സിംബാബ്‌വേയ്‌ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ യുവ താരം വൈഭവ് സൂര്യവംശിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. വൈഭവ് എപ്പോള്‍ കളിക്കും എങ്ങനെ കളിക്കും എന്നറിയാന്‍ കാത്തരിക്കുകയായിരുന്നു എല്ലാവരുമെന്നും എന്നാല്‍ താരം ഉറപ്പായും റണ്‍സ് നേടുമെന്ന് താന്‍ ഉറച്ച് വിശ്വസിച്ചിരുന്നുവെന്നും ചോപ്ര പറഞ്ഞു.
‘ഈ യുവതാരം എപ്പോഴാണ് കളിക്കുക, എങ്ങനെ കളിക്കും, എത്ര റണ്‍സ് നേടും എന്നറിയാന്‍ എല്ലാവരും കാത്തിരിക്കുകയായിരുന്നു. സത്യസന്ധമായി പറഞ്ഞാല്‍, അവന്‍ റണ്‍സ് നേടുമോ ഇല്ലയോ എന്നതല്ല ചോദ്യം; എപ്പോഴാണ് അത് സംഭവിക്കുക എന്നത് മാത്രമായിരുന്നു. കാരണം, അവന്‍ തീര്‍ച്ചയായും റണ്‍സ് കണ്ടെത്തുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു.
എന്നിരുന്നാലും, ടീമിന്റെ ഭാഗമായിരുന്ന ശേഷം പുറത്താക്കപ്പെട്ടതിനാല്‍ അവന് കുറച്ച് സമ്മര്‍ദം അനുഭവപ്പെട്ടിട്ടുണ്ടാകും. വീണ്ടും അവസരം ലഭിച്ചപ്പോള്‍ റണ്‍സ് നേടേണ്ടതിന്റെ പ്രാധാന്യം അവന് വ്യക്തമായിരുന്നു.
പക്ഷേ, വെറും 15 വയസുകാരനായതിനാല്‍ തനിക്ക് അറിയാവുന്ന ഒരേയൊരു ശൈലിയില്‍ തന്നെയാണ് അവന്‍ കളിച്ചത്. തന്റെ സ്വാഭാവിക കളിരീതി മാറ്റാന്‍ ശ്രമിച്ചില്ല. അതാണ് ഏറ്റവും നല്ല കാര്യം,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
Maiden international fifty 👏
Vaibhav Sooryavanshi becomes the youngest batter ever to score a T20I half-century 🫡
സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 13.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്.
India get off to a winning start in the T20I series against Zimbabwe 🙌
യുവതാരം വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. അരങ്ങേറ്റത്തിന് ശേഷം ഇന്ത്യക്ക് വേണ്ടി താരം നേടുന്ന ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്.
വൈഭവിന് പുറമെ ഇന്ത്യക്കായി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 24 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്സുകളും അടക്കം 35 റണ്‍സും ക്യാപ്റ്റന്‍ അയ്യര്‍ 28 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.
Content Highlight: Aakash Chopra Talking About Vaibhav Sooryavanshi