ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള സ്ക്വാഡില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം യശസ്വി ജെയ്സ്വാളിനെ തഴഞ്ഞതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര.
ജെയ്സ്വാള്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നും സെഞ്ച്വറികള്‍ നേടി കഴിവ് തെളിയിച്ചിട്ടും ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ പോലും ജെയ്സ്വാളിനെ ഉള്‍പ്പെടുത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല ഒരു മൂന്നാം ഓപ്പണറായെങ്കിലും ജെയ്സ്വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിക്കൂടായിരുന്നോ എന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചു.

2026 ജൂണില്‍ അഫ്ഗാനിസ്ഥാനെതിരായ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ ജെയ്സ്വാള്‍
‘ആ താരം ഇനിയും എന്താണ് ചെയ്യേണ്ടത്? ഒരു താരത്തിന് അവസരങ്ങള്‍ കുറവായി ലഭിക്കുമ്പോള്‍, ലഭിക്കുന്ന അവസരങ്ങള്‍ അയാള്‍ എങ്ങനെ വിനിയോഗിക്കുന്നു എന്ന് നോക്കണം. അപ്പോള്‍ അയാള്‍ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്ന് മനസിലാകും. സെഞ്ച്വറികള്‍ നേടുന്നുണ്ട്, എന്നിട്ടും ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ പോലും ആ താരത്തിന്റെ പേര് ഇല്ല. അതാണ് ഇവിടെ പ്രശ്നം.
കാരണം, യശസ്വി ജെയ്സ്വാളിന് ഇതിനപ്പുറം എന്താണ് ചെയ്യാന്‍ കഴിയുക? ടീമില്‍ സ്പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍ രണ്ടുപേര്‍ മാത്രമാണുള്ളത്. അങ്ങനെയെങ്കില്‍, മൂന്നാമത്തെ ഓപ്പണറായി യശസ്വിയെ ടീമില്‍ ഉള്‍പ്പെടുത്തിക്കൂടേ?
ഒരു ഘട്ടത്തിലെങ്കിലും ഒരാള്‍ യശസ്വിയുടെ ഭാഗത്തുനിന്ന് ചിന്തിക്കണം. നമ്മള് യശസ്വിയോട് ചെയ്യുന്നത് എന്താണ്? നമ്മള് ചെയ്യുന്ന ഈ കാര്യങ്ങള്‍ അദ്ദേഹത്തോട് വിശദീകരിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ? നമ്മുടെ തീരുമാനങ്ങളെ അദ്ദേഹത്തിന് മുന്നില്‍ ന്യായീകരിക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ?,’ ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
അതേസമയം കിവീസിനെതിരായ അഞ്ച് ഏകദിന മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നവംബര്‍ നാലിനാണ് ആരംഭിക്കുന്നത്.
ന്യൂസിലാന്‍ഡിനെതിരായ ആദ്യ മൂന്ന് ഏകദിനങ്ങള്‍ക്കുള്ള സ്ക്വാഡ്
ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, അന്‍ഷുല്‍ കാംബോജ്, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, ഇഷാന് കിഷന്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്.
ന്യൂസിലാന്‍ഡിനെതിരായ നാലും അഞ്ചും ഏകദിനങ്ങള്‍ക്കുള്ള സ്ക്വാഡ്
ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, വിരാട് കോഹ്ലി, തിലക് വര്‍മ, ഇഷാന് കിഷന്, നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍, നമന്‍ ധിര്‍, ആഖിബ് നബി, ഗുര്‍നൂര്‍ ബ്രാര്‍, ഋതുരാജ് ഗെയ്ക്വാദ്, അര്‍ഷ്ദീപ് സിങ്, കുമാര്‍ കുശാഗ്ര, മുഹമ്മദ് സിറാജ്, യാഷ് താക്കൂര്‍, കുല്‍ദീപ് യാദവ്.
Content Highlight: Aakash Chopra Criticize Indian Team Management Not Including Yashasvi Jaiswal In ODI Series Against New Zealand
