ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. ട്രെന്റ് ബ്രിഡ്ജില്‍ നടക്കുന്ന മത്സരത്തില്‍ ഇന്ത്യ വിജയം മാത്രം ലക്ഷ്യം വെച്ചായിരിക്കും കളത്തിലിറങ്ങുക.
പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ ഇന്ത്യ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ പ്ലെയിങ് ഇലവനില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നത്.
മത്സരത്തിന് മുന്നോടിയായി ഇന്ത്യയുടെ ഇലവന്‍ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. മാത്രമല്ല ട്രെന്റ് ബ്രിഡ്ജിലെ കണക്കുകള്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെങ്കിലും രവി ബിഷ്‌ണോയിക്ക് ഇത്തവണ പുറത്തിരിക്കേണ്ടി വരുമെന്നും പ്രിന്‍സ് യാദവിലൂടെ വിക്കറ്റ് നേടണമെന്നും അദ്ദേഹം പറഞ്ഞു.
‘രസകരമായ കാര്യം, ട്രെന്റ് ബ്രിഡ്ജില്‍ പേസ് ബൗളര്‍മാരുടെ കണക്കുകള്‍ അത്ര മികച്ചതല്ല. അവിടെ സ്പിന്നര്‍മാരുടെ ബൗളിങ് ശരാശരി 21.4 ആണെങ്കില്‍, പേസര്‍മാരുടേത് ഏകദേശം 28 ആണ്. അതിനാല്‍ സ്പിന്നര്‍മാര്‍ അവിടെ മികച്ച പ്രകടനമാണ് നടത്തുന്നത്.
നമ്മുടെ ടീമില്‍ മൂന്ന് സ്പിന്നര്‍മാരുണ്ട്. പക്ഷേ മൂന്നുപേരും കളിക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. ട്രെന്റ് ബ്രിഡ്ജിലെ കണക്കുകള്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമാണെങ്കിലും, രവി ബിഷ്‌ണോയിക്ക് ഇത്തവണ പുറത്തിരിക്കേണ്ടി വരുമെന്നാണ് എന്റെ തോന്നല്‍.
ടീമില്‍ വരുണ്‍ ചക്രവര്‍ത്തിയെയും അക്‌സര്‍ പട്ടേലിനെയും മാത്രമേ സ്പിന്നര്‍മാരായി ഉള്‍പ്പെടുത്തൂ. വാഷിങ്ടണ്‍ സുന്ദറിനും ഇത്തവണ അവസരം ലഭിക്കില്ല. പകരം പ്രിന്‍സ് യാദവിനെ ടീമിലെടുക്കണം. പവര്‍പ്ലേയുടെ തുടക്കത്തില്‍ ട്രെന്റ് ബ്രിഡ്ജില്‍ പന്ത് കുറച്ചെങ്കിലും സ്വിങ് ചെയ്യും.
ആ സാഹചര്യം പ്രിന്‍സ് യാദവിലൂടെ പ്രയോജനപ്പെടുത്തി വിക്കറ്റുകള്‍ നേടണം. പവര്‍പ്ലേയില്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞാല്‍ മത്സരത്തിന്റെ കഥ തന്നെ മാറും. അതുകൊണ്ടാണ് ഞാന്‍ ഒരു മാറ്റം മാത്രമാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് പറയുന്നത്,’ തന്റെ യൂട്യൂബ് ചാനലിലൂടെ ആകാശ് ചോപ്ര പറഞ്ഞു.