത്തിറങ്ങിയ പതിനെട്ടാംപടി എന്ന ചിത്രത്തിലൂടെയാണ് ആര്‍ഷ തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. 2021ല്‍ കരിക്കിന്റെ ആവറേജ് അമ്പിളി എന്ന മിനി സീരീസില്‍ ടൈറ്റില്‍ റോളില്‍ എത്തിയതും ആര്‍ഷ ആയിരുന്നു.
തൊട്ടടുത്ത വര്‍ഷം അഭിനവ് സുന്ദര്‍ നായക്കിന്റെ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലും ആര്‍ഷ നായികയായി എത്തി. ആ സിനിമയിലെ ആര്‍ഷയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ മനോരമ ആഴ്ച പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പറയുകയാണ് നടി.
‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന സിനിമയിലെ തെറി പറയുന്ന സീന്‍ വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് അതിനുശേഷം ആ കഥാപാത്രത്തെ പോലെയുള്ള ഒട്ടേറെ കഥാപാത്രങ്ങളിലേക്ക് എന്നെ പല സംവിധായകരും തിരക്കഥാകൃത്തുക്കളും പരിഗണിച്ചതും ബന്ധപ്പെട്ടതും.
ആവറേജ് അമ്പിളിക്ക് ശേഷവും സമാനമായ സാഹചര്യമുണ്ടായിരുന്നുവെങ്കിലും മുകുന്ദന്‍ ഉണ്ണിയിലെ കഥാപാത്രത്തിന് ശേഷം അത്തരത്തില്‍ ഒട്ടേറെ കോളുകള്‍ ലഭിച്ചു. എന്നാല്‍, മറ്റു പല കാരണങ്ങള്‍ക്കൊണ്ട് ആ സിനിമയൊന്നും നടക്കാതെ പോകുകയായിരുന്നു. ഒരു പുതുമുഖം അങ്ങനെയൊരു സീനില്‍ അഭിനയിക്കുമെന്ന് വിചാരിച്ചില്ലായെന്ന് പറഞ്ഞായിരുന്നു പലരും എന്നെ സമീപിച്ചത്,’ ആര്‍ഷ ബൈജു പറയുന്നു.
ഓഡിഷനിലൂടെയാണ് ആദ്യ ചിത്രമായ പതിനെട്ടാം പടിയിലേക്ക് എത്തുന്നതെന്നും താന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളും വളരെയധികം ആസ്വദിച്ചു ചെയ്തതാണെങ്കിലും മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിലേത് കുറച്ചുകൂടി പ്രിയപ്പെട്ടതാണെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു.
‘ഓഡിഷനിലൂടെയാണ് ആദ്യ ചിത്രമായ പതിനെട്ടാം പടിയിലേക്ക് എത്തുന്നത്. ആദ്യം ഫോട്ടോസും ബയോഡേറ്റയും അയച്ചു കൊടുത്തശേഷം മൂന്ന് റൗണ്ട് ഓഡിഷനും കഴിഞ്ഞാണ് ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
അതിനുശേഷമാണ് ആവറേജ് അമ്പിളിയില്‍ അഭിനയിക്കുന്നത്. ഞാന്‍ ചെയ്ത എല്ലാ കഥാപാത്രങ്ങളും വളരെയധികം ആസ്വദിച്ചു ചെയ്തതാണെങ്കിലും മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സിലേത് കുറച്ചുകൂടി പ്രിയപ്പെട്ടതാണ്.
അങ്ങനത്തെ ഒരു കഥാപാത്രവും അത്തരത്തിലുള്ള സീനുകളും അഭിനേതാക്കള്‍ക്ക് കിട്ടുന്നത് വളരെ അപൂര്‍വമായിട്ടാണ്. പ്രത്യേകിച്ച് അവസാന സീനൊക്കെയെടുക്കാന്‍ ഞാന്‍ ദിവസങ്ങളോളം ആവേശത്തോടെ കാത്തിരുന്നിട്ടുണ്ട്.
മികച്ച പ്രതികരണമാണ് ആ കഥാപാത്രത്തിന് ലഭിച്ചത്. അവസാനം തെറി പറയുന്ന സീനൊക്കെ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു. അതിനുശേഷം മധുര മനോഹര മോഹം, ബോസ് ആന്‍ഡ് കോ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു,’ ആര്‍ഷ ബൈജു പറയുന്നു.
Content Highlight: Aarsha Baiju Talks About Mukundan Unni Associates Movie