ഇത് ഇടംകയ്യന്‍മാരുടെ പോരാട്ടമാണ്, സിക്‌സറുകള്‍ പറക്കും: ആകാശ് ചോപ്ര
Trending
ഇത് ഇടംകയ്യന്‍മാരുടെ പോരാട്ടമാണ്, സിക്‌സറുകള്‍ പറക്കും: ആകാശ് ചോപ്ര
ശ്രീരാഗ് പാറക്കല്‍
Monday, 13th April 2026, 5:24 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം ഇടം കയ്യിന്‍ ബാറ്റര്‍മാരുടെ പോരാട്ടമായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. രണ്ട് ടീമിന്റെയും ഓപ്പണര്‍മാര്‍ ഇടങ്കയ്യന്മാരാണെന്നും ഗ്രൗണ്ടില്‍ സിക്‌സറുകള്‍ പറക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബാറ്റര്‍ മാര്‍ക്ക് ആധിപത്യമുള്ള മത്സരം ആണെങ്കിലും രാജസ്ഥാന്‍ റോയല്‍സിന്റെ ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്റ് മികച്ചതാണെന്നും അതിനാല്‍ ടീമിന് മുന്‍തൂക്കം ഉണ്ടെന്നും ചോപ്ര പറഞ്ഞു. എന്നിരുന്നാലും മത്സരത്തില്‍ ആരാണ് വിജയിക്കുക എന്നത് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യശസ്വി ജെയ്‌സ്വാളും വൈഭവ് സൂര്യവംശിയും. Photo: Cricketopia/x.com

‘ഈ മത്സരം ഇടംകൈയ്യന്‍മാരുടെ പോരാട്ടമാണ്. നാല് ഓപ്പണര്‍മാരുണ്ട്, നാലുപേരും ഇടംകൈയ്യന്‍മാരാണ്, നാലുപേരും അതിശയിപ്പിക്കുന്ന പ്രകടനം നടത്തുന്നവരാണ്, ഒന്നിനുപുറകെ ഒന്നായി സിക്‌സറുകള്‍ പറക്കും. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം.

നമുക്ക് മികച്ച ബാറ്റിങ് പ്രകടനം കാണാന്‍ സാധിക്കും. ഇത് ഇരു ടീമുകളിലെയും ബാറ്റര്‍ മാരുടെ പോരാട്ടം ആണെങ്കിലും, പിങ്ക് ടീമിന്റെ (രാജസ്ഥാന്‍) ബൗളിങ് മികച്ചതാണ്. അവിടെയാണ് അവര്‍ക്ക് അല്‍പ്പം മുന്‍തൂക്കം, എന്നിരുന്നാലും മത്സരത്തില്‍ ആരാണ് വിജയിക്കുക എന്നത് ഉറപ്പിച്ച് പറയാന്‍ കഴിയില്ല,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ

കളിച്ച ആദ്യ നാല് മത്സരങ്ങളിലും വിജയം സ്വന്തമാക്കിയാണ് റിയാന്‍ പരാഗിന്റെ ക്യാപ്റ്റന്‍സില്‍ രാജസ്ഥാന്‍ റോയല്‍സ് മുന്നേറുന്നത്. സൂപ്പര്‍താരം സഞ്ജു സാംസണ്‍ന്റെ വിടവ് തങ്ങളെ ഒട്ടും ബാധിച്ചിട്ടില്ല എന്ന് ബോധ്യപ്പെടുത്തുന്നതാണ് പിങ്ക് ആര്‍മിയുടെ പ്രകടനം. ഓപ്പണര്‍മാരായ യശ്വസി ജെയ്‌സ്വാളും 15 വയസുകാരന്‍ വൈഭവ് സൂര്യവംശിയും വമ്പന്‍ പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെക്കുന്നത്.

നിലവില്‍ നാല് മത്സരങ്ങളില്‍ നിന്ന് വൈഭവ് 50 ആവറേജില്‍ 200 റണ്‍സാണ് സ്വന്തമാക്കിയത്. നിലവില്‍ റണ്‍ വേട്ടക്കാരില്‍ ഒന്നാമനാണ് വൈഭവ്. ജെയ്‌സ്വാള്‍ നാല് മത്സരങ്ങളില്‍ നിന്ന് 91.50 ആവറേജില്‍ 183 റണ്‍സ് ആണ് നേടിയത്. അതേസമയം ഹൈദരാബാദിന് വേണ്ടി ഓപ്പണര്‍ അഭിഷേക് ശര്‍മ ഇതുവരെ 129 റണ്‍സ് നേടിയിട്ടുണ്ട്. ഓപ്പണര്‍ ട്രാവിസ് ഹെഡ് 102 റണ്‍സാണ് നേടിയത്.

Content Highlight: Aakash Chopra Talking About RR VS SRH Match

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ