ഒ.ടി.ടി റിലീസിന്റെ കാര്യത്തില്‍ പലരോടും കള്ളം പറഞ്ഞതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു: ആമിര്‍ ഖാന്‍
Indian Cinema
ഒ.ടി.ടി റിലീസിന്റെ കാര്യത്തില്‍ പലരോടും കള്ളം പറഞ്ഞതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു: ആമിര്‍ ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 1st August 2025, 7:52 am

രണ്ടരവര്‍ഷത്തെ ഇടവേളക്ക് ശേഷം തിയേറ്ററുകളിലെത്തിയ ആമിര്‍ ഖാന്‍ ചിത്രമായിരുന്നു സിതാരേ സമീന്‍ പര്‍. സ്പാനിഷ് ചിത്രമായ ചാമ്പ്യന്‍സിന്റെ റീമേക്കായൊരുങ്ങിയ സിതാരേ സമീന്‍ പറിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ലാല്‍ സിങ് ഛദ്ദയുടെ പരാജയത്തിന് ശേഷം ആമിറിന്റെ ഗംഭീര തിരിച്ചുവരവായിരുന്നു സിതാരേ സമീന്‍ പര്‍.

ചിത്രം ഒരൊറ്റ ഒ.ടി.ടി പ്ലാറ്റ്‌ഫോമിലും സ്ട്രീം ചെയ്യില്ലെന്നും തിയേറ്ററില്‍ മാത്രമേ പ്രദര്‍ശിപ്പിക്കുള്ളൂവെന്നും ആമിര്‍ വ്യക്തമാക്കിയിരുന്നു. 120 കോടിയുടെ ഡീല്‍ പോലും താരം വേണ്ടെന്നുവെച്ചത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം ചിത്രം യൂട്യൂബില്‍ പേ പെര്‍ വ്യൂ മോഡലില്‍ സ്ട്രീം ചെയ്യുമെന്ന് ആമിര്‍ അറിയിച്ചു.

യൂട്യൂബ് സ്ട്രീമിങ്ങിന്റെ കാര്യം ആദ്യം മറച്ചുവെച്ചതില്‍ താന്‍ എല്ലാവരോടും ക്ഷമ ചോദിക്കുകയാണെന്ന് ആമിര്‍ ഖാന്‍ അറിയിച്ചു. റിലീസിന്റെ സമയത്ത് പലരും തന്നോട് ഇക്കാര്യം ചോദിച്ചപ്പോള്‍ താന്‍ ഒഴിഞ്ഞുമാറിയെന്നും അത് അവരോട് ചെയ്ത തെറ്റായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ സമയത്ത് ഞാന്‍ യൂട്യൂബ് സ്ട്രീമിങ്ങിന്റെ കാര്യം എല്ലാവരെയും അറിയിച്ചിരുന്നെങ്കില്‍ അത് സിനിമയുടെ തിയേറ്റര്‍ ബിസിനസിനെ ബാധിച്ചേനെ. കാരണം, സിനിമയെന്നാല്‍ തിയേറ്ററുകള്‍ക്ക് വേണ്ടിയുള്ളതാണെന്ന് അടിയുറച്ച് വിശ്വസിക്കുന്നയാളാണ് ഞാന്‍. അത് കൃത്യമായി നടക്കണമെന്നാണ് ആഗ്രഹം. ഈ സിനിമ എട്ടാഴ്ചക്ക് ശേഷം യൂട്യൂബില്‍ വരുമെന്ന് പറഞ്ഞാല്‍ എല്ലാവരും അതിന് വേണ്ടി മാത്രം കാത്തിരിക്കും,’ ആമിര്‍ ഖാന്‍ പറയുന്നു.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുടെ ഡീല്‍ വേണ്ടെന്ന് വെക്കാനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കി. ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ സബ്‌സ്‌ക്രിപ്ഷന്‍ ഉള്ളവര്‍ക്ക് മാത്രമേ സിനിമ കാണാനാകുള്ളൂവെന്നും അല്ലാത്തവര്‍ക്ക് അതിനുള്ള അവസരം ലഭിക്കില്ലെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ സിനിമക്ക് പൈസ കിട്ടുന്നതിനെക്കാള്‍ കൂടുതല്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമിന് പൈസ കിട്ടുമെന്നും താരം പറഞ്ഞു.

‘അവര്‍ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുമ്പോള്‍ എന്റെ സിനിമയ്ക്കല്ല പ്രാധാന്യം. ആ പ്ലാറ്റ്‌ഫോമിനാണ്. എന്റെ സിനിമ കാണാന്‍ വേണ്ടി സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുമ്പോള്‍ മറ്റ് സിനിമകള്‍ കൂടി അവര്‍ പ്രൊമോട്ട് ചെയ്യും. ഇനി കുറച്ച് കാലം കഴിഞ്ഞാല്‍ എന്റെ സിനിമ കാണാന്‍ താത്പര്യമില്ലാത്തവര്‍ക്ക് മുന്നിലാകും അവര്‍ സജഷനുമായി വരിക. അതേ സമയം പേ പെര്‍ വ്യൂ ആണെങ്കില്‍ അവിടെ എന്റെ സിനിമ മാത്രമേ ഉണ്ടാകുള്ളൂ,’ ആമിര്‍ ഖാന്‍ പറഞ്ഞു.

Content Highlight: Aamir Khan explains the reason of hiding the OTT release of Sitaare Zameen Par