2026ലെ ഐ.പി.എഎല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ താരം എം.എസ്. ധോണിയുടെ അവസാന സീസണായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ധോണിയുടെ പിന്‍ഗാമിയായ സഞ്ജു സാംസണ്‍ ഈ സീസണില്‍ പോലും ചുമതല ഏറ്റെടുക്കാന്‍ സാധ്യതയുണ്ടെന്ന് ചോപ്ര പറഞ്ഞു.
ധോണിയുടെ ഫിറ്റ്‌നസിനെയും കാല്‍മുട്ടിന്റെ അവസ്ഥയെയും ആശ്രയിച്ചിരിക്കും കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും ഇംപാക്ട് പ്ലെയറിന്റെ റോളിലാണ് ധോണി കളിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് വിരമിക്കാന്‍ ഇത് ശരിയായ സമയമാണെന്ന് ചോപ്ര കൂട്ടിച്ചേര്‍ത്തു.
‘ഫുട്‌ബോളിലെ പോലെ ഒരു ക്രിക്കറ്റ് ടീമിനെ ഡഗൗട്ടില്‍ നിന്ന് കൈകാര്യം ചെയ്യാന്‍ കഴിയില്ല. ധോണിയുടെ ഏറ്റവും വലിയ ശക്തി കളിയെ വായിക്കാനുള്ള അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവാണ്. ആ ഉള്‍ക്കാഴ്ചയും തീരുമാനങ്ങളെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവും അസാധ്യമാണ്. ഐ.പി.എല്‍ 2026 അദ്ദേഹത്തിന്റെ അവസാന സീസണായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.
അദ്ദേഹത്തിന് ഇതിനകം ഒരു പിന്‍ഗാമിയുണ്ട്. സഞ്ജു സാംസണ്‍ ടീമിന്റെ ചുമതല ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്, ഒരുപക്ഷേ ഈ സീസണില്‍ പോലും അതിന് സാധ്യതയുണ്ട്. തീര്‍ച്ചയായും, ഇത് ധോണിയുടെ ഫിറ്റ്‌നസിനെയും കാല്‍മുട്ടിന്റെ അവസ്ഥയെയും ആശ്രയിച്ചിരിക്കും.
പക്ഷേ അദ്ദേഹത്തിന് ഒരു ഇംപാക്റ്റ് പ്ലെയറായി തുടരാന്‍ കഴിയില്ല. അദ്ദേഹം ആ റോളാണ് സ്വീകരിക്കുന്നതെങ്കില്‍ വിരമിക്കാന്‍ ഇത് ശരിയായ സമയമായിരിക്കുന്നുവെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ചോപ്ര ജിയോഹോട്സ്റ്റാറിനോട് പറഞ്ഞു.
ലോകകപ്പില്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തിയ സൂപ്പര്‍ താരം സഞ്ജു സാംസണിന് ഇത്തവണ ചെന്നൈക്ക് വേണ്ടി വമ്പന്‍ പ്രകടനങ്ങള്‍ നടത്താന്‍ സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ടി-20 ലോകകപ്പ് 2026ല്‍ ഇന്ത്യയുടെ കിരീട സ്വപ്നത്തെ മുന്നോട്ട് കൊണ്ടുപോയ പ്രധാന താരമാണ് സഞ്ജു. വെറും അഞ്ച് മത്സരങ്ങള്‍ കൊണ്ട് ടൂര്‍ണമെന്റിലെ താരമാകാനും സഞ്ജുവിന് സാധിച്ചു.
രാജസ്ഥാന്‍ റോയല്‍സില്‍ ലെജന്‍ഡ് സ്റ്റാറ്റസ് സ്വന്തമാക്കിയ ശേഷമാണ് സൂപ്പര്‍ താരം സഞ്ജു പുതിയ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളത്തിലിറങ്ങുന്നത്. ഇനി ചെന്നൈയിലെത്തുമ്പോള്‍ ആരാധകരുടെ വലിയ പിന്തുണയാകും സഞ്ജുവിന് ലഭിക്കുക. ഇതിഹാസം എം.എസ്. ധോണിയുടെ പിന്‍ഗാമിയായിട്ടാണ് ചെന്നൈ സഞ്ജു സാംസണെ കണക്കാക്കുന്നത്.
സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സൂപ്പര്‍ കിങ്സിന്റെ ആദ്യ മത്സരം എന്നതും ശ്രദ്ധേയമാണ്. രാജസ്ഥാന്റെ രണ്ടാം ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയമാണ് വേദി. മാര്‍ച്ച് 30നാണ് മത്സരം.
Content Highlight: Aakash Chopra Talking About Sanju Samson And MS Dhoni