ഇന്ത്യയുടെ കിരീടമല്ല, അടുത്ത 10 ലോകകപ്പ് കഴിഞ്ഞാലും ആരും ഈ നിമിഷം മറക്കില്ല; ആകാശ് ചോപ്ര
Cricket
ഇന്ത്യയുടെ കിരീടമല്ല, അടുത്ത 10 ലോകകപ്പ് കഴിഞ്ഞാലും ആരും ഈ നിമിഷം മറക്കില്ല; ആകാശ് ചോപ്ര
ശ്രീരാഗ് പാറക്കല്‍
Wednesday, 11th March 2026, 1:24 pm

2026 ടി-20 ലോകകപ്പിലെ തന്റെ ഏറ്റവും ഇഷ്ടപ്പെട്ട നിമിഷം തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. സൗത്ത് ആഫ്രിക്ക – അഫ്ഗാനിസ്ഥാന്‍ മത്സരത്തിലെ ഇരട്ട സൂപ്പര്‍ ഓവറാണ് തന്റെ ഏറ്റവും ഇഷ്ടപ്പെട്ട നിമിഷമെന്നും അടുത്ത എട്ട്, പത്ത് പതിപ്പുവരെ ഈ മത്സരം ഓര്‍മിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

‘ജീവിതത്തിലുടനീളം ഓര്‍മയില്‍ സൂക്ഷിക്കുന്ന ചില നിമിഷങ്ങളുണ്ട്. അതിലൊന്നാണ് ആ ഇരട്ട സൂപ്പര്‍ ഓവര്‍. 10 പതിപ്പുകള്‍ മുമ്പാണ് ഒരു ബൗള്‍-ഔട്ട് കഴിഞ്ഞ്, പക്ഷേ എല്ലാവരും ഇപ്പോഴും ആ ബൗള്‍-ഔട്ട് ഓര്‍ക്കുന്നു. മറ്റ് ടൈ ഗെയിമുകളും സൂപ്പര്‍ ഓവറുകളും ഉണ്ടാകും, പക്ഷേ ഒരു ഇരട്ട സൂപ്പര്‍ ഓവര്‍, അത് അപൂര്‍വമാണ്.

ഇരട്ട സൂപ്പര്‍ ഓവര്‍ ഉണ്ടാകാനുള്ള സാധ്യത വളരെ അപൂര്‍വമായതിനാല്‍ അടുത്ത എട്ട് അല്ലെങ്കില്‍ പത്ത് പതിപ്പുകളില്‍ ഞങ്ങള്‍ ഇത് ഓര്‍മിച്ചേക്കാം. അതിനാല്‍ അഫ്ഗാനിസ്ഥാന്‍-സൗത്ത് ആഫ്രിക്ക മത്സരം മികച്ചതായിരുന്നു. ആ മത്സരത്തില്‍ വളരെയധികം കാര്യങ്ങള്‍ സംഭവിച്ചു,’ ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ രണ്ട് സൂപ്പര്‍ ഓവറുകള്‍ക്കൊടുവില്‍ പ്രോട്ടിയാസ് പട വിജയം സ്വന്തമാക്കിയിരുന്നു സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 187 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്‍ രണ്ട് പന്ത് അവശേഷിക്കെ 187ന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

തുടര്‍ന്ന് ആദ്യ സൂപ്പര്‍ ഓവറില്‍ 17 റണ്‍സെടുക്കുകയായിരുന്നു അഫ്ഗാന്‍. അസ്മത്തുള്ള ഒമര്‍സായിയുടെ 16 റണ്‍സിന്റെ കരുത്തിലായിരുന്നു ടീം സ്‌കോര്‍ ഉയര്‍ത്തിയത്. മറുപടിക്കിറങ്ങിയ പ്രോട്ടിയാസ് സൂപ്പര്‍ ഓവര്‍ ടൈയില്‍ എത്തിക്കുകയായിരുന്നു. ശേഷം രണ്ടാം സൂപ്പര്‍ ഓവറില്‍ കളത്തിലിറങ്ങിയ പ്രോട്ടിയാസ് ഡേവിഡ് മില്ലറിന്റെ വെടിക്കെട്ട് ബാറ്റിങ്ങിലും (നാല് പന്തില്‍ 16 റണ്‍സ്) ട്രിസ്റ്റന്‍ സ്റ്റബ്സിന്റെ ഏഴ് റണ്‍സ് സംഭാവനയിലും 23 റണ്‍സ് അടിച്ചെടുത്തു.

രണ്ടാം സൂപ്പര്‍ ഓവറില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ സ്‌കോര്‍ മറികടക്കാനിറങ്ങിയ മുഹമ്മദ് നബി രണ്ട് പന്തില്‍ റണ്‍സ് നേടാതെ മടങ്ങിയതോടെ ആരാധകര്‍ ഒരു നിമിഷം നിശബ്ദമായി. എന്നാല്‍ ക്രീസിലെത്തിയ അസ്മത്തുള്ള നാല് പന്തില്‍ മൂന്ന് സിക്സുകള്‍ ഉള്‍പ്പെടെ 18 റണ്‍സ് നേടിയെങ്കിലും അവസാന പന്തില്‍ സിക്സറിന് ശ്രമിച്ച് ഡേവിഡ് മില്ലറിന്റെ കയ്യിലാകുകയായിരുന്നു.

 

Content Highlight: Aakash Chopra Picks His Favorite Moment In T20 World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ