ഇതുപോലൊരു സീസണ്‍ അദ്ദേഹത്തിനുണ്ടായിട്ടില്ല: ആകാശ് ചോപ്ര
Cricket
ഇതുപോലൊരു സീസണ്‍ അദ്ദേഹത്തിനുണ്ടായിട്ടില്ല: ആകാശ് ചോപ്ര
ശ്രീരാഗ് പാറക്കല്‍
Thursday, 4th June 2026, 4:18 pm

ഐ.പി.എല്ലില്‍ മോശം പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ ഋതുരാജ് ഗെയ്ക്വാദിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ചെന്നൈയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമായിരുന്നെന്നും എന്നാല്‍ ഋതുരാജ് ഗെയ്ക്വാദ് എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും ചോപ്ര ചൂണ്ടിക്കാട്ടി. മാത്രമല്ല ഇത്തരത്തിലൊരു സീസണ്‍ ഋതുരാജിന് ഉണ്ടായിട്ടില്ലെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു.

‘അവര്‍ക്ക് തീര്‍ച്ചയായും മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുമായിരുന്നു. എന്തുകൊണ്ടാണ് അവര്‍ക്ക് അതിന് സാധിക്കാത്തത്? അവര്‍ എന്ത് തിരുത്തേണ്ടി വന്നാലും, ഋതുരാജ് ഗെയ്ക്വാദ് എന്താണ് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കണം.

ഇതുപോലുള്ള ഒരു സീസണ്‍ അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. ചില സമയങ്ങളില്‍ റണ്‍സ് നേടാന്‍ കഴിയില്ല എന്നത് ഒരു വസ്തുതയാണ്, എന്നിരുന്നാലും അദ്ദേഹം ഒരു ഉദ്ദേശവും ഇല്ലാത്ത രീതിയില്‍ കളിക്കാന്‍ പാടില്ലായിരുന്നു. ഇത് അവര്‍ തിരുത്തേണ്ടി വരും,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഋതുരാജ് ഗെയ്ക്വാദ്- Photo: Cricket Central/x

സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് ഓപ്പണറായി കളിച്ച് 337 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്. 74* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ താരം നേടി. 28.08 എന്ന ആവറേജും 123.44 എന്ന സ്‌ട്രൈക്ക് റേറ്റുമായിരുന്നു ഗെയ്ക്വാദിനുണ്ടായിരുന്നത്. വെറും രണ്ട് അര്‍ധ സെഞ്ച്വറി മാത്രമായിരുന്നു ചെന്നൈ നായകന്‍ നേടിയത്.

ഐ.പി.എല്‍ കരിയറില്‍ 85 മത്സരങ്ങളില്‍ നിന്ന് 2839 റണ്‍സാണ് ഋതു നേടിയത്. 108* ണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 38.36 എന്ന ആവറേജും 135.64 എന്ന സ്‌ട്രൈക്ക് റേറ്റുമാണ് ഋതുവിനുള്ളത്. രണ്ട് സെഞ്ച്വറിയാണ് താരം ഐ.പി.എല്ലില്‍ നേടിയത്.

അതേസമയം 2026ലെ സീസണില്‍ ചെന്നൈ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ നിന്ന് ആറ് വിജയവും എട്ട് തോല്‍വിയും ഉള്‍പ്പെടെ 12 പോയിന്റ് മാത്രമായിരുന്നു ചെന്നൈയുടെ പക്കലുണ്ടായിരുന്നത്.

 

Content Highlight: Aakash Chopra Talking About Ruturaj Gaikwad

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ