ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങളടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. റിവര്‍സൈഡ് സ്റ്റേഡിയത്തിലാണ് മത്സരം. അയര്‍ലാന്‍ഡിനെതിരെയുള്ള ടി-20 പരമ്പരയിലെ ചരിത്ര തോല്‍വിക്ക് ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഇറങ്ങുന്നത്. എന്നാല്‍ ത്രീ ലയണ്‍സിനെതിരായ പരമ്പര സ്വന്തമാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങുന്നത്.
മത്സരത്തില്‍ വൈഭവ് സൂര്യവംശി അരങ്ങേറ്റം കുറിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇതിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. വൈഭവിന് ഒരു അവസരം നല്‍കേണ്ട ഒരു ഘട്ടമാണ് ഇതെന്നും അതിനായി അഭിഷേക്, സഞ്ജു എന്നിവരില്‍ ഒരാള്‍ക്ക് മൂന്ന് മത്സരങ്ങളും മറ്റേയാള്‍ക്ക് രണ്ട് മത്സരങ്ങളും നല്‍കണമെന്ന് ചോപ്ര പറഞ്ഞു.
‘അയര്‍ലാന്‍ഡിനോട് പരാജയപ്പെട്ടതിന് ശേഷമാണ് നിങ്ങള്‍ വരുന്നത്, അതിനാല്‍ വൈഭവിന് ഒരു അവസരം നല്‍കേണ്ട ഒരു ഘട്ടത്തിലേക്ക് നമ്മള്‍ എത്തിയിരിക്കുന്നു എന്നാണ് ഞാന്‍ കരുതുന്നത്. അടുത്ത അഞ്ച് മത്സരങ്ങളില്‍ അഭിഷേക്, സഞ്ജു എന്നിവരില്‍ ഒരാള്‍ക്ക് മൂന്ന് മത്സരങ്ങളും മറ്റേയാള്‍ക്ക് രണ്ട് മത്സരങ്ങളും നല്‍കണമെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ തീരുമാനിക്കാം, കൂടാതെ വൈഭവ് സൂര്യവംശിയെ അഞ്ച് മത്സരങ്ങളില്‍ കളിപ്പിക്കാനും അവന്‍ എന്താണ് ചെയ്യുന്നതെന്ന് കാണാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു,’ തന്റെ യൂട്യൂബ് ചാനലില്‍ ചോപ്ര പറഞ്ഞു.
ഐ.പി.എല്ലിലും ഇന്ത്യ എയ്ക്ക് വേണ്ടിയും മിന്നും പ്രകടനമാണ് 15 വയസുകാരനായ വൈഭവ് സൂര്യവംശി കാഴ്ചവെച്ചത്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 2026 ഐ.പി.എല്ലില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയാണ് താരം ലോക ശ്രദ്ധ പിടിച്ചുപറ്റിയത്. പേരുകേട്ട വമ്പന്‍ ബൗളര്‍മാരെ അടിച്ചുപറത്തിയ വൈഭവ് ടൂര്‍ണമെന്റിലെ രണ്ടാം സെഞ്ച്വറിയും സ്വന്തമാക്കിയിരുന്നു.
2026 ഐ.പി.എല്ലില്‍ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്.
സീസണില്‍ വൈഭവ് തന്നെയാണ് ഓറഞ്ച് ക്യാപ്പും കൈപ്പിടിയിലാക്കിയത്. ഇതിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്‌ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്‌സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു. ഈ തകര്‍പ്പന്‍ പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് വൈഭവ് ഇന്ത്യന്‍ ടീമിലെത്തിയത്.
വൈഭവ് കളത്തിലിറങ്ങിയാല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവിന്റെ പേരില്‍ കുറിക്കപ്പെടും. ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പേരിലുണ്ടായിരുന്ന റെക്കോഡാണ് 15കാരന് മുന്നില്‍ തകര്‍ന്ന് വീഴുക. 1989ല്‍ പാകിസ്ഥാനെതിരെയായിരുന്നു സച്ചിന്റെ അരങ്ങേറ്റം. 16 വയസും 205 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു സച്ചിന്റെ അരങ്ങേറ്റം.
Content Highlight: Aakash Chopra Talking About Abhishek Sharma, Sanju Samson And Vaibhav Sooryavanshi