അണ്‍ക്യാപ്പ്ഡ് ബൗളര്‍മാരുടെ ലിസ്റ്റില്‍ അവന്‍ ഒന്നാമന്‍; പ്രശംസയുമായി ആകാശ് ചോപ്ര
Cricket
അണ്‍ക്യാപ്പ്ഡ് ബൗളര്‍മാരുടെ ലിസ്റ്റില്‍ അവന്‍ ഒന്നാമന്‍; പ്രശംസയുമായി ആകാശ് ചോപ്ര
ശ്രീരാഗ് പാറക്കല്‍
Monday, 1st June 2026, 3:13 pm

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സൂപ്പര്‍ പേസര്‍ റാസിക് സലാമിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. അണ്‍ക്യാപ്പ്ഡ് ബൗളര്‍മാരുടെ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ അവന്‍ വീഴ്ത്തി മിന്നും പ്രകടനമാണ് റാസിക് ബെംഗളൂരുവിന് വേണ്ടി കാഴ്ചവെച്ചതെന്ന് ചോപ്ര പറഞ്ഞു.

‘നിങ്ങള്‍ 11 കളികളില്‍ വിജയിച്ചു, എട്ട് വ്യത്യസ്ത പ്ലെയര്‍ ഓഫ് ദി മാച്ച് വിജയികളെയും നിങ്ങള്‍ക്ക് ലഭിച്ചു. പക്ഷെ രണ്ടുപേര്‍ക്ക് ഒരിക്കലും അത് ലഭിച്ചില്ല, അതല്‍പം വേദനിപ്പിച്ചു. ഒരാള്‍ റാസിഖ് സലാം ദാര്‍ ആയിരുന്നു. അണ്‍ക്യാപ്പ്ഡ് ബൗളര്‍മാരുടെ വിഭാഗത്തില്‍ അദ്ദേഹം ഒന്നാം സ്ഥാനത്താണ്.

അവന്‍ കളി ഏകദേശം ഉപേക്ഷിച്ച നിലയിലായിരുന്നു. പുറംവേദന അനുഭവപ്പെട്ടതിനാല്‍ സംസ്ഥാന ടീമില്‍ നിന്ന് പുറത്താകുകയും ചെയ്തു. മുംബൈ ഇന്ത്യന്‍സിനുവേണ്ടി ഒരുപാട് കളിച്ചിട്ടുണ്ട്. അവനെ സഹായിക്കുമെന്ന് അവര്‍ പറഞ്ഞു. ആ മരം അവിടെ നട്ടുപിടിപ്പിച്ചു, പക്ഷെ ഫലങ്ങള്‍ അവന്‍ ബെംഗളൂരുവില്‍ നല്‍കി, പക്ഷേ അതാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭംഗി,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ഐ.പി.എല്‍ 2026ലെ കലാശക്കൊട്ടില്‍ ഗുജറാത്തിനെതിരെ മിന്നും പ്രകടനമാണ് റാസിഖ് സലാം കാഴ്ചവെച്ചത്. നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 6.75 എന്ന കിടിലന്‍ എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

അതേസമയം ഫൈനലില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബെംഗളൂരുവിന്റെ മുന്നില്‍ വെച്ചുനീട്ടിയത്. മറുപടിക്ക് ഇറങ്ങിയ ആര്‍.സി.ബി 12 പന്തുകള്‍ ബാക്കി നില്‍ക്കെ ടാര്‍ഗറ്റ് മറികടക്കുകയായിരുന്നു. വിരാട് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിമികവിലാണ് ബെംഗളൂരു വിജയത്തിലെത്തിയത്.

Content Highlight: Aakash Chopra Praises Rasikh Salam

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ