ബൗളിങ്ങില്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയെ മുംബൈ ഇന്ത്യന്‍സ് ആശ്രയിക്കേണ്ടി വരുമെന്ന് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാസ് ചോപ്ര. ലോകോത്തര ബൗളര്‍ക്ക് മത്സരത്തിന്റെ തുടക്കത്തിലും മധ്യത്തിലും ഒരോവറും അവസാന ഘട്ടത്തില്‍ രണ്ട് ഓവറും നല്‍കണമെന്ന് ചോപ്ര പറഞ്ഞു. താരത്തിന് പവര്‍പ്ലെയില്‍ ഒന്നിലധികം ഓവര്‍ നല്‍കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
‘ബൗളിങ്ങില്‍ മുംബൈ ബുംറയെ കുറച്ചുകൂടി ആശ്രയിക്കും, കാരണം ബുംറ ബുംറയാണ്. ലോകത്തില്‍ അദ്ദേഹത്തെപ്പോലെ മറ്റാരുമില്ല. അതിനാല്‍ തുടക്കത്തില്‍ ഒരു ഓവര്‍, മധ്യത്തില്‍ ഒരു ഓവര്‍, അവസാന ഘട്ടത്തില്‍ രണ്ട് ഓവര്‍ എന്നീ രീതിയില്‍ ബുംറയെ ഉപയോഗിക്കണം. അവരുടെ ബൗളിങ് അദ്ദേഹത്തെ ചുറ്റിപ്പറ്റിയായിരിക്കും.
പവര്‍പ്ലേയില്‍ ജസ്പ്രീത് ബുംറയെക്കൊണ്ട് ഒന്നിലധികം ഓവറുകള്‍ എറിയിക്കരുത്. അദ്ദേഹത്തെ ബുദ്ധിപൂര്‍വം ഉപയോഗിക്കുക. സ്വിങ് ബൗളിങ്ങില്‍ ട്രെന്റ് ബോള്‍ട്ടും ദീപക് ചഹറും ഉണ്ട്, എന്നിരുന്നാലും ട്രെന്റ് ബോള്‍ട്ടിന്റെ സമീപകാല ഫോം മികച്ചതല്ല. അദ്ദേഹക്കിന്റെ പ്രകടനം കുറഞ്ഞിട്ടുണ്ട്,’ ചോപ്ര പറഞ്ഞു.
ജസ്പ്രീത് ബുംറ
ഐ.പി.എല്ലില്‍ 145 ഇന്നിങ്‌സില്‍ നിന്ന് 183 വിക്കറ്റുകളാണ് സൂപ്പര്‍ താരം ബുംറ സ്വന്തമാക്കിയത്. 22.0 എന്ന ആവറേജും 7.25 എന്ന എക്കോണമിയുമാണ് താരത്തിനുള്ളത്. മൂന്ന് ഫോര്‍ഫറും രണ്ട് ഫൈഫറും ടൂര്‍ണമെന്റില്‍ ബുംറ തന്റെ പോക്കറ്റിലാക്കിയിട്ടുണ്ട്.
ലോകോത്തര പേസ് ബൗളര്‍ മുംബൈക്ക് വേണ്ടി നിര്‍ണായക റോളാണ് വഹിക്കുന്നത്. കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 4/22 എന്ന മികച്ച ബൗളിങ് പ്രകടനത്തിനൊപ്പം 6.68 എന്ന കിടിലന്‍ എക്കോണമിയും സീസണില്‍ താരത്തിനുണ്ട്. 17.56 എന്ന ആവറേജും 2025ല്‍ ബുംറ തന്റെ പോക്കറ്റിലാക്കിയിരുന്നു.
അതേസമയം ഐ.പി.എല്‍ 2026നുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. മാര്‍ച്ച് 28ന് ആരംഭിക്കുന്ന ക്രിക്കറ്റ് പൂരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ആദ്യ മത്സരം. എന്നാല്‍ ആരാധകരുടെ ഇഷ്ട ടീമായ മുംബൈ ഇന്ത്യന്‍സിന്റെ മത്സരം മാര്‍ച്ച് 29ന് വാംഖഡെയില്‍ വെച്ച് നടക്കും. മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയാണ് എതിരാളികള്‍.