27 റണ്‍സ് വിട്ടുകൊടുത്ത ആ ഓവര്‍ ഒഴിച്ചാല്‍ മത്സരം എളുപ്പമായിരുന്നു; അഭിപ്രായവുമായി ആകാശ് ചോപ്ര
Cricket
27 റണ്‍സ് വിട്ടുകൊടുത്ത ആ ഓവര്‍ ഒഴിച്ചാല്‍ മത്സരം എളുപ്പമായിരുന്നു; അഭിപ്രായവുമായി ആകാശ് ചോപ്ര
ശ്രീരാഗ് പാറക്കല്‍
Monday, 4th May 2026, 3:40 pm

കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ബൗളിങ് നിര മികച്ച പ്രകടനമാണ് നടത്തിയതെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. സിറാജും ജേസണ്‍ ഹോള്‍ഡറും മികച്ച പ്രകടനം നടത്തിയെന്നും 27 റണ്‍സ് വിട്ടുനല്‍കിയ മാനവ് സുതാറിന്റെ ഓവര്‍ മാറ്റിനിര്‍ത്തിയാല്‍ മത്സരം വളരെ എളുപ്പമായിരുന്നെന്നും താരം ചോപ്ര പറഞ്ഞു.

‘ഗുജറാത്ത് ടൈറ്റന്‍സ് ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയും വളരെ മികച്ച രീതിയില്‍ പന്തെറിയുകയും ചെയ്തു. സിറാജ് തന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അതിനുശേഷം, റബാദയും കത്തി ജ്വലിച്ചു. പിന്നെ ജേസണ്‍ ഹോള്‍ഡറെ ഉള്‍പ്പെടുത്തി, ഉയരമുള്ളതിനാല്‍ അദ്ദേഹം നാല് വിക്കറ്റുകളും വീഴ്ത്തി. അദ്ദേഹം വളരെ മികച്ച രീതിയില്‍ പന്തെറിയുന്നു. 27 റണ്‍സ് വിട്ടുനല്‍കിയ മാനവ് സുതാറിന്റെ ആ ഓവര്‍ മാറ്റിനിര്‍ത്തിയാല്‍, ഇത് വളരെ എളുപ്പമുള്ള മത്സരമാകുമായിരുന്നു,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് നാല് വിക്കറ്റിനാണ് പഞ്ചാബിനെ വീഴ്ത്തിയത്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്ത് 19.5 ഓവറില്‍ ലക്ഷ്യം മറികടന്നു. സീസണില്‍ പഞ്ചാബിന്റെ രണ്ടാം തോല്‍വിയാണിത്.

ബൗളിങ്ങില്‍ ഗുജറാത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയത് ജേസന്‍ ഹോള്‍ഡറാണ്. ഗുജറാത്തിന് വേണ്ടി 24 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് താരം നേടിയത്. 6.00 എന്ന എക്കോണമിയിലായിരുന്നു താരത്തിന്റെ ബൗളിങ്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. 7.00 എന്ന എക്കോണമിയും താരത്തിനുണ്ടായിരുന്നു.

കഗീസോ റബാദ നാല് ഒവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. 5.50 എന്ന എക്കോണമിയിലാണ് താരം ബൗള്‍ ചെയ്തത്. റാഷിദ് ഖാന്‍ ഒരു വിക്കറ്റ് നേടിയപ്പോള്‍ മാനവ് സുതര്‍ ഒരു ഓവറില്‍ നിന്ന് 27 റണ്‍സ് വഴങ്ങിയിരുന്നു. വിക്കറ്റൊന്നും നേടാതെയാണ് താരം വലിയ റണ്‍സ് വഴങ്ങിയത്.

പഞ്ചാബ് ബൗളിങ്ങില്‍ വൈശാഖ് വിജയകുമാര്‍, അര്‍ഷദീപ് സിങ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും സ്റ്റോയ്ണിസ്, മാര്‍ക്കോ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. മെയ് ഒമ്പതിന് രാജസ്ഥാനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. ജയ്പൂരാണ് വേദി.

Content Highlight: Aakash Chopra Talking About Manav Suthar

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ