ഇതെന്ത് ക്യാപ്റ്റന്‍സി; ഋതുരാജ് ഗെയ്ക്വാദിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര
Cricket
ഇതെന്ത് ക്യാപ്റ്റന്‍സി; ഋതുരാജ് ഗെയ്ക്വാദിനെ വിമര്‍ശിച്ച് ആകാശ് ചോപ്ര
ശ്രീരാഗ് പാറക്കല്‍
Sunday, 19th April 2026, 11:31 am

ഐ.പി.എല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പരാജയത്തിന് പിന്നാലെ ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ചെന്നൈയുടെ ബൗളിങ് യൂണിറ്റിനെ ഋതുരാജിന് കൃത്യമായി ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ലെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. വിക്കറ്റ് നേടിയ മുകേഷ് ചൗദരിക്ക് ഒരു ഘട്ടത്തില്‍ ഓവര്‍ നല്‍കിയില്ലെന്നും അന്‍ഷുല്‍ കാംബോജിന്റെ ക്വാട്ട തീര്‍ത്തില്ലെന്നും ചോപ്ര പറഞ്ഞു. മാത്രമല്ല മാത്യു ഷോര്‍ട്ടിന് പവര്‍പ്ലെയില്‍ മൂന്ന് ഓവര്‍ നല്‍കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഋതുരാജിനോട് എനിക്ക് ഒരു ചോദ്യമുണ്ട്. മുകേഷ് ചൗധരി ഹാട്രിക് നേടിയിരുന്നു, പക്ഷേ നിങ്ങള്‍ ഒരു ഘട്ടത്തിലും അദ്ദേഹത്തിന് മറ്റൊരു ഓവര്‍ നല്‍കിയില്ല, അത് അതിശയകരമാണ്. രണ്ടാമതായി, ജെയ്മി ഓവര്‍ട്ടണിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച നിങ്ങളുടെ മികച്ച ഫോം ബൗളര്‍ അന്‍ഷുല്‍ കാംബോജ് തന്റെ ഓവറുകള്‍ പൂര്‍ത്തിയാക്കിയില്ല.

ആദ്യ ഓവറില്‍ 15 റണ്‍സ് വഴങ്ങിയതിനുശേഷം അദ്ദേഹം മികച്ച രീതിയില്‍ തിരിച്ചെത്തി, നിങ്ങള്‍ക്ക് അദ്ദേഹത്തെ കൂടുതല്‍ ഉപയോഗിക്കാമായിരുന്നു. പിന്നെ മാത്യു ഷോര്‍ട്ട്, ഇതൊരു ക്ലാസിക് കെണിയാണ്. ഒരു പാര്‍ട്ട് ടൈമര്‍ ഒന്നോ രണ്ടോ നല്ല ഓവറുകള്‍ എറിയുന്നുണ്ടെങ്കില്‍ പവര്‍പ്ലേയില്‍ അദ്ദേഹത്തിന് മൂന്നാമത് ഓവര്‍ നല്‍കരുത്.

മുന്‍നിര ബൗളര്‍മാര്‍ പോലും അവിടെ ബുദ്ധിമുട്ടുന്നു, ആ മൂന്നാം ഓവര്‍ 25 റണ്‍സിന് പോയി. സത്യം പറഞ്ഞാല്‍, ഇത് എങ്ങനെയുള്ള ക്യാപ്റ്റന്‍സിയായിരുന്നു? എനിക്ക് മനസിലാകാത്ത കാര്യമാണിത്,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.ചെന്നൈ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്

അതേസമയം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10 റണ്‍സിനാണ് ഹൈദരാബാദ് ചെന്നൈയെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സാണ് നേടാന്‍ സാധിച്ചത്.

ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം നടത്തിയത് അഭിഷേക് ശര്‍മയും ഹെന്റിക്ക് ക്ലാസനുമാണ്. 22 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 59 റണ്‍സ് നേടിയാണ് അഭിഷേക് തിളങ്ങിയത്. ക്ലാസന്‍ 39 പന്തില്‍ 59 റണ്‍സാണ് നേടിയത്. ആറ് ഫോറുകളും രണ്ട് സിക്‌സുമാണ് താരം സ്വന്തമാക്കിയത്.

ചെന്നൈക്കായി അന്‍ഷുല്‍ കാംബോജ്, ഓവര്‍ട്ടണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റുകളും മുകേഷ് ചൗധരി രണ്ട് വിക്കറ്റും സ്വന്തമാക്കി. ഗുര്‍ജപ്നീത് സിങ് ഒരു വിക്കറ്റും നേടി.

ഏപ്രില്‍ 21നാണ് ഹൈദരാബാദ് തങ്ങളുടെ അടുത്ത മത്സരത്തിനിറങ്ങുന്നത്. ദല്‍ഹി ക്യാപ്പിറ്റല്‍സാണ് എതിരാളികള്‍. ഏപ്രില്‍ 23ന് നടക്കുന്ന മത്സരത്തില്‍ ചെന്നൈ മുംബൈ ഇന്ത്യന്‍സിനെയും നേരിടും.

 

Content Highlight: Aakash Chopra Criticize Ruturaj Gaikwad’s Captaincy

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ