ഐ.പി.എല്‍ 2026 സൂപ്പര്‍ താരം പൃഥ്വി ഷായ്ക്ക് തന്റെ കഴിവ് തെളിയിക്കാനും തിരിച്ചുവരവിനുമുള്ള അവസരമാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായ ആകാശ് ചോപ്ര.
2025-ലെ മെഗാ ലേലത്തില്‍ ആരും വാങ്ങാതിരുന്ന ഷായെ ഇത്തവണ മിനി ലേലത്തില്‍ അടിസ്ഥാന വിലയായ 75 ലക്ഷം രൂപയ്ക്കാണ് ദല്‍ഹി ക്യാപിറ്റല്‍സ് ടീമിലെത്തിച്ചത്. ഈ ലേലത്തിന് മുമ്പ് ക്രിക്കറ്റ് ലോകം അവനെ പൂര്‍ണമായും മറന്നുപോയിരുന്നുവെന്ന് ആകാശ് ചോപ്ര പറയുന്നു.
‘പൃഥ്വി ഷായെ സംബന്ധിച്ച് ഇത് വളരെ മികച്ച ഒരു അവസരമാണ്. ഈ ലോകം അവനെ പൂര്‍ണമായും മറന്നുപോയിരുന്നു. എന്നാല്‍ അവന്‍ കഠിനാധ്വാനം ചെയ്ത് തിരിച്ചുവന്നു. അവനെ സംബന്ധിച്ച് ഇതൊരു വലിയ അവസരമാണ്. ഇത് അവന്‍ രണ്ട് കൈകൊണ്ടും പിടിച്ചെടുക്കേണ്ടതുണ്ട്,’ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ചോപ്ര പറഞ്ഞു.
അടുത്ത സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ച താരമായിരുന്നു ഷാ. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും താരത്തിന്റെ കരിയര്‍ ഗ്രാഫ് കുത്തനെ താഴേക്ക് വീണു.
പൃഥ്വി ഷാ
ഐപിഎല്ലില്‍ ഇതുവരെ 79 മത്സരങ്ങളില്‍ നിന്നായി 1,892 റണ്‍സാണ് ഷായുടെ സമ്പാദ്യം.
ഇതിന് പുറമെ ജമ്മു സൂപ്പര്‍ പേസര്‍ ആഖിബ് നബിക്ക് തന്റെ കഴിവുകള്‍ ലോകത്തിന് മുമ്പില്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരവും ഐ.പി.എല്‍ ഒരുക്കുമെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.
ആഖിബ് നബി
‘ആഖിബ് നബിക്ക് മാത്രമല്ല, ഇത് കശ്മീരിന് മൊത്തമായി ലഭിച്ച അവസരമാണ്. എട്ട് കോടിയിലധികം രൂപയ്ക്കാണ് ദല്‍ഹി അവനെ ടീമിലെത്തിച്ചത്. അവന്‍ തീര്‍ച്ചയായും ബുദ്ധിമുട്ടേറിയ ചുമതല തന്നെയായിരിക്കും ഏറ്റെടുക്കേണ്ടി വരിക. കാരണം അവര്‍ക്ക് മറ്റൊരു ന്യൂ ബോള്‍ ബൗളറില്ല. ന്യൂ ബോളില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം പന്തെറിഞ്ഞ് നീ പ്രശസ്തി നേടിയെടുക്കൂ. ആകാശം മാത്രമാണ് നിനക്കുള്ള അതിര്‍വരമ്പ്,’ ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.