പഞ്ചാബിലും ആം ആദ്മി പ്രതിസന്ധിയില്‍; രാജി ഭീഷണി മുഴക്കി 30 ഭരണകക്ഷി എം.എല്‍.എമാര്‍
national news
പഞ്ചാബിലും ആം ആദ്മി പ്രതിസന്ധിയില്‍; രാജി ഭീഷണി മുഴക്കി 30 ഭരണകക്ഷി എം.എല്‍.എമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th February 2025, 10:59 am

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായതായി റിപ്പോര്‍ട്ട്. പഞ്ചാബിലെ 30 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാര്‍ രാജി ഭീഷണി ഉയര്‍ത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം തുടരാന്‍ കഴിയുന്നില്ലെന്നാണ് എം.എല്‍.എമാര്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ശരിയല്ലെന്നും നല്‍കിയ വാഗ്ദാനം പോലും നിറവേറ്റുന്നില്ലെന്നും എം.എല്‍.എമാര്‍ ആരോപിച്ചു.

ഈ സാഹചര്യത്തില്‍ ഇടഞ്ഞുനില്‍ക്കുന്ന എം.എല്‍.എമാരുമായി അരവിന്ദ് കെജ്‌രിവാള്‍ യോഗം വിളിച്ചിട്ടുണ്ടെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. 30 ഓളം എ.എ.പി എം.എല്‍.എമാരുമായി തങ്ങള്‍ കൂടിക്കാഴ്ച നടത്തിയെന്ന കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെയാണ് ചൊവാഴ്ച യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്.

അതേസമയം രാജിഭീഷണി ഉയര്‍ത്തിയ എം.എല്‍.എമാരെ കോണ്‍ഗ്രസ് സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എം.എല്‍.എമാരുമായി സംസാരിച്ചതായി കോണ്‍ഗ്രസ് നേതാവ് പ്രതാപ് സിങ്ങ് ബജ്‌വ സ്ഥിരീകരിച്ചിട്ടുണ്ട്.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ തോല്‍വിയില്‍ പ്രതികരിച്ച് കൊണ്ടായിരുന്നു പഞ്ചാബ് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ പ്രതാപ് സിങ് ബജ്‌വയുടെ സ്ഥിരീകരണം.

വളരെ കാലമായി എ.എ.പി എം.എല്‍.എമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ തിരിച്ച് ആം ആദ്മിയിലേക്ക് പോവില്ലെന്നും പറഞ്ഞ അദ്ദേഹം പഞ്ചാബില്‍ എ.എ.പിയില്‍ പിളര്‍പ്പുള്ളതായും സംസ്ഥാന സര്‍ക്കാരില്‍ പുനസംഘടന ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞു.

2022ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 117 സീറ്റില്‍ 92 സീറ്റ് നേടി ആം ആദ്മി കോണ്‍ഗ്രസില്‍ നിന്നും അധികാരം പിടിച്ചെടുക്കുകയായിരുന്നു. നിലവില്‍ കോണ്‍ഗ്രസിന് 18 ഉം ശിരോമണി അകാലിദളിന് മൂന്നും എം.എല്‍.എമാരാണുള്ളത്.

Content Highlight: Aam Aadmi in crisis in Punjab too; 30 ruling party MLAs threatened to resign