ഇരിങ്ങാലക്കുട കുടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി
Kerala News
ഇരിങ്ങാലക്കുട കുടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചു; സുരേഷ് ഗോപിക്കെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th April 2024, 4:58 pm

തൃശൂര്‍: ഇരിങ്ങാലക്കുട കുടല്‍മാണിക്യം ക്ഷേത്രത്തില്‍ അഹിന്ദുവിനെ പ്രവേശിപ്പിച്ചെന്ന് ആരോപിച്ച് ത്യശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്കെതിരെ പരാതി.

ചാലക്കുടി സ്വദേശിയാണ് ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് പരാതി നല്‍കിയത്. ബി.ജെ.പി നേതാവ് ലിഷോണ്‍ ജോസ് കാട്ട്‌ള സുരേഷ് ഗോപിക്കൊപ്പം ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് പരാതി നല്‍കിയത്.

ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ച നേതാവാണ് ലിഷോണ്‍ ജോസ് കാട്ട്‌ള. ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് ലിഷോണിനും സുരേഷ് ഗോപിക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ പറയുന്നത്.

അടുത്തിടെ കൊടകര കുഴല്‍പണക്കേസില്‍ സുരേഷ് ഗോപിക്ക് 6.60 കോടി രൂപ നല്‍കിയിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ജെ.ഡി സംസ്ഥാന സെക്രട്ടറി സലീം മടവൂര്‍ രംഗത്തെത്തിയിരുന്നു.

കൊടകര കുഴല്‍പ്പണക്കേസിലെ പ്രതിയും സാക്ഷിയും ബി.ജെ.പി പ്രവര്‍ത്തകനുമായ ധര്‍മരാജാണ് സുരേഷ് ഗോപിക്കെതിരെ മൊഴി നല്‍കിയത്. കൊടകരയില്‍ 6 കോടി 80 ലക്ഷം രൂപയുടെ കുഴല്‍പണം സുരേഷ് ഗോപിക്ക് നല്‍കിയിട്ടുണ്ടെന്നായിരുന്നു ധര്‍മരാജന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ അയോഗ്യനാക്കണമെന്ന് സലീം മടവൂര്‍ ആവശ്യപ്പെട്ടത്.

Content Highlight: Non Hindu in Iringalakuda koodalmanikyam temple; Complaint against Suresh Gopi